അമേരിക്കയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രമ്പും തമ്മിലാണ് മത്സരം. അവസാന വോട്ടുകൾ ഉറപ്പാക്കുവാൻ ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റായ പെൻസിൽ വാനിയയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡോണൾഡ് ട്രമ്പും കമല ഹാരിസും.
ഫല സൂചനകൾ നാളെ പുലർച്ചെ മുതൽ അറിയാൻ കഴിയും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നോർത്ത് കരോലിനയിലും ജോർജിയയിലും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് നേരിയ മുന്നേറ്റമുണ്ടെന്നാണ് ഏറ്റവും പുതിയ വിലയിരുത്തൽ. അരിസോണയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനാണ് മേൽക്കൈ. ഏഴ് സംസ്ഥാനങ്ങളിൽ ഇരു സ്ഥാനാർഥികൾക്കും വ്യക്തമായ മേൽക്കൈയില്ല.
ട്രംപിന് നേരെയുണ്ടായ വധശ്രമം ഉൾപ്പെടെ അമേരിക്കയെ പിടിച്ചുകുലുക്കിയ സംഭവ വികാസങ്ങളുടെ വൻ നിര. ജോ ബൈഡനെ മാറ്റി കളത്തിലിറങ്ങിയ കമലയ്ക്ക് ആദ്യം മേൽക്കൈയുണ്ടായിരുന്നു. എന്നാൽ, വെടിവെപ്പിന് ശേഷം ട്രംപിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചു. ട്രംപ് പ്രസിഡന്റായാൽ രാജ്യം അരാജകത്തിലേക്ക് കൂപ്പുകുത്തും എന്നായിരുന്നു കമലയുടെ പ്രധാന പ്രചാരണം.