
ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതി മോദിയെ വില്ലനാക്കി ചിത്രീകരിക്കുന്ന ഡോക്യൂമെന്‍ററിക്ക് ശേഷം കുറച്ചുനാളായി ബിബിസിയെക്കൊണ്ട് വലിയ ശല്ല്യമില്ലായിരുന്നു. ദ മോഡി ക്വസ്റ്റ്യന്‍ (The Modi Question) എന്ന പേരിലായിരുന്നു ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ടെലിവിഷന്‍ പരമ്പര. ഇന്ത്യയില്‍ നടത്തുന്ന ബിസിനിസിന് കേന്ദ്രസര്‍ക്കാരിന് ബിബിസി നികുതികൊടുക്കുന്നില്ലെന്നും നികുതിവെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയതോടെ ബിബിസി ഇംഗ്ലീഷ് ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനം ദ കളക്ടീവ് ന്യൂസ് റൂം (The Collective Newsroom) എന്ന ഇടത്-ജിഹാദി ചായ് വുള്ള മാധ്യമപ്രവര്‍ത്തക സംഘത്തെ ഏല്‍പിക്കുകയുമായിരുന്നു.
ഇപ്പോഴിതാ ബിബിസി റേഡിയോയുടെ ഭാഗമായുള്ള ഏഷ്യന്‍ നെറ്റ് വര്‍ക്ക് (BBC Radio Asian Network) എ.ആര്‍. റഹ്മാനുമായി നടത്തിയ അഭിമുഖത്തിലൂടെ .ചില വിമര്‍ശനങ്ങള്‍മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുകയാണ്. താന്‍ മുസ്ലിം ആയതിനാല്‍ തനിക്ക് സിനിമാരംഗത്ത് പഴയതുപോലെ വര്‍ക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു റഹ്മാന്റെ വിമര്‍ശനം. ബിബിസിയുടെ ഹാറൂണ്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരമൊരു അഭിമുഖം നടത്തിയത് റഹ്മാനെക്കൊണ്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിപ്പിക്കാനായിരുന്നു എന്ന് കരുതപ്പെടുന്നു.
കാരണം വാസ്തവവിരുദ്ധമായ ഒരു ആരോപണമാണ് റഹ്മാന്‍ നടത്തിയത്. കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും അതിന് പിന്നിൽ വർഗീയ കാരണങ്ങളുണ്ടാകാമെന്നുമുള്ള എ.ആർ. റഹ്മാന്റെ പ്രസ്താവനക്ക് എതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍, ഷാന്‍, ശോഭ ദേ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ എട്ടു വർഷത്തെ കേന്ദ്രഭരണത്തിനിടയില്‍ മോദി സര്‍ക്കാര്‍ നല്‍കിയ മൂന്ന് ദേശീയ അവാര്‍ഡുകള്‍ എ.ആര്‍. റഹ്മാനായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും എന്തിനായിരുന്നു ഇത്തരമൊരു വിമര്‍ശനം? അവഗമണിക്കണമായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അവാര്‍ഡില്‍ റഹ്മാനെ തഴയാമായിരുന്നില്ലേ? 2017ൽ മോം’ എന്ന ഹിന്ദി ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് രാജ്യം ഏറ്റവും വലിയ സിനിമാ പുരസ്കാരമായ ദേശീയ അവാർഡ് നൽകി റഹ്മാനെ ആദരിച്ചിരുന്നു. കൂടാതെ അതെ വർഷം തന്നെ ‘കാറ്റ് വെളിയുതൈ’ എന്ന തമിഴ് ഗാനത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌ക്കാരവും, 2022ൽ പൊന്നിയിൻ സെൽവൻ 1ാം ഭാഗത്തിന്റെ പശ്ചാത്തല സംഗീതത്തിനും റഹ്മാന് സർക്കാർ ദേശീയ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.
ഏതെങ്കിലും രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായിരുന്നോ റഹ്മാന്റെ ഈ വിമര്‍ശനം എന്ന് സംശയം ഉയരുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അവര്‍ക്ക് അനുകൂലമായ സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കാന്‍ അതത് രാജ്യങ്ങളിലെ സുപ്രസിദ്ധവ്യക്തിത്വങ്ങളെക്കൊണ്ട് അട്ടിമറിക്കേണ്ട സര്‍ക്കാരിനെ വിമര്‍ശിക്കാറുണ്ട്. സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് പല രീതിയില്‍ ഡീപ് സ്റ്റേറ്റുമായി ബന്ധപ്പെട്ടവര്‍ പ്രത്യേക പരിശീലനം നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന് എതിരായ ആശയം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. റഹ്മാന്‍ ഇവരുടെ ഇരയായോ എന്നാണ് സംശയിക്കപ്പെടുന്നത്.