• Sun. Nov 16th, 2025

24×7 Live News

Apdin News

യാത്ര: ദേവിയുടെ അനുഗ്രഹപഥത്തില്‍

Byadmin

Nov 16, 2025



ഞാനും ഭാര്യ ശ്രീലക്ഷ്മിയും ഭാരതത്തിലെ ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിക്കാന്‍ ഏറെ താല്പര്യമുള്ളവരാണ്. കഴിഞ്ഞ വര്‍ഷം ആന്ധ്രാപ്രദേശത്തിലെ നിരവധി പുണ്യതീര്‍ഥങ്ങളിലേക്ക് നടത്തിയ യാത്ര ഞങ്ങളുടെ ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവങ്ങള്‍ സമ്മാനിച്ചു. ആ യാത്രയില്‍, വിശാഖപട്ടണത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ, പച്ചക്കുന്നുകളാല്‍ വലയം ചെയ്യപ്പെട്ട, ആത്മീയകേന്ദ്രമായ ദേവീപുരം സന്ദര്‍ശനം അനന്യ അനുഭവമായി മാറി. വാസ്തവത്തില്‍, അത് ഞങ്ങള്‍ക്ക് പരാശക്തിയുമായുള്ള നേരിട്ടുള്ള സമാഗമവും ശക്തി ആരാധനയുടെ ഹൃദയത്തിലേക്കുള്ള യാത്രയും ആയിരുന്നു. അന്തരീക്ഷമാകെ മുഴങ്ങിക്കേട്ടത് പവിത്ര സ്‌തോത്രങ്ങള്‍. ദേവീ ഭക്തനായ എനിക്ക് അമ്മയുടെ നിറസാന്നിധ്യം ദേവീപുരത്തിലെ മുക്കിലും മൂലയിലും അനുഭവപ്പെട്ടു. അതെന്നില്‍ ആഴത്തിലുള്ള ഭക്തി, ആന്തരിക ശാന്തി, സമ്പൂര്‍ണ സമര്‍പ്പണ ഭാവം എന്നിവ ഉണര്‍ത്തി, ഉയര്‍ത്തി.

വിശാലമായ ദേവീപുര സമുച്ചയത്തിലെ ഞങ്ങളുടെ ആദ്യ ദര്‍ശനം ദത്താത്രേയ ഗുരുപീഠമായിരുന്നു. ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഒന്നായി അവതരിച്ച ഭഗവാന്‍ ദത്താത്രേയനു സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രം അതുല്യമായ ആത്മശാന്തി നല്‍കുന്ന ഇടമാണ്. ഭഗവാന്‍ ദത്താത്രേയന്റെ ശാന്തമുഖവും മൃദു മന്ദഹാസവും അനന്തജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി തോന്നി. ആ ഗുരുതത്ത്വം ഞങ്ങളെ വരവേല്‍ക്കുന്നതായും ദേവിപുരമാകെ നിറഞ്ഞിരിക്കുന്ന അമ്മയുടെ ചൈതന്യത്തെ സ്വീകരിക്കാന്‍ ഹൃദയങ്ങളെ തയ്യാറാക്കുന്നതുപോലെയും തോന്നി.

ആ സന്നിധി എന്നില്‍ മറ്റൊരു അവബോധം ഉണര്‍ത്തി: എല്ലാ ആത്മീയയാത്രയും ഗുരുവിന്റെ അനുഗ്രഹത്തോടെ മാത്രമല്ലെ സംഭവിക്കൂ, ഇരുളകറ്റുന്ന ഗുരുവിന്റെ കൃപയോടു മാത്രമല്ലേ സത്യാനുഭവം സാധ്യമാകൂ. ചില നിമിഷങ്ങള്‍ അവിടെ ഇരുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ ഭഗവാന്‍ ദത്താത്രേയന്‍ എന്നില്‍ വിനയവും, കൃതജ്ഞതയും നിറച്ചൊഴുക്കി എന്റെ മനസ്സിനെ നിസ്സംഗനാക്കി. ആഴത്തിലുള്ള അനുഭവങ്ങളിലേക്ക് നയിക്കുന്നതായി അനുഭവപ്പെട്ടു.

