യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിജാസ് സോളിഡാരിറ്റി ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചതിന് സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസ്. പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, അന്യായമായി സംഘം ചേര്‍ന്നു, അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചു, വഴിയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
യു.എ.പിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് റിജാസിനെ അറസ്റ്റ് ചെയ്തത്. ഓപറേഷന്‍ സിന്ദൂറിനെതിരെ വിമര്‍ശനമുന്നയിച്ചതിനാണ് റിജാസിനെ മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്തത്. റിജാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈകോടതി ജങ്ഷനു സമീപമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയില്‍ സിദ്ദീഖ് കാപ്പനായിരുന്നു മുഖ്യപ്രഭാഷണം നടത്തിയത്. ഡോ. ഹരി, ഷംസീര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പേര് ചോദിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചെന്നും പൊലീസിന്റെ നെയിംപ്ലേറ്റ് തട്ടിപ്പറിച്ചെന്നും പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അഭിഭാഷകന്‍ പ്രമോദ് പുഴങ്കര, സി.പി. റഷീദ്, സാജിദ് ഖാലിദ്, ബബുരാജ് ഭഗവതി, അംബിക, മൃദുല ഭവാനി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
യു.എ.പിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റിജാസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഏകദേശം 30 പേര്‍ പരിപാടിയില്‍ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. 2020 ഒക്ടോബറില്‍ ഹാഥ്‌റസ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പിഎ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് 2022 സെപ്റ്റംബറിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.