
ബെംഗളൂരു: കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ യുപിയിലെ യോഗി ആദിത്യനാഥിനെ കടമെടുത്ത് ഒരു കാര്യം ചെയ്തു: മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ 15 ഏക്കര്‍ സ്ഥലം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിച്ചു. അടുത്ത ദിവസം തന്നെ അവിടേക്ക് സിപിഎം എംപിയായ എ.എ. റഹിം ഓടിയെത്തി.
ബെംഗളൂരുവില്‍ മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ 15 ഏക്കര്‍ സ്ഥലത്തെ കയ്യേറ്റമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ബെംഗളൂരുവിലെ യെലഹങ്കയിലാണ് സംഭവം. യെലഹങ്കയിലെ കൊംഗിലു വില്ലേജില്‍ ഫക്കീര്‍ കോളനിയിലും വസീം ലെഔട്ടിലും കയ്യേറിയ പണിത ഏകദേശം 200 വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. 400 കുടുംബങ്ങളെ ഒഴിപ്പിച്ചു. 3000 പേരെ സ്ഥലംമാറ്റി.
ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഒഴിപ്പിക്കല്‍ അനീതിയാണെന്ന് എ.എ. റഹിം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാമൂല്യങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് ചവിട്ടിമെതിക്കാന്‍ സമ്മതിക്കില്ലെന്നും എ.എ. റഹിം പറഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ റഹിമിനെതിരെ വന്‍തോതില്‍ വിമര്‍ശനം ഉയരുകയാണ്.
“ഇയാള്‍ എന്തേ യുപിയില്‍ യോഗി ആദിത്യനാഥും അസമില്‍ ഹിമന്ത ബിശ്വശര്‍മ്മയും ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം പൊളിക്കുമ്പോള്‍ അവിടെ പോയില്ല? അതൊന്നും ഇൻഡ്യയിലല്ലേ?”- എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. “ഓൻ ഇതു പോലെ നടന്ന് യുപി, ഗുജറാത്ത്, ആസ്സാം ഒക്കെ സന്ദർശിച്ചു പരിഹാരം കണ്ടിട്ടാണ് കർണാടകയിൽ പോയത്.”..എന്നാണ് അബ്ദുള്‍ ജബ്ബാര്‍ എന്നയാള്‍ ഫെയ്സ്ബുക്കില്‍ പരിഹസിക്കുന്നത്. സേഫ് ആയിടത്തേ റഹിം പോകൂ എന്നതാണ് മറ്റൊരു ട്രോള്‍. “ബ്രിട്ടാസിന് കൂട്ടിയിരുന്നുവെങ്കിൽ ഈയൊരു ഒറ്റ വിഷയം വെച്ചുകൊണ്ട് കർണാടക ആർഎസ്എസ് ബിജെപിക്ക് അവസരം ഒരുക്കി കൊടുക്കാൻ പാലം ആക്കാമായിരുന്നു”-ഇതാണ് മറ്റൊരു കമന്‍റ്.