ദിവ്യമാതാവിന്റെ ക്ഷേത്രം

ദേവീപുരം ക്ഷേത്രം ഒരു അസാധാരണ നിര്‍മിതിയാണ്. 13 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കേന്ദ്രത്തിലെ മദ്ധ്യ ഭാഗത്തായി പണികഴിപ്പിച്ചിട്ടുള്ള ശ്രീ മേരു നിലയം മൂന്നു നിലകളോടെ ശ്രീചക്രത്തിന്റെ ആകൃതിയില്‍ പിരമിഡ്‌പോലെ ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്ന ശ്രീ ലളിതാ ത്രിപുരസുന്ദരീ ക്ഷേത്രം. ലോകത്തിലെ അത്യഅപൂര്‍വമായ നിര്‍മിതിയായി ഇത് കണക്കാക്കുന്നു. സാധാരണ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഭക്തര്‍ ശ്രീചക്രത്തിന്റെ ആന്തരിക ഭൂമികയിലൂടെയാണ് പടികള്‍ കയറേണ്ടത്. ആ ദര്‍ശനം ദേവിപുരത്തെ അതുല്യ ആത്മാനുഭവമാക്കി മാറ്റുന്നു.

ശ്രീചക്രത്തിലെ 108 ദേവതകളെയും മേരുവിന്റെ ഘടനയില്‍ നിശ്ചിത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ആര്‍ക്കും ദേവതകളെ ദര്‍ശിക്കാനും സ്പര്‍ശിക്കാനും പൂജ അര്‍പ്പിക്കാനും സാധിക്കുമെന്നത് ഇവിടുത്തെ തീര്‍ത്ഥാടനത്തെ വ്യത്യസ്തമാക്കുന്നു.

1.അമൃതാനന്ദനാഥ സരസ്വതി , 2. മേരു നിലയത്തിലെ ദേവതാ പ്രതിഷ്ഠ

ദേവീപുരത്തിന്റെ ദര്‍ശകനായ മഹാത്മാവ്

ഈ വിശുദ്ധ ക്ഷേത്രം നിര്‍മിച്ചത് അമൃതാനന്ദനാഥ സരസ്വതി (1934-2015) യാണ്. ഡോ. എന്‍. പ്രഹ്ലാദ ശാസ്ത്രി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ആണവ ഭൗതികശാസ്ത്രജ്ഞനില്‍ നിന്ന് ശ്രീവിദ്യോപാസകനിലേക്കുള്ള ആത്മപരിവര്‍ത്തനം ഒരു അത്ഭുത കഥയാണ്. അദ്ദേഹത്തിനുണ്ടായ ആന്തരിക അനുഭവങ്ങളും ദിവ്യസൂചനകളും ദിവ്യമാതാവിന്റെ ആജ്ഞയും ദേവിപുരം സ്ഥാപിക്കാന്‍ പ്രേരണയായി.

അദ്ദേഹം ഒരു ക്ഷേത്രനിര്‍മാതാവു മാത്രമായിരുന്നില്ല, മനുഷ്യനിര്‍മാതാവും കൂടി ആയിരുന്നു സ്ത്രീശക്തിയെ ഉണര്‍ത്തി, ആചാരങ്ങളെ ലളിതമാക്കി, നിഗൂഢമായ ശ്രീവിദ്യോപാസനയുടെ വാതില്‍ എല്ലാ സത്യാന്വേഷികള്‍ക്കുമായി അദ്ദേഹം തുറന്നിട്ടു. മത, ജാതി, ലിംഗ ഭേദമില്ലാതെ നേരിട്ടുള്ള ആത്മാനുഭവത്തിലൂന്നി ശ്രീവിദ്യയെ സമത്വത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ശക്തമായ പഥമായി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു.

അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിനു ശേഷം ദേവിപുരത്തിന്റെ ആത്മീയ നേതൃത്വം അദ്ദേഹത്തിന്റെ പത്‌നി അന്നപൂര്‍ണാംബ, (ഭക്തര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ‘ഗുരുജി അമ്മ’) യാണ്. അതുല്യമായ സമര്‍പ്പണത്തോടും സൗമ്യമായ പെരുമാറ്റത്തോടെയും അമ്മ ക്ഷേത്രകാര്യങ്ങള്‍ നിര്‍വഹിച്ചു വരുന്നു. അനുയായികള്‍ ദേവിപുരത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കുന്ന അമ്മയും അവരുടെ പുത്രിമാരായ അനന്തലക്ഷ്മി, രാധ, രാമ എന്നിവരും ശ്രീവിദ്യോപാസന മഹത്വം ലോകമെമ്പാടുമായി പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ദേവതകളുമായുള്ള സാക്ഷാത്കാരം

ശ്രീമേരു നിലയത്തിലൂടെയുള്ള യാത്ര, മറ്റൊരു ലോകത്തിലേക്കുള്ള ആത്മീയ യാത്രയായി അനുഭവപ്പെട്ടു. ശ്രീചക്രത്തിലെ 108 ദേവതകളുടെ പടികള്‍ കയറി ത്രിപുരസുന്ദരി, ഭൂവനേശ്വരി, ഭൈരവി, ബഗളാമുഖി, മാതംഗി തുടങ്ങി ബോധത്തിന്റെ വ്യത്യസ്ത തലങ്ങളെ പ്രതിനിധീകരിക്കുന്ന എല്ലാ ദേവതകളുടെയും, പാദപങ്കജങ്ങളില്‍ പൂക്കള്‍ സമര്‍പ്പിച്ചു അറിയാവുന്ന ദേവീ ശ്ലോകങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥിച്ചു. ക്ഷേത്രത്തിലെങ്ങും സൗമ്യമായി മുഴങ്ങിയ ജപ ശബ്ദങ്ങള്‍, ദീപ ജ്വാല, ധൂപത്തിന്റെ സുഗന്ധം അവിടമാകെ ഒരു ദിവ്യ ഊര്‍ജ്ജം പ്രസരിപ്പിച്ചു.

ആരാധനയിലെ സ്വാതന്ത്ര്യം ഞങ്ങളെ ഏറ്റവും ആഴത്തില്‍ സ്പര്‍ശിച്ചു. സാധാരണ ക്ഷേത്രങ്ങളില്‍ പൂജകള്‍ പുരോഹിതര്‍ക്കു മാത്രം അര്‍ഹതപ്പെട്ടതാണെങ്കില്‍ ഇവിടെ ഭക്തര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്, സ്വയമേ അര്‍ച്ചനയും അഭിഷേകവും നടത്താം.

നാഗമണി: ദേവിയുടെ ജീവസ്വരം

1. പ്രദീപ് കൃഷ്ണനും ഭാര്യ ശ്രീലക്ഷ്മിയും ശ്രീ ദത്ത ക്ഷേത്രത്തിന് മുന്നില്‍, 2. നാഗമണി ആരാധന

ദേവിപുരത്തെ കാമാഖ്യാ ക്ഷേത്രത്തിനടുത്തെക്ക് നടക്കുമ്പോള്‍ കാതുകളില്‍ മന്ത്രോച്ചാരണത്തിന്റെ മധുര ശബ്ദം നിറഞ്ഞു ഒരു യുവതി ശ്രീലളിതാസഹസ്രനാമം, ദേവിയുടെ ആയിരം നാമങ്ങള്‍, പാരായണം ചെയ്യുകയായിരുന്നു. ഞങ്ങളെ ആകര്‍ഷിച്ചത് ആ ശബ്ദമാധുര്യം മാത്രമല്ല, താളത്തിലുള്ള സ്പഷ്ടമായ ഉച്ചാരണം. ഓരോ നാമവും ഉരുവിടുമ്പോഴുള്ള ഭക്തി, പുഷ്പങ്ങള്‍ അര്‍പ്പിക്കുമ്പോഴുള്ള ശ്രദ്ധ. നിശബ്ദരായി വിഗ്രഹത്തിനു മുന്നില്‍ നിന്ന് അല്പം മാറി നിന്നു ഞങ്ങള്‍ ആ ഭക്തിപ്രവാഹത്തില്‍ ആനന്ദഭരിതരായി ആറാടി. ആ പരിശുദ്ധ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങി.

