
ലക്നൗ : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ്. 1875-ൽ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ഗാനം ബിജെപിയും കോൺഗ്രസും തമ്മിലുള്ള തർക്കത്തിന്റെ കേന്ദ്രബിന്ദുവായിരിക്കെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ തീരുമാനം.
ഗോരഖ്പൂരിൽ നടന്ന ‘ഏകതാ യാത്ര’ (ഐക്യ മാർച്ച്) പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ് . ‘വന്ദേമാതരം’ നിർബന്ധമാക്കുന്നത് പൗരന്മാരിൽ ഭാരതമാതാവിനോടും മാതൃരാജ്യത്തോടുമുള്ള ആദരവും അഭിമാനവും വളർത്തുമെന്നും അദ്ദേഹം പറഞ്ഞു.
“ദേശീയ ഗാനമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടായിരിക്കണം. ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഞങ്ങൾ അത് നിർബന്ധമാക്കും. ഇത് എല്ലാവർക്കും അത്യാവശ്യമാണ്. ദേശീയ ഐക്യത്തെയും സമഗ്രതയെയും ദുർബലപ്പെടുത്തുന്ന ഘടകങ്ങൾ നാം തിരിച്ചറിയണം. ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കാൻ ഭാവിയിൽ ഒരു ജിന്നയും ജനിക്കാതിരിക്കാൻ നാം അവയെ ഫലപ്രദമായി ചെറുക്കണം.
‘വന്ദേമാതരം’ എന്ന ഗാനത്തെ പഴയ കാലത്തെ പാർട്ടി “വർഗീയം” എന്ന് വിളിച്ചിരുന്നു . ഒരു മതമോ ജാതിയോ രാജ്യത്തെക്കാൾ വലുതാകില്ല. ദേശീയ ഐക്യത്തിന് തടസ്സമാകുന്ന വിശ്വാസങ്ങളെ നാം മാറ്റിവെക്കണം. ‘വന്ദേമാതരം’ ഗാനത്തെ എതിർക്കുന്നതിൽ അർത്ഥമില്ല ‘ യോഗി ആദിത്യനാഥ് പറഞ്ഞു.