മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പെരുമ്പല്ലൂര്‍ സ്വദേശി അമല്‍ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ അമലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഈ മാസം പന്ത്രണ്ടിന് മൂവാറ്റപുഴ പേട്ടയിലെ പൂക്കടയില്‍ നിന്നും ബാറ്ററി മോഷണം പോയതിനെ തുടര്‍ന്നാണ് എസ് ഐ യും സംഘവും അമലിന്റെ വീട്ടിലെത്തിയത്.
അമല്‍ ആക്രിക്കടയില്‍ ഒരു ബാറ്ററി വിറ്റിരുന്നു. ഇതറിഞ്ഞ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ അമലിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ച് അമല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി.
മോഷണം പോയത് രണ്ട് വര്‍ഷം പഴക്കമുള്ള ബാറ്ററിയും അമല്‍ വിറ്റത് പത്ത് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വ്യക്തമായതോടെ പൊലീസ് അമലിനെ വിട്ടയച്ചു.
പൊലീസ് മര്‍ദ്ദനത്തിനെതരെ ആലുവ റൂറല്‍ എസ്പിക്ക് അമല്‍ പരാതി നല്‍കി. അമലിന്റെ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയെ എസ് പിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.