
ന്യൂദല്‍ഹി: പ്രധാമന്ത്രിപദം ഏറ്റെടുത്ത ആദ്യവര്‍ഷങ്ങളില്‍ മോദി നിരന്തരം വിദേശരാജ്യങ്ങളില്‍ യാത്രചെയ്യുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ വികസനത്തിലേക്ക് കുതിപ്പിക്കാനുള്ള വഴികള്‍ തേടിയാണ് ഈ നേതാവ് രാജ്യരാജ്യാന്തരങ്ങളില്‍ കറങ്ങിയതെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് ബോധ്യമായിക്കാണും. ഇപ്പോഴിതാ ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിന്റെ അടുത്ത സുഹൃത്തായ മോദി മറ്റൊരു വലിയ കാര്യം ഇന്ത്യയ്‌ക്ക് നേടിയെടുത്തിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ഭീകരപരിശീലനകേന്ദ്രങ്ങളെ ആക്രമിച്ച റഫാല്‍ യുദ്ധവിമാനത്തിന്റെ ഉല്‍പാദനകേന്ദ്രം മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ വരുന്നു. വര്‍ഷത്തില്‍ 24 റഫാല്‍ വിമാനങ്ങള്‍ വീതം ഈ കേന്ദ്രത്തില്‍ നിര്‍മ്മിക്കും. റഫാലിന്റെ ഘടകഭാഗങ്ങളും സാങ്കേതികവിദ്യയും നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയുടെ ടാറ്റ, മഹിന്ദ്ര, ഡൈനാമിക്, എല്‍ആന്‍റ് ടി എന്നീ കമ്പനികളും പങ്കാളികളാകും. അധികം വൈകാതെ ഇന്ത്യ ലോകത്തിലെ എണ്ണം പറഞ്ഞ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമായി ഇതിലൂടെ മാറുന്ന കാലം വിദൂരമല്ല.
ഇപ്പോള്‍ 3.25 ലക്ഷം കോടി രൂപ ചെലവില്‍ ഇന്ത്യ 114 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സിന്റെ കയ്യില്‍ നിന്നും വാങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ സംഭരണ കൗണ്‍സില്‍ (ഡിഫന്‍സ് പ്രൊക്യുര്‍മെന്‍റ് കൗണ്‍സില്‍) പച്ചക്കൊടി വീശിക്കഴിഞ്ഞു. ഇന്ത്യ ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ പ്രതിരോധക്കരാറായിരിക്കും ഇത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതും കഴിഞ്ഞ് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന കാബിനറ്റ് സുരക്ഷാസമിതിയുടെ കൂടി അന്തിമ അനുമതി ലഭിച്ചാലേ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകൂ.
ഓപ്പറേഷന്‍ സിന്ദൂറില്‍ റഫാലില്‍ നിന്നും മൂളിപ്പറന്ന മിസൈലുകളാണ് പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെ തകര്‍ത്തത്. അതേ സമയം പാകിസ്ഥാന്‍ ഉപയോഗിച്ച ചൈനയുടെ മിസൈലുകള്‍ക്കോ യുദ്ധവിമാനങ്ങള്‍ക്കോ റഫാലിനെ തൊടാന്‍ കഴിഞ്ഞില്ല. പതുങ്ങിയിരുന്ന് ആക്രമിക്കാനും തിരിഞ്ഞും മറിഞ്ഞു പറക്കാനും ഉള്ള റഫാലിന്റെ പകര്‍ന്നാട്ടം അന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ കാട്ടിത്തന്നു. അന്ന് റഫാലിന്റെ ഖ്യാതി പരക്കാതിരിക്കാന്‍ ചൈന കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. മൂന്ന് റഫാല്‍ യുദ്ധവിമാനത്തെ പാകിസ്ഥാന്‍ ഉപയോഗിച്ച ചൈനയുടെ ജെ10 സി യുദ്ധവിമാനം വെടിവെച്ച് വീഴ്‌ത്തി എന്നതായിരുന്നു ചൈന പരത്തിയ കള്ളക്കഥ. പക്ഷെ ഇത് വെറും കള്ളക്കഥയാണെന്ന് പിന്നീട് യുഎസ് ഇക്കണോമിക് ആന്‍റ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തുറന്നു കാണിച്ചു. റഫാലിന്റെ വില്‍പന ഇടിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ചൈനയുടെ ഈ കള്ളപ്രചാരണം.
