ന്യൂദല്‍ഹി: മോദിയുടെ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ക്ക് ഇന്ത്യയ്‌ക്കൊപ്പം നിലകൊണ്ട് യുഎഇ. ശ്രീലങ്കയില്‍ നിന്നും ചൈനയെ അകറ്റാനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ ഊര്‍ജ്ജ പദ്ധതികളില്‍ യുഎഇ പങ്കാളികളായി. വിശ്വാസം അതല്ലേ എല്ലാം എന്ന് പറയാന്‍ തോന്നന്നതുപോലെയാണ് യുഎഇ-മോദി ബന്ധം.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ സാന്നിധ്യം കുറയ്‌ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയുടെ ട്രിങ്കോമാലിയില്‍ ഒരു ഊര്‍ജ്ജ ഹബ് തന്നെ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് കഴിഞ്ഞ ദിവസം ഇന്ത്യ ശ്രീലങ്കയുമായി കരാറില്‍ ഒപ്പിട്ടത്. ഒരു മള്‍ട്ടി പ്രോഡക്ട് പൈപ്പ് ലൈനാണ് ഇവിടെ സ്ഥാപിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ശ്രീലങ്കയിലെ ശാഖയുടെ സബ്സിഡിയറി കയ്യില്‍ വെച്ചിരിക്കുന്ന രണ്ടാം ലോകമഹായുദ്ധ ടാങ്ക് ഫാമും ഈ പദ്ധതിയ്‌ക്കായി ഉപയോഗപ്പെടുത്തും. ഈ പദ്ധതിയില്‍ യുഎഇ ഇന്ത്യയ്‌ക്കൊപ്പം പണം നിക്ഷേപിക്കും. തെക്കന്‍ ഏഷ്യയെ മുഴുവന്‍ ഉള്‍പ്പെടുത്തുന്നതാണ് ഈ ഊര്‍ജ്ജ ഹബ്. യുഎഇയുടെ ശ്രീലങ്കന്‍ പ്രതിനിധി ഖാലിദ് നാസര്‍ അല്‍ അമേരിയും മോദിയ്‌ക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യയുമായി വളരെ അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ് യുഎഇ. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന അഞ്ചാമത്തെ രാജ്യം യുഎഇയാണ്. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര്യ വ്യാപാര കരാറും നിലവിലുണ്ട്. ഇന്ത്യയും ചൈനയും ശ്രീലങ്കയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ യുഎഇ കൂടി ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നത് നേട്ടമാണ്.
അബുദാബി കിരീടരാജാവ് ഷേഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാനും യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാനും മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. മോദിയില്‍ ഇവര്‍ക്കുള്ള വിശ്വാസം ആഴത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ മോദി പറയുന്ന എന്ത് പദ്ധതിയിലും ഇവര്‍ പണം മുടക്കാന്‍ തയ്യാറുമാണ്. ജമ്മു കശ്മീരില്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്മീരില്‍ ഭൂമിവാങ്ങുന്നതിനും ബിസിനസ് ആരംഭിയ്‌ക്കുന്നതിനും യുഎഇയില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങള്‍ എത്തുന്നത് മോദിയെ വിശ്വാസിച്ചാണ്. യുഎസിലും യുകെയിലും ഉള്‍പ്പെടെ വന്‍തുക നിക്ഷേപിച്ച് കൈപൊള്ളിയ ചരിത്രം യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാനുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ നിക്ഷേപിച്ച തുക ബാങ്ക് പൊളിഞ്ഞതിനാല്‍ നഷ്ടപ്പെട്ടതിന്റെ ദുരനുഭവവും ഇവര്‍ക്കുണ്ട്. എന്നാല്‍ മോദിയുടെ നിക്ഷേപങ്ങള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് ഇവര്‍ കരുതുന്നു.
അബുദാബിയില്‍ വലിയ ഇന്ത്യന്‍ ഹിന്ദു ക്ഷേത്രം പണിയാന്‍ അബുദാബി അംഗീകാരം കൊടുത്തതിന് പിന്നിലും മോദിയോടുള്ള ഇവരുടെ പ്രിയവും ഒരു ഘടകമാണ്. ബിഎപിഎസ് സ്വാമിനാരായണ സൻസ്ത നിർമ്മിച്ച സ്വാമി നാരായണ്‍ ക്ഷേത്രം അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദുക്ഷേത്രമാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മന്ദിറിനായി 27 ഏക്കർ ഭൂമിയാണ് സമ്മാനമായി നൽകിയത് .