ആ മാസ്മരിക പാരായണം നാഗമണിയുടേതായിരുന്നു. അവരുടെ ജപം പരിശുദ്ധനദിപോലെ ഒഴുകി. ഓരോ പുഷ്പവും അമ്മയുടെ പാദങ്ങളില്‍ അര്‍പ്പിക്കുമ്പോള്‍ അവരുടെ അന്തരംഗം മറ്റേതോ ഉയര്‍ന്ന തലത്തിലായിരുന്നു. നാഗമണിയുടെ ആത്മാവിന്റെ ആഴങ്ങളില്‍നിന്ന് ഉയര്‍ന്ന നാദ വീചികള്‍ ക്ഷേത്രാങ്കണമാകെ ദേവീ ചൈതന്യം പരത്തുന്ന അതുല്യ രംഗത്തിനു ഞങ്ങള്‍ സാക്ഷികളായി. തീര്‍ച്ചയായും അതൊരു അസാധാരണ പാരായണമായിരുന്നു. ദേവിമാതാവുതന്നെ തന്റെ കൃപാ തരംഗങ്ങളാല്‍ നമ്മെ പൊതിയുന്നപോലെ, സമയം നിശ്ചലമായ നിമിഷങ്ങള്‍.

അവരോടൊപ്പം നിശബ്ദരായി കണ്ണുകളടച്ച് ഞങ്ങളും സഹസ്രനാമം ജപിച്ചു. വാസ്തവത്തില്‍ നാഗമണിയുടെ മന്ത്രോച്ചാരണം ദിവ്യമായ ഗംഗാനദീ ജലത്തില്‍ സാവധാനം മുങ്ങി നിവരുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു- മനസ്സിനെ ശാന്തമാക്കുകയും പ്രകാശിതമാക്കുകയും ചെയ്ത പവിത്ര അനുഭവം.

ബാല്യകാലംതൊട്ടേ ദേവിപുരത്തിന്റെ ആത്മീയാന്തരീക്ഷത്തില്‍ വളര്‍ന്ന നാഗമണി, മന്ത്രങ്ങളും ആചാരാനുഷ്ടാനങ്ങളും ആഴത്തില്‍ ഹൃദിസ്ഥമാക്കിയിരുന്നു.

പിന്നീട് അവര്‍ ഞങ്ങളെ മേരുനിലയ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഭക്തിയോടെ പൂക്കളും പൂജാസാമഗ്രികളും ഒരുക്കിത്തന്ന് ഒരിക്കല്‍ക്കൂടി ശ്രീലളിതാസഹസ്രനാമം ചൊല്ലി പൂജചെയ്യാന്‍ സൗകര്യമൊരുക്കി. ആ പരിശുദ്ധാന്തരീക്ഷത്തില്‍ പൂര്‍ണമായി ലയിച്ച് ഞങ്ങള്‍ ഹൃദയത്തില്‍തട്ടി സഹസ്രനാമം ചൊല്ലിയ ശേഷം അവര്‍ ദേവിക്ക് ഭക്തിപൂര്‍വ്വം ദീപാരാധന നടത്തി. ഞങ്ങള്‍ക്ക് വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാലകള്‍ അണിയിച്ച് നിവേദ്യവും അര്‍ച്ചന ചെയ്ത കുങ്കുമവും പൂക്കളും നല്‍കി. ദേവിക്കു ചാര്‍ത്തിയ മനോഹരമായ ഒരു പട്ടുസാരി ശ്രീലക്ഷ്മിക്ക് പ്രസാദമായി സമ്മാനിച്ചു.

