വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലിയുള്ള രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൗശാംബി ജില്ലയിലെ 58 ഏക്കര്‍ വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു.
ജില്ലയില്‍ ആകെ 98.95 ഹെക്ടര്‍ വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 93 ബിഘാസ് (ഏകദേശം 58 ഏക്കര്‍) ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ രേഖപ്പെടുത്തി.
വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ്, ഭൂരിഭാഗം മദ്രസകളും ശ്മശാനങ്ങളും ഉള്ള ഭൂമി യഥാര്‍ത്ഥത്തില്‍ ഗ്രാമസമാജത്തിന്റെ (ഗ്രാമ സമൂഹം) പേരിലാണ് രേഖപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
കൂടുതല്‍ പരിശോധനകള്‍ക്കായി ജില്ലയിലെ മൂന്ന് തഹസീലുകളിലും അന്വേഷണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ സ്വത്തായി രജിസ്റ്റര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, കോടതികള്‍ വഖഫ് ആയി നേരത്തെ പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡി-നോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതും കേന്ദ്ര വഖഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ വിവാദമായ വഖഫ് ഭേദഗതി നിയമത്തിലെ ചില സുപ്രധാന വ്യവസ്ഥകള്‍ക്ക് സുപ്രീം കോടതി ബുധനാഴ്ച സ്റ്റേ നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച്, ചില വ്യവസ്ഥകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിരീക്ഷിച്ചു.