ഉത്തര്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുസ്ലിം യുവതികള്‍ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്റെ ദൃശ്യം പുറത്ത് വന്നു.
തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട് ‘നിങ്ങള്‍ക്ക് വെടിവെക്കാനാകില്ല’ എന്ന് മുസ്ലിം സ്ത്രീ പറയുമ്പോള്‍, ‘ഞങ്ങള്‍ക്ക് ഉത്തരവുണ്ട്’ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസുകാരന്‍ അടുത്തേക്ക് നടക്കുന്നതാണ് ദൃശ്യത്തില്‍ ഉള്ളത്. കക്രൗലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവ് ശര്‍മ്മയാണ് ഈ പൊലീസുകാരനെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
മുസ്ലിംകളെയും യാദവരെയും ലക്ഷ്യമിട്ട് തടയുകയായിരുന്നുവെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ കാണ്‍പൂരിലെ സിസാമാവു അസംബ്ലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ നിരവധി പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാന്‍ കമീഷന്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്ത കാര്യം കാണ്‍പൂര്‍ പൊലീസ് അറിയിച്ചു.