
കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്നും ഉദ്യോഗസ്ഥരെക്കൊണ്ട് നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും സതീശന്‍ അറിയിച്ചു.
പാര്‍ട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തില്‍ വേറെ ആരും നോമിനേഷന്‍ കൊടുക്കാന്‍ പാടില്ല എന്നതാണ് സിപിഎമ്മിന്റെ സമീപനം. സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ പറഞ്ഞു.
നീതിപൂര്‍വമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സിപിഎം തടയുന്നു. എന്ത് തോന്നിവാസവും കാണിക്കാം എന്നതാണ് ധാരണ. എന്തൊക്കെ കാണിച്ചാലും സിപിഎം തെരഞ്ഞെടുപ്പില്‍ ജയിക്കില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സിപിഎമ്മില്‍ വിമതശല്യമാണ്. പാലക്കാട് അട്ടപ്പാടിയില്‍ നേതാക്കള്‍ പരസ്പരം കൊലപാതക ഭീഷണി ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.