ആലപ്പുഴ: എസ്എഫ്‌ഐയെ പരോക്ഷമായി വിമര്‍ശിച്ച് സിപിഎം മുതിര്‍ന്ന നേതാവ് ജി. സുധാകരന്റെ കവിത. ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിലാണ് കലാകൗമുദിയിലെ കവിത. എസ്എഫ്‌ഐ എന്ന് നേരിട്ട് പറയാതെ പ്രതീകങ്ങളിലൂടെയാണ് പരിഹാസവും വിമര്‍ശനവും നടത്തുന്നത്. ‘ഞാന്‍ നടന്നുപാസിച്ച വിപ്ലവ കലാസ്ഥാപനം കുറ്റക്കാരാല്‍ നിറയാന്‍ തുടങ്ങുന്നു’ എന്ന് കവിതയില്‍ സുധാകരന്‍ പറയുന്നു.
എസ്എഫ്‌ഐയുടെ മുദ്രാവാക്യത്തെപ്പറ്റിയും കവിതയില്‍ പരാമര്‍ശമുണ്ട്. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാന്‍ ക്ഷമയില്ലാത്തവര്‍ എന്നും കാലക്കേടിന്റെ ദുര്‍ഭൂതങ്ങള്‍’ എന്നും പരിഹസിക്കുന്നു. കൊടിപിടിക്കാന്‍ വന്നു കൂടിയവരില്‍ കള്ളത്തരം കാണിക്കുന്നവര്‍ ഉണ്ടെന്നും അസുരവീരന്മാര്‍ എന്നും വിമര്‍ശനം. തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും കവിതയില്‍ പരാമര്‍ശിക്കുന്നു. കല്ലെറിയുന്നവര്‍ക്ക് രക്തസാക്ഷി കുടുംബത്തിന്റെ വേദന അറിയില്ലെന്നും മരിച്ചാല്‍ പോലും ക്ഷമിക്കില്ലെന്നും സുധാകരന്‍. ദുഷ്പ്രഭു വാഴ്ചക്കാലത്തിന്റെ പ്രതീകങ്ങളെ പേറുന്നവരാണെന്നും വിമര്‍ശനം. മന്ത്രി സജി ചെറിയാന്‍ പറഞ്ഞ കുന്തവും കൊടചക്രവും എന്ന പ്രയോഗവും കവിതയിലുണ്ട്.
സിപിഎം സംസ്ഥാന സമ്മേളന കാലത്താണ് കവിത പ്രസിദ്ധീകരിച്ചതെന്നതും ശ്രദ്ധേയമാണ്. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ശേഷം ചില എസ്എഫ്‌ഐ നേതാക്കള്‍ സുധാകരനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. മര്‍ക്കടമുഷ്ടിക്കാരന്‍ എന്നായിരുന്നു പരിഹാസം. ഇതിനെ തള്ളിപ്പറയാന്‍ എസ്എഫ്‌ഐയുടേയോ, സിപിഎമ്മിന്റെയോ മുതിര്‍ന്ന നേതാക്കള്‍ പോലും തയാറാകാത്ത സാഹചര്യത്തിലാണ് കവിതയിലൂടെ അതേ നാണയത്തില്‍ മറുപടിയുമായി സുധാകരന്‍ രംഗത്തുവന്നത്.