ഒന്നര വര്‍ഷത്തിനടുത്ത് നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഭീഷണി തുടര്‍ന്ന് ഇസ്രാഈലിലെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഗസയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ബെന്‍ ഗ്വിര്‍ ഗസയെ മുഴുവനായും ഇസ്രാഈല്‍ ഏറ്റെടുക്കുമെന്നും അവകാശപ്പെട്ടു.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വെള്ളിയാഴ്ച്ച ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ കരാറിനേയും സ്‌മോട്രിച്ച് രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.
ഏറ്റവും മോശവും വിനാശകരവുമായ ഒരു കരാറിനാണ് നെതന്യാഹു പച്ചക്കൊടി കാണിക്കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞ സ്‌മോട്രിച്ചും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിലീജിയസ് സയണിസവും മന്ത്രിസഭയിലെ വോട്ടെടുപ്പില്‍ വെടിനിര്‍ത്തലിനെതിരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം വെടിനിര്‍ത്തല്‍ നടപ്പിലാക്കരുതെന്ന സ്‌മോട്രിച്ച് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ഇവരുടെ വിഭാഗത്തിന്റെ മറ്റ് പല നിര്‍ണായക ആവശ്യങ്ങളും നെതന്യാഹു അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രാഈലിന്റെ മുഴുവന്‍ ലക്ഷ്യങ്ങളും കൈവരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഹമാസിനെ സമ്പൂര്‍ണമായി ഇല്ലാതാക്കല്‍ അതില്‍ പ്രധാനമാണെന്നും തങ്ങളുടെ ഈ അവകാശവാദങ്ങള്‍ ഇസ്രാഈല്‍ ക്യാമ്പിനറ്റ് അംഗീകരിച്ചതായും സ്‌മോട്രിച്ച് പറഞ്ഞു. യുദ്ധത്തിന്റെ രീതി പൂര്‍ണ്ണമായും മാറ്റണമെന്ന് തന്റെ വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ അതിന് ഉറപ്പ് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ മുനമ്പിന്റെ ഏറ്റെടുക്കല്‍, ബൈഡന്‍ ഭരണകൂടം ഞങ്ങളുടെമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളയുക, സ്ട്രിപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണം, ഹമാസിനുള്ള മാനുഷിക സഹായങ്ങള്‍ തടയുക എന്നീ ആവശ്യങ്ങളാണ് സ്‌മോട്രിച്ച് വിഭാഗം മുന്നോട്ട് വെച്ചത്. ഗസ നശിക്കുകയോ വാസയോഗ്യമല്ലാതാകും വരെയോ ഇതെല്ലാം തുടരുമെന്നും സ്‌മോട്രിച്ച് പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം പാലിക്കപ്പെടാതെ പോയാല്‍ തെളിഞ്ഞാല്‍ ഗസയ്‌ക്കെതിരായ യുദ്ധം പുതിയ വഴികളില്‍ തുടരുമെന്ന് നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു.
ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനുമെല്ലാം രണ്ടാം ഘട്ടത്തിലെ ചര്‍ച്ചകള്‍ വ്യര്‍ത്ഥമാണെന്ന് കണ്ടാല്‍ യുദ്ധത്തിലേക്ക് മടങ്ങാനുള്ള ഇസ്രാഈലിന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. കൂടാതെ ഗസയില്‍ തടവിലാക്കിയ എല്ലാ ഇസ്രാഈലി ബന്ദികളുടേയും തിരിച്ചുവരവ് പൂര്‍ത്തിയാകുന്നതുവരെ ഇസ്രാഈല്‍ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം കഴിഞ്ഞ ദിവസം മുന്ന് ബന്ദികളെ കഴിഞ്ഞ ദിവസം ഹമാസ് വിട്ടയച്ചിരുന്നു. ഇനി 30 ഓളം ബന്ദികള്‍ ഗസയിലുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ പ്രതിഷേധിച്ച് ഇസ്രാഈലിലെ തീവ്ര വലതുപക്ഷ മന്ത്രിയായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.