
ലണ്ടന്‍: യുകെയിലെ ജോലിസ്ഥലത്ത് വെച്ച് മാനേജരില്‍ നിന്ന് ‘അടിമ’ എന്നതടക്കമുള്ള വംശീയ അധിക്ഷേപം നേരിട്ട തമിഴ്‌നാട് സ്വദേശിക്ക് 81 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം. മാധേഷ് രവിചന്ദ്രനാണ് നിയമപോരാട്ടത്തിനൊടുവില്‍ യുകെ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിലൂടെ നീതി ലഭിച്ചത്. 67,000 പൗണ്ട് (ഏകദേശം 81 ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാനാണ് ഉത്തരവ്.
ലണ്ടനിലെ വെസ്റ്റ് വിക്കാമിലുള്ള പ്രമുഖ ഭക്ഷണശാല ശൃംഖലയായ കെഎഫ്സിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മാധേഷിന് ദുരനുഭവമുണ്ടായത്. സ്ഥാപനത്തിലെ മാനേജരായ ശ്രീലങ്കന്‍ വംശജന്‍ കാജന്‍ തൈവേന്തിരം ആണ് മാധേഷിനെ ‘അടിമ’ എന്ന് വിളിച്ചത്. ഭാരതീയര്‍ തട്ടിപ്പുകാരാണെന്ന് ഇയാള്‍ ആക്ഷേപിച്ചതായും ട്രൈബ്യൂണല്‍ കണ്ടെത്തി.
ആഴ്ചയില്‍ 45 മണിക്കൂര്‍ ജോലി ചെയ്യാനാണ് കരാര്‍ ഉണ്ടായിരുന്നതെങ്കിലും, തൊണ്ണൂറോളം മണിക്കൂര്‍ ജോലി ചെയ്യാന്‍ മാധേഷ് നിര്‍ബന്ധിതനായിരുന്നു. ഇതിനിടെ അവധിക്ക് അപേക്ഷിച്ചപ്പോള്‍ അതും നിരസിച്ചു. ശ്രീലങ്കന്‍ വംശജരായ മറ്റ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കുകയും ഭാരതീയനായ മാധേഷിന് അത് നിഷേധിക്കുകയും ചെയ്തത് വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. അവധി ചോദിച്ചപ്പോഴാണ് മാനേജര്‍ പ്രകോപിതനായി മോശം പദപ്രയോഗങ്ങള്‍ നടത്തിയത്.
വംശീയമായ പെരുമാറ്റം ചോദ്യം ചെയ്തതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ മാധേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തുടര്‍ന്ന് മാധേഷ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. മാധേഷിന് നേരിട്ടത് കടുത്ത വംശീയ വിവേചനമാണെന്ന് ജഡ്ജി പോള്‍ ആബട്ട് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനൊപ്പം അവധി ദിവസങ്ങളിലെ വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.