യൂട്യൂബ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ രണ്‍വീര്‍ അലഹബാദിയക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനിടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയുടെ എല്ലാ വിഡിയോകളും ഡിലീറ്റ് ചെയ്ത് ഷോയുടെ അവതാരകന്‍ സമയ് റെയ്‌ന. വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകള്‍ പിന്‍വലിച്ചത്.
ആളുകളെ രസിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം, കേസില്‍ എല്ലാ അന്വേഷണ ഏജന്‍സികളുമായും സഹകരിക്കുമെന്നും സമയ് വ്യക്തമാക്കി.
വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം എനിക്ക് കൈകാര്യം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. എന്റെ ചാനലില്‍ നിന്ന് ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എല്ലാ വിഡിയോകളും ഞാന്‍ നീക്കം ചെയ്തു. ആളുകളെ രസിപ്പിക്കുകയും അവര്‍ക്ക് നല്ല സമയം നല്‍കുകയുമായിരുന്നു എന്റെ ലക്ഷ്യം. അന്വേഷണത്തില്‍ സഹകരിക്കുമെന്നും സമയ് എക്‌സില്‍ കുറിച്ചു.
വിഷയത്തില്‍ സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ രണ്‍വീര്‍ അലഹബാദിയ ഷോയുടെ അവതാരകന്‍ സമയ് റെയ്ന, സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ അപൂര്‍വ മഖിജ, ജ്പ്രീത് സിങ്, ആശിഷ് ചഞ്ചലനി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.