
ന്യൂദല്‍ഹി: ഭാരതത്തിലെ യുവതലമുറ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അവസരങ്ങളും അവര്‍ വിവേകപൂര്‍വമാണ് ഉപയോഗിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ രംഗത്തെ സ്റ്റാര്‍ട്ടപ്പായ ഹൈദരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ ഇന്‍ഫിനിറ്റി കാമ്പസ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ബഹിരാകാശ മേഖലയെ പുനര്‍നിര്‍മിക്കുന്നതില്‍ രാജ്യത്തെ ജെന്‍ സീ തലമുറ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ബഹിരാകാശ മേഖല തുറന്നുനല്‍കിയപ്പോള്‍ രാജ്യത്തെ യുവാക്കള്‍ പ്രത്യേകിച്ച് നമ്മുടെ ജെന്‍ സി തലമുറ അത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വന്നു. ഇന്ന് ഭാരതത്തിലെ മുന്നൂറിലധികം ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തിന്റെ ബഹിരാകാശ ഭാവിക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. ജെന്‍ സി എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, കോഡര്‍മാര്‍, ജെന്‍ സി ശാസ്ത്രജ്ഞര്‍ എന്നിവര്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങള്‍, സംയോജിത വസ്തുക്കള്‍, റോക്കറ്റ്, സാറ്റലൈറ്റ് പ്ലാറ്റ്ഫോമുകളുടെ നിര്‍മാണം തുടങ്ങിയവയില്‍ പുതിയ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത മേഖലകളിലാണ് ഭാരതത്തിലെ യുവാക്കള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിന്റെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ മേഖലയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള സ്‌കൈറൂട്ടിന്റെ ആദ്യ റോക്കറ്റായ വിക്രം ഒന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഏകദേശം 2,00,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് സ്‌കൈറൂട്ടിന്റെ ഇന്‍ഫിനിറ്റി ക്യാമ്പസ്. ഒന്നിലധികം വിക്ഷേപണ വാഹനങ്ങള്‍ രൂപകല്‍പന ചെയ്യാനും വികസിപ്പിക്കാനും സംയോജിപ്പിക്കാനും പരീക്ഷിക്കാനും ഇവിടെ സൗകര്യമുണ്ട്. കൂടാതെ, പ്രതിമാസം ഒരു ഭ്രമണപഥ റോക്കറ്റ് നിര്‍മിക്കാനുള്ള ശേഷിയും ഈ ക്യാമ്പസിനുണ്ട്. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദനയും നാഗ ഭരത് ദാക്കയും ചേര്‍ന്നാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. 2022 നവംബറില്‍, സ്‌കൈറൂട്ട് തങ്ങളുടെ ഉപ- ഭ്രമണപഥ റോക്കറ്റായ വിക്രം എസ് വിക്ഷേപിച്ചു. ഇതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച ഭാരതത്തിലെ ആദ്യത്തെ സ്വകാര്യകമ്പനിയായി സ്‌കൈറൂട്ട് മാറിയിരുന്നു.