അമേരിക്കയില്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തയ്യാറെടുത്ത് ടിക് ടോക്. തിങ്കളാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ശേഷം ടിക് ടോക് പുനഃസ്ഥാപിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പുനനല്‍കിയതിന് പിന്നാലെയാണ് ഈ നീക്കം. ജനുവരി 19 മുതല്‍ യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്യപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. ജോ ബൈഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് ടിക് ടോക് പ്രവര്‍ത്തനം രാജ്യത്ത് നിരോധിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വീണ്ടും ടിക് ടോക് പ്രവര്‍ത്തനം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കിയതോടെ ടിക് ടോക് വീണ്ടും യുഎസിലേക്ക് തിരിച്ചെത്തുകയാണ്.
അടിയന്തര നടപടികളും പ്രവര്‍ത്തനാനുമതിയ്ക്കുള്ള ഉറപ്പും നല്‍കിയതിന് കമ്പനി ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു. “ഞങ്ങളുടെ സേവനദാതാക്കളുമായുള്ള കരാര്‍ പ്രകാരം ടിക് ടോക് സേവനം രാജ്യത്ത് പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്,” എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ടിക് ടോക്കിന്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയിലാണ് ആപ്പ് പുനസ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
‘‘ഞങ്ങളുടെ സേവനദാതാക്കള്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കിയതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് നന്ദി പറയുന്നു. ഏകപക്ഷീയമായ സെന്‍സര്‍ഷിപ്പിനെതിരെയുള്ള ശക്തമായ നിലപാടാണിത്. ടിക് ടോക്കിനെ അമേരിക്കയില്‍ നിലനിര്‍ത്തുന്നതിനായി ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്,’’ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.