• Tue. Nov 5th, 2024

24×7 Live News

Apdin News

യൂണിറ്റിന് 19 പൈസയായി തുടരും; ഈ മാസവും കെഎസ്ഇബി സർചാർജ് ഈടാക്കും

Byadmin

Nov 5, 2024


സംസ്ഥാനത്ത് ഈ മാസവും കെഎസ്ഇബി സർചാർജ് ഈടാക്കും. യൂണിറ്റിന് 10 പൈസ വച്ചാണ് ഈടാക്കുക. റഗുലേറ്ററി കമീഷൻ അംഗീകരിച്ച 9 പൈസയും തുടരും. ഇതുൾപ്പെടെ ഈ മാസം യൂണിറ്റിന് 19 പൈസയാണ് സർചാർജ്. സെപ്തംബര്‍ മാസം ഉണ്ടായ 28.73 കോടി അധിക ചെലവാണ് കെഎസ്ഇബി പിരിക്കുക.

അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം. നിലവിലെ താരിഫിന്‍റെ കാലാവധി നവംബർ 30 വരെയാക്കി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഈ വർഷം യൂണിറ്റിന് 30 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സർക്കാരിന്‍റെ താല്‍പര്യം കൂടി കണക്കിലെടുത്തേ കമ്മീഷൻ താരിഫ് പ്രഖ്യാപിക്കൂ. അതിനാലാണ് മൂന്നാം വട്ടവും നിലവിലെ താരിഫ് നീട്ടിയത്. പൊതുതെളിവെടുപ്പ് ഉള്‍പ്പെടെ താരിഫ് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളെല്ലാം കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബർ ആദ്യവാരം നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.

ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 30 പൈസ വരെ കൂട്ടണമെന്നതാണ് കെഎസ്ഇബിയുടെ ശിപാർശ. ഫിക്‌സഡ് ചാർജ് 30 രൂപ മുതൽ 50 രൂപ വരെ വർധിപ്പിക്കണമെന്ന ആവശ്യവുമുണ്ട്.

വേനൽക്കാലത്തേക്ക് മാത്രമായി സമ്മർ താരിഫ് എന്ന പേരിൽ യൂണിറ്റിന് 10 പൈസ വച്ച് അധികമായി ഈടാക്കാനുള്ള ശിപാർശയും കെഎസ്ഇബി കമ്മീഷന് മുന്‍പിൽ വച്ചിട്ടുണ്ട്. പൊതുതെളിവെടുപ്പുകളിൽ കണ്ട ജനരോഷം കണക്കിലെടുത്ത് കെഎസ്ഇബിയുടെ എല്ലാ ആവശ്യവും റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാനിടയില്ല.

By admin