ബെംഗളൂരു: കോറമംഗലയിലെ ഒല ഇലക്ട്രിക്കിലെ യുവഎഞ്ചിനീയര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് ഒല സിഇഒ ഭവിഷ് അഗര്‍വാള്‍, സീനിയര്‍ എഞ്ചിനീയര്‍ സുബ്രത് കുമാര്‍ ദാസ് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഒലയില്‍ ഹോമോലോഗേഷന്‍ എന്‍ജിനീയറായിരുന്ന കെ. അരവിന്ദാണ് (38) കഴിഞ്ഞ മാസം വിഷം കഴിച്ച് മരിച്ചത്.
അരവിന്ദിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതില്‍ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം അനുഭവപ്പെട്ടതായി പറയുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാനസിക സമ്മര്‍ദ്ദം, ശമ്പളം നല്‍കാതിരിക്കല്‍, അലവന്‍സുകള്‍ വെട്ടിക്കുറയ്‌ക്കല്‍ എന്നിവയും കുറിപ്പില്‍ ആരോപിക്കുന്നു.
അരവിന്ദ് മരിച്ച് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 17.46 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായും ഇതേക്കുറിച്ച് ഒലയുടെ എച്ച്ആര്‍ വകുപ്പിനെ ബന്ധപ്പെട്ടപ്പോള്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.