ദുബൈ: യുഎഇയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വഴികാട്ടിയ വ്യവസായി ഹുസൈൻ അബ്ദുറഹ്‌മാൻ ഖാൻസാഹബ് അന്തരിച്ചു. യുഎഇയിലെ ആദ്യ റോഡ് നിർമിച്ച പ്രശസ്തമായ ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനാണ്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
യുഎഇയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹുസൈൻ അബ്ദുറഹ്‌മാൻ ഖാൻസാഹബും അദ്ദേഹം ചെയർമാനായിരുന്ന ഖാൻസാഹബ് എന്ന സ്ഥാപനവും. 1935 ഇദ്ദേഹത്തിന്റെ അമ്മാവൻ ഖാൻസാഹബ് ഹുസൈനാണ് ബ്രിട്ടീഷ് സർക്കാറുമായി ചേർന്ന് ഖാൻസാഹബ് എന്ന കോൺട്രാക്ടിങ് കമ്പനിക്ക് തുടക്കമിട്ടത്.
ഷാർജയിൽ നിന്ന് റാസൽഖൈമയിലേക്കുള്ള യുഎഇയിലെ ആദ്യത്തെ റോഡ് നിർമിക്കുന്നത് ഇവരുടെ സ്ഥാപനമാണ്. പിന്നീട് ദുബൈ ക്ലോക്ക് ടവർ റൗണ്ട് എബൗട്ട്, ഷാർജ സെന്റ്. മേരീസ് ചർച്ച്, ഷാർജ വിമാനത്താവളം, ദുബൈയിലെ മാൾ ഓഫ് ദി എമിറേറ്റ് വരെ നീളുന്ന യുഎഇയുടെ ലാൻഡ്മാർക്കായ നിരവധി കെട്ടിടങ്ങളുടെ വരെ നിർമാണത്തിൽ ഇവർ പങ്കുവഹിച്ചു.
1954 മുതൽ 2016 വരെ സ്ഥാപനത്തിന്റെ ചെയർമാനായിരുന്നു ഹുസൈൻ അബ്ദുറഹ്‌മാൻ ഖാൻസാഹബ്. യുഎഇയുടെ അടിസ്ഥാന സൗകര്യത്തിന്റെ വഴികാട്ടി എന്നാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അനുശോചന സന്ദേശത്തിൽ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.