പാലക്കാട് മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കവെ വന്നുപെട്ടത് ഉടമയുടെ മുന്നില്‍. ബൈക്ക് മോഷണംപോയെന്ന പരാതി പോലീസില്‍ നല്‍കിവരുന്ന വഴിയാണ് ഉടമയുടെ മുന്നില്‍ മോഷ്ടാവ് എത്തിയത്. പിന്നാലെ നടുറോഡില്‍ ഓടിച്ചിട്ട് പിടികൂടി ഉടമ ബൈക്ക് കൈവശപ്പെടുത്തി.
പാലക്കാട് കമ്പവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ മോഷണം പോയത്. രാധാകൃഷ്ണന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്ത് എസ്‌റ്റേറ്റ് ജംഗ്ഷനില്‍ തിരിച്ചെത്തി.
ഈ സമയം ബൈക്ക് മോഷ്ടിച്ച ആള്‍ തന്റെ ബൈക്കുമായി മുന്നിലൂടെ പോകുന്നത് കണ്ടു. രാധാകൃഷ്ണന്‍ ഒന്നും നോക്കിയില്ല, പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിര്‍ത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. ശേഷം പൊലീസ് വിളിച്ചുവരുത്തി മോഷണം നടത്തിയ മുട്ടികുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയും ചെയ്തു.