ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ കാലില്‍ വെടിവെച്ച് പിടികൂടി പൊലീസ്. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വാദം. നിലവില്‍ വെടിയേറ്റ അഷ്റഫ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് പശുവിന്റേത് അടക്കമുള്ള കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കരിമ്പ്, ഗോതമ്പ് പാടങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് എഎസ്പി ദുര്‍ഗാ പ്രസാദ് തിവാരി പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി അഷ്റഫാണെന്ന് കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ ഇയാള്‍ ഹര്‍ചന്ദ്ര ഗ്രാമത്തിലേക്ക് പോവുകയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് എഎസ്പി പറഞ്ഞു. ഇയാള്‍ മറ്റു കേസുകളില്‍ പ്രതിയാണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.