ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു. വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തിയിരുന്നു. വിഷയത്തില്‍ സീന്‍ മഹസര്‍ തയ്യാറാക്കാത്തതടക്കം ഡല്‍ഹി പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.
സമിതിയുടെ നിര്‍ദേശപ്രകാരം ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയില്‍ പരിശോധന നടത്തി സീല്‍ ചെയ്തു. സുരക്ഷക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡല്‍ഹിയില്‍ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.
അതേസമയം, രാത്രി 11.30ന് നടന്ന സംഭവം രാവിലെ 8 മണിക്ക് മോര്‍ണിംഗ് ഡയറി സമര്‍പ്പിച്ചപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണര്‍ സമിതിയെ അറിയിച്ചു. തീയണച്ച ഉടന്‍ യശ്വന്ത് വര്‍മ്മയുടെ പിഎ എല്ലാവരോടും പോകാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ വീണ്ടും എത്തിയപ്പോള്‍ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു.
പൊലീസിന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരില്‍ നിന്ന് മൊഴി എടുക്കും. യശ്വന്ത് വര്‍മ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.