ഉത്തര്‍പ്രദേശില്‍ ദളിത് എഞ്ചിനീയറെ ഓഫീസിനുള്ളില്‍ വെച്ച് ഷൂ ഉപയോഗിച്ച് മര്‍ദ്ദിച്ചതിന് ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ലാല്‍ സിങ്ങിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
മുന്ന ബഹദൂര്‍ എന്ന വ്യക്തിയും അജ്ഞാതരായ ചില വ്യക്തികളും തന്റെ ഓഫീസില്‍ അനുവാദമില്ലാതെ കടന്നുവെന്ന് ലാല്‍ സിംഗ് തന്റെ പരാതിയില്‍ പറയുന്നു. അവര്‍ ജാതി അധിക്ഷേപം നടത്തുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതായി പറയുന്നു. ഷൂ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു,’ പോലീസ് സൂപ്രണ്ട് ഓംവീര്‍ സിംഗ് പറഞ്ഞു.
അക്രമികള്‍ ചില പ്രധാനപ്പെട്ട ഫയലുകള്‍ വലിച്ചുകീറുകയും പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ലാല്‍ സിങ്ങിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഉദ്യോഗസ്ഥനും ഒരു കൂട്ടം ആളുകളും തമ്മില്‍ രൂക്ഷമായ തര്‍ക്കവും ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഒരു സന്ദേശത്തോടെ വീഡിയോ പങ്കിട്ടു: ‘അധികാരത്തിന്റെ അര്‍ത്ഥം പീഡിപ്പിക്കലല്ല.’ അറസ്റ്റിലാകുന്നതിനുമുമ്പ്, തന്റെ പ്രദേശത്തെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ ലാല്‍ സിംഗിന്റെ ഓഫീസില്‍ പോയെന്നും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ തനിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നും മുന്ന ബഹദൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുന്ന ബഹാദൂറിനും അദ്ദേഹത്തോടൊപ്പമുള്ള മറ്റുള്ളവര്‍ക്കുമെതിരെ ബിഎന്‍എസിന്റെയും എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെയും നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി എസ്പി പറഞ്ഞു.