ന്യൂദല്‍ഹി: തേജസ് എംകെ2 എന്നത് ഇന്ത്യയുടെ തേജസ് എംകെ1, തേജസ് എംകെ1എ എന്നിവയേക്കാള്‍ പരിഷ്കരിക്കപ്പെട്ട ആധുനിക യുദ്ധജെറ്റാണ്. ഇത് 4.5 തലമുറയില്‍പ്പെട്ട യുദ്ധവിമാനമാണെങ്കിലും ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ ഇതേ 4.5 തലമുറയില്‍പ്പെട്ട റഫാലിനേക്കാള്‍ പല കാര്യങ്ങളിലും മുന്‍പന്തിയിലാണ്. ഇത് ഉടനടി പൂര്‍ത്തിയാക്കാനുള്ള കഠിനപരിശ്രമത്തിലാണ് മോദി സര്‍ക്കാര്‍. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ. മിശ്ര തേജസ് എംകെ 2വിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എച്ച് എ എല്ലിന്റെ ബെംഗളൂരു ഫാക്ടറി നേരിട്ട് സന്ദര്‍ശിച്ചത്.
9 ജി ടേണുകൾ (യുദ്ധപൈലറ്റിന് ടണല്‍വിഷന്‍ നല്‍കുന്ന സ്പീഡാണിത്) , ഡിജിറ്റൽ ഫ്ലൈറ്റ് നിയന്ത്രണങ്ങൾ, നൂതന എയറോഡൈനാമിക്സ് എന്നിവയിൽ ഇന്ത്യയുടെ തേജസ് എംകെ2 എഫ്-16 നെ മറികടക്കുന്നു . കനാർഡുകളും ഭാരം കുറഞ്ഞ ഫ്രെയിമും ഉള്ള തേജസ് എംകെ2 ചടുലതയ്‌ക്കായി നിർമ്മിച്ചതാണ്. പല കാര്യങ്ങളിലും ഫ്രാന്‍സിന്റെ ആധുനിക വിമാനമായ റഫാലിനേക്കാള്‍ മുന്‍പന്തിയിലാണ് തേജസ് എംകെ2.
ഇപ്പോള്‍ തേജസ് എംകെ2വിന്റെ എവിയോണിക്സ് സംവിധാനങ്ങള്‍ സംയോജിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് എച്ച് എഎല്ലിലെ എഞ്ചിനീയര്‍മാര്‍. യുദ്ധവിമാനത്തിന്റെ എയര്‍ഫ്രെയിം സംയോജനം കഴിഞ്ഞതിന് ശേഷമുള്ള നിര്‍ണ്ണായക ഘട്ടമാണ് എവിയോണിക്സ് സംയോജനം. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഏവിയോണിക്സ്. ആശയവിനിമയം, നാവിഗേഷൻ, ഒന്നിലധികം സിസ്റ്റങ്ങളുടെ ഡിസ്പ്ലേ, മാനേജ്മെന്റ്, വ്യക്തിഗത പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നൂറുകണക്കിന് സംവിധാനങ്ങൾ എന്നിവ ഉള്‍പ്പെടുന്ന നിരവധി ഏവിയോണിക് സംവിധാനങ്ങള്‍ ഒരൊറ്റ യുദ്ധജെറ്റില്‍ സംയോജിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. തേജസ് എംകെ2വിലെ എവിയോണിക്സ് ഘടകങ്ങള്‍ താഴെ പറയുന്നു: അടുത്ത തലമുറ ദൗത്യ കംപ്യൂട്ടര്‍, അഡ്വാന്‍സ് ഡ് ഡിജിറ്റല്‍ കണ്‍ട്രോള്‍ സിസ്റ്റംസ്, വൈഡ് എരിയ മള്‍ട്ടി ഫംഗ്ഷന്‍ ഡിസ് പ്ലേ, യൂണിഫൈഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, ഓണ്‍ ബോര്‍ഡ് ഓക്സിജന്‍ ഉല്‍പാദനസംവിധാനം, സുരക്ഷിതമായ ആശയവിനിമയ, ഡേറ്റ ലിങ്ക് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സങ്കീര്‍ണ്ണമായ ഈ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സംയോജിപ്പിക്കുക എളുപ്പമല്ല. പക്ഷെ ഈ കടമ്പ കടന്നാല്‍ തേജസ് എംകെ2വിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യ വലിയൊരു കുതിപ്പ് കൈവരിക്കും.
തേജസ് എംകെ1എയുടെ അന്തിമ പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ തന്നെ തേജസ് എംകെ 2 പൂര്‍ത്തിയാക്കാനും മോദി സര്‍ക്കാര്‍ എച്ച് എഎല്ലില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ആധുനിക യുദ്ധവിമാനം സ്വന്തമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് തേജസ് യുദ്ധജെറ്റുകള്‍. എഞ്ചിന്‍ തകരാറുമൂലം ധീരജവാന്മാരുടെ പലരുടെയും ജീവനെടുത്ത പഴയ കാല മിഗ് യുദ്ധവിമാനങ്ങളെ ഒഴിവാക്കിയാണ് ഇന്ത്യ തേജസിലേക്ക് ചുവടുവെച്ചത്.
ഒരു കാര്യമല്ല, പല കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ളതിനാല്‍ തേജസ് യുദ്ധവിമാനത്തെ മള്‍ടി റോള്‍ യുദ്ധവിമാനം എന്നാണ് വിളിക്കുക. കഥ, തിരക്കഥ, സംഭാഷണം, അഭിനയം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ബാലചന്ദ്രമേനോനെപ്പോലെ വ്യോമപ്രതിരോധം, കരയിലേക്ക് ആക്രമണം നടത്തല്‍, വിമാനത്തെ ആസ്പദമാക്കിയുള്ള മറ്റ് ദൗത്യങ്ങള്‍ തുടങ്ങി എല്ലാം നിര്‍വ്വഹിക്കാന്‍ ശേഷിയുള്ളതാണ് തേജസ്. നിരീക്ഷണപ്പറക്കല്‍ നടത്തുക, ആകാശത്ത് വെച്ച് മറ്റൊരു യുദ്ധജെറ്റിന് നേരെ ആക്രമണം നടത്താനും ആകാശത്ത് നിന്നും കരയിലേക്ക് മിസൈലോ ഗ്ലൈഡ് ബോംബോ അയയ്‌ക്കാനും തേജസ്സിന് സാധിക്കും. ഇതിന്റെ ഭാരം ഇന്ത്യയുടെ സുഖോയ് 30എംകെ1നേക്കാളും റഫാലിനേക്കാളും ഭാരക്കുറവാണ്.
ഇന്ത്യയുടെ എയ്റോനോട്ടിക്കല്‍ ഡവലപ് മെന്‍റ് ഏജന്‍സി രൂപകല്‍പന നിര്‍വ്വഹിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് അതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചു എന്നത് ചെറിയകാര്യമല്ല. ഇന്ത്യ തദ്ദേശീയമായി ഒരു ഒത്ത യുദ്ധവിമാനം നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കും വേണ്ടി നിര്‍മ്മിക്കുകയാണ്. തേജസ് എംകെ1 കഴിഞ്ഞ് തേജസ് എംകെ1എ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതില്‍ വ്യാപൃതരാണ് എച്ച് എഎല്‍.അതിനൊപ്പം തേജസ് എംകെ2 എന്ന 4.5 തലമുറയില്‍പ്പെട്ട യുദ്ധജെറ്റും അതിവേഗം ഒരുങ്ങുകയാണ്.