ദോഹ: ഇസ്രാഈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ യുഎസുമായി പുതിയ പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ജാസിം അല്‍ താനിയും റൂബിയോയെ ദോഹയില്‍ സ്വീകരിച്ചു.
ഇസ്രാഈല്‍ ആക്രമണത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് റൂബിയോയുടെ ഖത്തര്‍ സന്ദര്‍ശനം. ഖത്തറിനുള്ള യുഎസിന്റെ പിന്തുണ അദ്ദേഹം വ്യക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
ഖത്തറുമായി പ്രതിരോധ കരാര്‍ അന്തിമഘട്ടത്തിലാണെന്നും ഉടന്‍ ഒപ്പുവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരിയും ഇത് സ്ഥിരീകരിച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഖത്തര്‍ നടത്തുന്ന ഇടപെടലിന് റൂബിയോ നന്ദി അറിയിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷയും തന്ത്രപരമായ സഹകരണവും ചര്‍ച്ചയായി.
നേരത്തെ, ഇസ്രാഈല്‍ ആക്രമണത്തിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രി യുഎസ് സന്ദര്‍ശിച്ചിരുന്നു. വാഷിങ്ടണില്‍ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയതോടൊപ്പം പ്രസിഡണ്ട് ട്രംപുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. അറബ് രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിക്ക് ശേഷമാണ് റൂബിയോ ഖത്തറിലെത്തിയത്.