ഉത്തര്‍പ്രദേശില്‍ രാംപൂര്‍ പട്ടണത്തില്‍ പള്ളിയില്‍ നിന്നും ഇഫ്താര്‍ സമയം മൈക്കിലൂടെ വിളിച്ചുപറഞ്ഞതിന് ഇമാം അടക്കം ഒമ്പത് മുസ്‌ലിങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്. രാംപൂര്‍ പട്ടണത്തിലെ ഒരു പ്രാദേശിക പള്ളിയിലെ ഇമാമിനെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് രണ്ടിന് ഞായറാഴ്ച തണ്ട പൊലീസ് സ്റ്റേഷനിലെ സയ്യിദ് ചൗക്കി പ്രദേശത്തിന് കീഴിലുള്ള മനക്പൂര്‍ ബജാരിയ ഗ്രാമത്തിലാണ് സംഭവം.
പ്രദേശത്ത് പുതിയ ഇസ്‌ലമിക പാരമ്പര്യങ്ങള്‍ നടപ്പിലാക്കുന്നുവെന്നാരോപിച്ചാണ് സമയം വിളിച്ച് പറഞ്ഞതിനെ ചൊല്ലി ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിച്ചത്. പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഘടനകള്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ മുസ്‌ലിങ്ങള്‍ ഇഫ്താറിന് നിശ്ചിത സമയത്തെത്തണമെന്ന് ഇമാം മൈക്കിലൂടെ വിളിച്ച് പറഞ്ഞത് ഹിന്ദു സംഘടനകളെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് പ്രദേശം സംഘര്‍ഷഭരിതമാവുകയായിരുന്നു.
ഹിന്ദുത്വ നേതാക്കളുടെ ആവശ്യപ്രകാരം അധികാരികള്‍ പള്ളിയിലെ മൈക്ക് നീക്കം ചെയ്യുകയും ഒമ്പതോളം പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയുമായിരുന്നു.
ഹിന്ദുത്വ സംഘടനകളുടെ പ്രസ്താവനയെ ന്യായീകരിച്ചാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതെന്നും ഇഫ്താര്‍ പ്രഖ്യാപനം പുതിയ പാരമ്പര്യമാണേയെന്ന് ഉദ്യേഗസ്ഥര്‍ ചോദിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പള്ളിയില്‍ ഏകദേശം 20 കുടുംബങ്ങളാണ് ദൈനംദിന പ്രാര്‍ത്ഥനകള്‍ക്കെത്തുന്നത്. ഇഫ്താര്‍ വിളി ഒരു മതപരമായ അറിയിപ്പല്ലെന്നും, ഒരേസമയം നോമ്പ് തുറക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണെന്നും മുസ്‌ലിം സംഘടനകള്‍ പ്രതികരിച്ചു.