ഉത്തർ പ്രദേശിൽ ക്രമസമാധാനനില മെച്ചപ്പെട്ടതായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷമായ സമാജ്വാദി പാർട്ടി. സംസ്ഥാനത്ത് മെച്ചപ്പെട്ട സുരക്ഷാ അന്തരീക്ഷമുണ്ടെന്നും അതുകൊണ്ടാണ് 40 ലക്ഷം കോടിയുടെ നിക്ഷേപ നിർദേശം ലഭിച്ചതെന്നുമായിരുന്നു യോഗിയുടെ അവകാശവാദം.
എന്നാൽ, കൊള്ളയും കൊലയും ഗുണ്ടാവിളയാട്ടവും അരാജകത്വവും നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെയെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. വാരാണസിയിലെയും ചിത്രകൂടിലെയും കൊലപാതകത്തെയും കൊള്ളയെയും കുറിച്ചുള്ള വാർത്താക്ലിപ്പും പാർട്ടി എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.
പൊലീസും ബി.ജെ.പിയും കൊള്ളക്കാരും ഒത്തുകളിച്ച് കൊള്ളമുതൽ പങ്കുവെക്കുകയാണെന്ന് ആരോപിച്ച സമാജ്വാദി പാർട്ടി കൊള്ളസംഘത്തിന്റെ സി.ഇ.ഒ ആണോ താനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.