ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഖാലിദ് പ്രധാന്‍ എന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്. സ്വകാര്യ സര്‍വകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ വിദ്യാര്‍ഥി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കാര്‍ത്തിക് ഹിന്ദു എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗംഗാ നഗര്‍ എസ്എച്ച്ഒ പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 299 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുകയും അതിന്റെ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായി സര്‍വകലാശാല വക്താവ് പറഞ്ഞു.