
ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി തന്ത്രപരമായ നീക്കവുമായി യുഎസ് . അത്യാധുനിക എഫ് -22 റാപ്റ്റർ യുദ്ധവിമാനങ്ങൾ അമേരിക്ക ആദ്യമായി ഇസ്രായേലിൽ വിന്യസിച്ചു. ഇറാനെച്ചൊല്ലി മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സമയത്താണ് ഈ നീക്കം.
റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഒവ്ദ വ്യോമതാവളത്തിൽ 11 യുഎസ് എഫ്-22 റാപ്റ്റർ ജെറ്റുകൾ വിന്യസിച്ചിട്ടുണ്ട്. ഇറാനെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു തന്ത്രമായിട്ടാണ് ഇതിനെ കാണുന്നത്. ഈ വിന്യാസം സാധ്യമായ സൈനിക നടപടിക്കുള്ള തയ്യാറെടുപ്പുകളുടെ സൂചനയായിരിക്കുമെന്ന് വിദഗ്‌ദ്ധർ പറയുന്നു.
ചരിത്രത്തിലാദ്യമായി, സംയുക്ത അഭ്യാസങ്ങളോ പരിശീലന പരിപാടികളോ ഇല്ലാതെ നേരിട്ടുള്ള യുദ്ധോദ്ദേശ്യ ദൗത്യങ്ങൾക്കായി യുഎസ് ഇസ്രായേൽ മണ്ണിൽ തങ്ങളുടെ യുദ്ധവിമാനങ്ങൾ വിന്യസിച്ചതായാണ് റിപ്പോർട്ട് . ഈ നീക്കം യുഎസും ഇസ്രായേലും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപരമായ സഹകരണത്തെയും എടുത്ത് കാണിക്കുന്നു.
ലോകത്തിലെ ഏറ്റവും മാരകവും നൂതനവുമായ യുദ്ധവിമാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് എഫ്-22 റാപ്റ്റർ. ശത്രു റഡാറുകളിൽ നിന്ന് വഴുതി മാറാനും, കൃത്യമായ ആക്രമണങ്ങൾ നടത്താനും കഴിവുള്ള അതിന്റെ കട്ടിംഗ് എഡ്ജ് സ്റ്റെൽത്ത് സാങ്കേതികവിദ്യ, സൂപ്പർക്രൂയിസ് ശേഷി, നൂതന ആയുധ സംവിധാനങ്ങൾ എന്നിവ ഏറെ സവിശേഷതകൾ നിറഞ്ഞതാണ്.
ഇസ്രായേലിലേക്കോ മറ്റേതെങ്കിലും നാറ്റോ രാജ്യങ്ങളിലേക്കോ യുഎസ് ഈ വിമാനം കയറ്റുമതി ചെയ്തിട്ടില്ല . ഇതും അതിന്റെ തന്ത്രപരമായ പ്രാധാന്യം കൂടുതൽ വർദ്ധിപ്പിക്കുന്നു.