2016ല്‍ വാങ്ങിയ 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ കയ്യില്‍ ഉള്ളത്. ഇത് വ്യോമസേനയ്‌ക്ക് വേണ്ടിയുള്ള റഫാല്‍ ആയിരുന്നു. പിന്നീട് 2025 ഏപ്രിലില്‍ നാവികസേനയ്‌ക്ക് വേണ്ടി 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങി. ഇന്ത്യയുടെ യുദ്ധക്കപ്പലുകളിലാണ് ഈ റഫാല്‍ യുദ്ധവിമാനങ്ങള്‍ വിശ്രമിക്കുന്നത്. ഇനി പുതുതായി 114 യുദ്ധവിമാനങ്ങള്‍ കൂടിയായാല്‍ ആകെ റഫാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും.
പുതുതായി വാങ്ങുന്ന 114 യുദ്ധവിമാനങ്ങളില്‍ 12 മുതല്‍ 18 വരെ റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മ്മിച്ചവ നേരിട്ടാണ് വാങ്ങുക. ബാക്കി 96 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതാണ് നാഗ്പൂരിലെ പുതിയ പ്ലാന്‍റില്‍ സ്ഥാപിക്കുക. ഇപ്പോള്‍ ഫ്രാന്‍സിലാണ് റഫാലിന്റെ പ്രധാന നിര്‍മ്മാണഫാക്ടറി. രണ്ടാമത്തേതാണ് നാഗ്പൂരില്‍ നിര്‍മ്മിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ കൂടി വരുന്നതിനാല്‍ ഇന്ത്യയിലെ നിര്‍മ്മാണപ്ലാന്‍റിനെക്കൂടി ഫ്രാന്‍സ് ഭാവിയില്‍ ആശ്രയിക്കും.
മാത്രമല്ല, ഇന്ത്യ ഇനി മുതല്‍ വിദേശത്ത് നിന്നും ഏത് ആയുധങ്ങള്‍ വാങ്ങിയാലും അതിനെ ഇന്ത്യയുടെ തദ്ദേശീയമായ ആവശ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തേ ഉപയോഗിക്കൂ. റഫാല്‍ യുദ്ധവിമാനത്തിന്റെ കാര്യത്തിലും ഇന്ത്യയ്‌ക്ക് ആവശ്യമായ മാറ്റങ്ങള്‍ ഇന്ത്യ വരുത്തും. തദ്ദേശീയമായി സാങ്കേതികവിദ്യകളില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ഫ്രാന്‍സ് ഒരുക്കവുമാണ്. എയ്റോ സ്ട്രക്ചര്‍, എവിയോണിക്സ്, കംപോസിറ്റ്സ്, വൈറിങ്ങ് ഹാര്‍നസ് മുതലായ മേഖലകളില്‍ ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ റഫാലിനെ സഹായിക്കും. ടാറ്റ എയ്റോസ്പേസ്, എല്‍ആന്‍റ് ടി, മഹീന്ദ്ര, ഡൈനാമിക് തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഇനി ആഗോളതലത്തില്‍ വിതരണം ചെയ്യുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ ഭാഗമാകും.
മോദിയ്‌ക്ക് വേറെയും ചില ലക്ഷ്യങ്ങളുണ്ട്. ഇന്ത്യ തദ്ദേശീയമായി ഒരു അഞ്ചാം തലമുറ യുദ്ധവിമാനം പൂര്‍
ണ്ണമായും തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുണ്ട്. സ്വന്തമായി ഒരു ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള പാതയില്‍ റഫാല്‍ പ്ലാന്‍റ് ഇന്ത്യയെ ഏറെ സഹായിക്കും. മാത്രമല്ല, യുദ്ധവിമാനത്തിനെ ചലിപ്പിക്കുന്ന എഞ്ചിന്‍ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. ഭാവിയില്‍ സഫ്രാന്‍ എന്ന ഫ്രഞ്ച് കമ്പനിയുമായി ചേര്‍ന്ന് ഈ എഞ്ചിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. നാഗ്പൂരില്‍ നിര്‍മ്മിക്കുന്ന റഫാല്‍ യുദ്ദവിമാനത്തിന് എഞ്ചിന്‍ നിര്‍മ്മിക്കുക സഫ്രാന്‍ ആയിരിക്കും. ഈ എഞ്ചിന്‍ നിര്‍മ്മാണത്തിന് ടാറ്റ, മഹിന്ദ്ര, എല്‍ആന്‍റ് ടി എന്നീ കമ്പനികളും സഫ്രാനെ സഹായിക്കും. ഫലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ ഈ എഞ്ചിന്‍ നിര്‍മ്മാണ വൈദഗ്ധ്യം ക്രമേണ സ്വന്തമാക്കും. അതോടെ ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു അഞ്ചാം തലമുറ യുദ്ധവിമാനവും തേജസ് മാര്‍ക് 2 യുദ്ധവിമാനവും നിര്‍മ്മിക്കുക എളുപ്പമാവും.