• Fri. Oct 10th, 2025

24×7 Live News

Apdin News

‘മോശമായി പെരുമാറി, സ്ത്രീത്വത്തെ അപമാനിച്ചു’: മധു ബാബുവിനെതിരെ നിര്‍മാതാവ് കോടതിയില്‍

Byadmin

Oct 10, 2025


കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടുന്ന ആലപ്പുഴ മുന്‍ ഡിവൈഎസ്പി മധു ബാബുവിനെതിരെ നിര്‍മാതാവ്. ഷീല കുര്യനാണ് മധുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മോശമായി പെരുമാറുകയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ചാണ് ഷീല കുര്യന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോടു വിശദീകരണം തേടി. മധു ബാബുവിനും ഹൈക്കോടതി നോട്ടിസ് അയച്ചു. ഒരുമാസത്തിനകം മറുപടി സമര്‍പ്പിക്കണം. നവംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കും.

2021ല്‍ തന്റെ അടുത്തുനിന്നും ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമായിരുന്നു നിര്‍മാതാവിന്റെ ആദ്യ പരാതി. തുടര്‍ച്ചയായി ആലപ്പുഴ സ്വദേശിയെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ പണം നല്‍കിയില്ലെന്നും തുടര്‍ന്ന് അയാളുടെ ഭാര്യ ഫോണില്‍ വിളിച്ച് മോശമായി പെരുമാറിയെന്നും നിര്‍മാതാവ് പറഞ്ഞു. പിറ്റേന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും ഷീല പറയുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഡിവൈഎസ്പി വിളിപ്പിച്ചു. ആലപ്പുഴ സ്വദേശിയും ഹാജരായിരുന്നു.

എന്നാല്‍ അവിടെവെച്ച് തന്നെ മോശം വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്‌തെന്നും അശ്ലീലമായ രീതിയില്‍ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തെന്നും നിര്‍മാതാവ് പറഞ്ഞു. മധു ബാബുവിനെതിരെ കേസടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നാലെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ ഷീല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

By admin