• Thu. Oct 24th, 2024

24×7 Live News

Apdin News

യുഡിഎഫിന് പിന്തുണ; സ്ഥാനാർഥിയെ പിന്‍വലിച്ചു; പുതിയ നീക്കങ്ങളുമായി പാലക്കാട് അന്‍വർ

Byadmin

Oct 24, 2024


പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പാർട്ടി സ്ഥാനാർഥിയെ പിന്‍വലിച്ചിരിക്കുകയാണ് പിവി അന്‍വർ. യുഡിഎഫിനായിരിക്കും തന്റെയും പാർട്ടിയുടെയും പിന്തുണ എന്നും അന്‍വർ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അപമാനിച്ചാലും തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാനമെന്ന് പി.വി.അൻവർ പറഞ്ഞു. അതേസമയം, ചേലക്കരയിൽ ഡിഎംകെ(അന്‍വർ) സ്ഥാനാർഥി എൻ.കെ.സുധീർ മത്സര രംഗത്ത് തുടരുമെന്നും പി.വി. അന്‍വർ വ്യക്തമാക്കി.

ഇന്ന് പാലക്കാട്ട് നടന്ന ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനായ മിന്‍ഹാജ് മെദാര്‍ ആയിരുന്ന പാലക്കാട് ഡിഎംകെ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാണ് അന്‍വർ പാലക്കാട് ഡിഎംകെ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചത്.

സംസ്ഥാന സർക്കാരിനെ പതിവു പോലെ നിലമ്പൂർ എംഎല്‍എ കടന്നാക്രമിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന ആക്ഷേപവും അന്‍വർ ഉയർത്തി. കോണ്‍ഗ്രസിനോട് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ഐക്യമുന്നണിയിലെ മുസ്ലീം ലീഗ് വരെ ആവശ്യപ്പെട്ടിരുന്നതായി അന്‍വർ പറഞ്ഞു.

ബിജെപിയുടെയും ആർഎസ്എസ്സിൻ്റെയും കടന്നു വരവ് ഇല്ലാതാക്കണം എന്ന് യുഡിഎഫുമായി ചർച്ച ചെയ്തിട്ടുണ്ട്. താന്‍ മുന്നോട്ട് വെച്ച ഒരു ഡിമാന്‍റുകളും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും അന്‍വർ കൂട്ടിച്ചേർത്തു. വയനാട്ടിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് പാർട്ടി കൊടി ഉപേക്ഷിച്ചതാണ്. അതുപോലെയുള്ള വിട്ടു വീഴ്ച ചെയ്യാൻ കോൺഗ്രസ് പാലക്കാട് തയ്യാറാകുന്നില്ല. എന്നാല്‍ പാലക്കാട് ബിജെപിയെ പരാജയപ്പെടുത്താനായി യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന നിലപാടും അന്‍വർ അണികളെ അറിയിച്ചു.

ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുകയാണെന്ന് എടുത്തു പറയുമ്പോഴും അന്‍വറിന്‍റെ വിമർശനങ്ങള്‍ എല്ലാം തന്നെ സർക്കാരിനെ ലക്ഷ്യമാക്കിയാണെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആക്ഷേപങ്ങളെല്ലാം മറക്കുന്നുവെന്നു പറഞ്ഞ് യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു.

ഇതോടൊപ്പം, പാലക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷവും അന്‍വർ കണ്‍വന്‍ഷനില്‍ വിലയിരുത്തി. മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ നടത്തിയ ഡിഎംകെ സർവേ പ്രകാരമായിരുന്നു അന്‍വറിന്‍റെ വിലയിരുത്തല്‍. ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ അനുകൂലിക്കുന്നവരാണ് പല മുസ്ലീം കുടുംബങ്ങളും. കോൺഗ്രസിൻ്റെ അവസ്ഥ പാലക്കാട് സ്പോടനാത്മകമാണ്.

സരിൻ്റെ കൂടെയുള്ളവരുടെ വോട്ട് ബിജെപിക്ക് പോകും എന്നാണ് തങ്ങളുടെ എല്ലാ കണ്ടെത്തലെന്നും അന്‍വർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ല. സരിൻ്റെ സ്ഥാനാർഥിത്വം കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ നിന്നും വോട്ടു ബി.ജെ.പിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടർമാർക്ക് യുഡിഎഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബിജെപിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടർമാരെ കബളിപ്പിക്കുകയാണെന്നും അന്‍വർ കണ്‍വന്‍ഷനില്‍ പറഞ്ഞു.

The post യുഡിഎഫിന് പിന്തുണ; സ്ഥാനാർഥിയെ പിന്‍വലിച്ചു; പുതിയ നീക്കങ്ങളുമായി പാലക്കാട് അന്‍വർ appeared first on ഇവാർത്ത | Evartha.

By admin