• Wed. Dec 18th, 2024

24×7 Live News

Apdin News

മോസ്കോയിലെ സ്ഫോടനം: ഒരാൾ അറസ്റ്റിൽ

Byadmin

Dec 18, 2024



മോസ്കോ > റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ലഫ്റ്റനന്റ് ജനറൽ ഇ​ഗോർ കിറില്ലോ കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക്കിസ്ഥാൻ പൗരനെ കസ്റ്റഡിയിലെടുത്തതായി റഷ്യ അറിയിച്ചു. ഉക്രൈന്റെ പ്രത്യേക സേനാ വിഭാഗമാണ് ദൗത്യത്തിന് തന്നെ നിയോഗിച്ചതെന്ന് പിടിയിലായ വ്യക്തി സമ്മതിച്ചതായി റഷ്യൻ അന്വേഷണസംഘത്തിന്റെ വക്താവായ സ്വറ്റ്ലാന പെട്രെങ്കോ പറഞ്ഞു.

ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു കിറില്ലോവിന്റെ മരണം. ന്യൂക്ലിയാർ- ബയോളജിക്കൽ- കെമിക്കൽ (എൻബിസി) ഡിഫൻസിന്റെ തലവനാണ് കൊല്ലപ്പെട്ട ഇ​ഗോർ കിറില്ലോവ്. പ്രതിയുടെ പേര് റഷ്യൻ ഏജൻസികൾ വെളിപ്പെടുത്തിയിട്ടില്ല. ഒരുലക്ഷം ഡോളറും യൂറോപ്പിൽ വീടുമാണ് ആക്രമണത്തിന് പ്രതിഫലമായി ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നതാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രൈൻ സെക്യൂരിറ്റി സർവീസ് ചൊവ്വാഴ്ച തന്നെ ഏറ്റെടുത്തിരുന്നു.

കെട്ടിടത്തിന്റെ മുമ്പിലിരുന്ന ഇലക്ട്രിക് സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. കെട്ടിടത്തിന്റെ മുൻവശത്തിനും സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. സ്ട്രീറ്റിലുള്ള നിരവധി കെട്ടിടങ്ങളുടെ ജനാലകളും തകർന്നു. 300 ​ഗ്രാമോളം വരുന്ന ട്രെനൈട്രോ ടൊളുവീൻ ആണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ബോംബ് സ്ക്വാഡും സ്നിഫർ നായകളും പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെന്നും മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു. 2017ലാണ് ഇ​ഗോർ കിറില്ലോവിനെ എൻബിസിയുടെ തലവനായി നിയമിച്ചത്.

By admin