
ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി. ഭർത്താവുമായി പിണങ്ങി ഒന്നര മാസമായി ഹുബ്ബള്ളിയിൽ അലഞ്ഞുതിരിയുകയായിരുന്ന 35കാരിയായ യുവതിയാണ് പീഡിനത്തിന് ഇരയായത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിർമാണ തൊഴിലാളികളായ കെ. ശിവാനന്ദ് (31), സി. ഗണേഷ് (36) എന്നിവരെ ബലാത്സംഗക്കേസിലും എം. പ്രദീപിനെ (29) വിഡിയോകൾ പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.30ന് ശേഷമാണ് സംഭവം. അംബേദ്കർ ഗ്രൗണ്ടിൽ നിന്ന് ഓട്ടോയിൽ യുവതിയെ തട്ടിക്കൊണ്ടുപോയത്. ബലം പ്രയോഗിച്ചു മദ്യപിപ്പിച്ച ശേഷം വിഡിയോയും ഫോട്ടോയും ചിത്രീകരിച്ചു. തുടർന്നു ഗ്രൗണ്ടിനു സമീപം ഇറക്കിവിട്ടു. ചിത്രങ്ങൾ കണ്ട പ്രദേശവാസികളാണു പോലീസിനെ വിവരമറിയിച്ചത്.തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ഹുബ്ബള്ളി സിറ്റിയിലെ സിദ്ധാരൂഡ മഠത്തിനു സമീപത്തു നിന്ന് ഇവരെ കണ്ടെത്തി. കഴിഞ്ഞ കുറച്ചുനാളുകളായി നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലാണ് ഇവർ രാത്രി തങ്ങിയിരുന്നത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹുബ്ബള്ളി നഗരത്തിലെ വീടുകളില്ലാത്ത അശരണരായ സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തി പുനരധിവസിപ്പിക്കാൻ സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ നിർദേശം നൽകിയിട്ടുണ്ട്.