ഞങ്ങളുടെ സാരഥി ദുര്‍ഗാ പ്രസാദ് നിമിത്തമാണ് ദേവീപുര സന്ദര്‍ശനം ഞങ്ങള്‍ക്ക് പൂര്‍ണ്ണമായി അനുഭവിക്കാനായത്. വിശാഖപട്ടണം റെയില്‍വേ നിലയത്തിനു മുന്നില്‍ വച്ച് യാദൃച്ഛികമായി പരിചയപ്പെട്ട അദ്ദേഹം പെട്ടന്ന് ഞങ്ങളുടെ മാര്‍ഗദര്‍ശകന്‍, ഉപദേഷ്ടാവ് ഒടുവില്‍ സഹോദരന്‍ തന്നെയും ആയി മാറി. അവിടുത്തെ ക്ഷേത്രങ്ങളുടെ പുരാണങ്ങളും അവിടേക്കുള്ള വഴികളും ഞങ്ങളുമായി പങ്കുവച്ച് നടത്തിയ യാത്രകള്‍ ഒരിക്കലും മറക്കാനാവില്ല. ഒരു തികഞ്ഞ ഭക്തനും ഭാരതീയ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനിയുമായ ദുര്‍ഗാപ്രസാദിനെ ഞങ്ങളുടെ അടുക്കലേക്കു എത്തിച്ചത് സാക്ഷാല്‍ ജഗതംബിക എന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.

ആത്മീയകേന്ദ്രമായ ദേവീപുരം

ആത്മീയപഠനത്തിന്റെയും ആചാരപാരമ്പര്യത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ഉദാത്ത മാതൃകയായ ദേവീപുരം ഒരു ആത്മീയ കേന്ദ്രമാണ്. ഇവിടുത്തെ അന്തേവാസികള്‍, സാധകര്‍, സന്ദര്‍ശകര്‍, സേവകര്‍ എല്ലാരും ദിവസേനയുള്ള ഹോമങ്ങള്‍, ശ്രീചക്രപൂജ, ദേവി ഉപാസന, ജപം, ആശ്രമത്തിലെ മറ്റു ജോലികള്‍ എന്നിവയില്‍ മുഴുകി ആത്മീയ ജീവിതം നയിക്കുന്നവരാണ്.

ആശ്രമം നടത്തുന്ന, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുന്ന സഹജവിദ്യാലയവും ഗ്രാമീണസ്ത്രീകള്‍ക്ക് ആത്മീയഉന്നതിയും ജീവിതോപാധിയും നല്‍കുന്ന സ്ത്രീശക്തി ട്രസ്റ്റ് എന്ന സംരംഭവും ഞങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടെ സമൂഹജീവിതം ജീവസ്സുറ്റതും ആനന്ദം നിറഞ്ഞതും ആശ്വാസകരവുമാണ്. ആ അന്തരീക്ഷത്തിലാകെ നിറഞ്ഞു നിന്നത് നിയമങ്ങളുടെ കാര്‍ക്കശ്യങ്ങളല്ല, മറിച്ച് ഹൃദയങ്ങളുടെ സംവേദനങ്ങളാന്ന്.

ദേവീപുരം വെറുമൊരു ക്ഷേത്രമല്ല. ഒരു പ്രവേശന കവാടമാണ്, ആത്മീയ ജീവിതം കാംക്ഷിക്കുന്ന എല്ലാവര്‍ക്കും എളുപ്പം പ്രാപിക്കാനാവുന്ന ശക്തമായ ഒരു ഊര്‍ജ്ജ സ്രോതസ്സ്.
കൈകളില്‍ പ്രസാദവും മനസ്സുകളില്‍ ആഴത്തിലുള്ള ഭക്തിയുമായി ഞങ്ങള്‍ മടങ്ങിയപ്പോള്‍, ദേവീ ചൈതന്യം പുറത്തല്ല, അകത്താണ്; ഒരാള്‍ ശ്രീചക്രത്തിന്റെ ദിവ്യഭൗമികയിലേക്ക് കടക്കുമ്പോള്‍ ഒപ്പം തന്റെ ആത്മഭൗമികയിലേക്കും കടക്കുകയാണ്, എന്നു തിരിച്ചറിഞ്ഞു.

ദേവീപുരം സന്ദര്‍ശിക്കാന്‍: www.devipuram.org

By admin