
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ആക്രമണത്തിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരായ ഓപ്പറേഷൻ എപ്പിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ, ഇന്ധനം നിറയ്‌ക്കുന്ന കെസി-135 സൈനിക വിമാനമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് അമേരിക്ക അറിയിച്ചു. ഒരു വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണു, രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്തു എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്.
വിമാനം തകർന്നു വീണതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയ്‌ക്ക് നഷ്ടമായ നാലാമത്തെ വിമാനമാണിത്. നേരത്തെ മൂന്ന് എഫ്-15 വിമാനങ്ങളാണ് തകർന്നത്. ഇറാനെ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആരെങ്കിലും മരിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അമേരിക്കൻ സൈന്യത്തിന്റെ പ്രധാനപ്പെട്ട കെസി-135 ടാങ്കർ വിമാനമാണ് തകർന്നത്. യുദ്ധവിമാനങ്ങൾക്കും മറ്റ് ദീർഘദൂര വിമാനങ്ങൾക്കും ആകാശത്തുവെച്ച് ഇന്ധനം നിറയ്‌ക്കാൻ ഉപയോഗിക്കുന്ന വിമാനമാണിത്. സാധാരണയായി മൂന്ന് ജീവനക്കാരാണ് ഈ വിമാനത്തിൽ ഉണ്ടാകാറുള്ളത്. എന്നാൽ അപകടസമയത്ത് അഞ്ച് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മറ്റ് രണ്ട് പേർ എന്ത് ചുമതലയാണ് വഹിച്ചിരുന്നതെന്ന് വ്യക്തമല്ല.