തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് സംഭവത്തില്‍ ആശുപത്രിയോട് വിശദീകരണം തേടി ഡിഎംഒ. ചികിത്സാപ്പിഴയില്‍ ഡോക്ടര്‍ വീഴ്ച സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ കൂടിയാണ് വിഷയത്തില്‍ ഡിഎംഒയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ നെഞ്ചില്‍ ഉള്ളത് 50 സെന്റീമീറ്റര്‍ നീളം വരുന്ന ട്യൂബ് കുടുങ്ങിയതായി കാണിച്ച് ബന്ധുക്കൾ ആരോഗ്യവകുപ്പിന് നേരത്തെ പരാതി നല്‍കിയിരുന്നു.
ശ്വാസംമുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂബ് കണ്ടെത്തിയത്. 2023 മാര്‍ച്ചില്‍ കാട്ടാക്കട മലയിന്‍കീഴ് സ്വദേശിനി സുമയ്യക്ക് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവെന്നാണ് ആരോപണം. നിലവില്‍ ഡോക്ടര്‍ കയ്യൊഴിഞ്ഞ സ്ഥിതിയെന്ന് സുമയ്യ ആരോപിച്ചു.
നടക്കാന്‍ ബുദ്ധിമുട്ടും ശ്വാസംമുട്ടലും ഉണ്ടാകാറുണ്ട് എന്ന് സുമയ്യ പറയുന്നു. 50 സെന്റീമീറ്റർ നീളമുള്ള ട്യൂബാണ് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതെന്നും ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു.
രണ്ടുവർഷം മുൻപ് ജനറൽ ആശുപത്രിയിൽ തൈറോയ്‌ഡിന്റെ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിനിടെ ട്യൂബ് കുടുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്‌സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയതെന്നും ഇക്കാര്യം അറിയിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഒഴിഞ്ഞുമാറിയെന്നും യുവതി ആരോപിക്കുന്നു. ട്യൂബ് നെഞ്ചിൽ ഒട്ടിപ്പോയി. എടുത്ത് മാറ്റാൻ പ്രയാസമാണ്. ശ്രമിച്ചാൽ ജീവന് ഭീഷണിയാണെന്ന് ഡോക്‌ടർ പറഞ്ഞതായും യുവതി വെളിപ്പെടുത്തി.
പിന്നീട് ചികിത്സാപ്പിഴവ് സമ്മതിച്ച ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി പണവും നൽകിയെന്ന് സുമയ്യയുടെ ബന്ധു വെളിപ്പെടുത്തി. അതേസമയം, ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖയും ബന്ധുക്കൾ പുറത്തുവിട്ടു. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടർ രാജീവ് കുമാർ സംഭാഷണത്തിൽ പറയുന്നുണ്ട്.
2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. ഡോ.രാജിവ് കുമാറാണ് റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്‌ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി.
തുടർന്ന്, ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. എക്സ്റേ പരിശോധനയിൽ ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതര പിഴവ് ഉണ്ടായതിൽ നീതിവേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.