യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവത്തില്‍ മര്‍ദനം സ്ഥിരീകരിക്കുന്ന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. സേതു കെ.സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സുജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ് വഴിയില്‍ നിര്‍ത്തി മര്‍ദിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജിഡി ചാര്‍ജ് ഉണ്ടായിരുന്ന ശശിധരന്‍ സ്റ്റേഷന് പുറത്തുനിന്ന് നടന്നുവരുന്നത് മര്‍ദനം നടന്നു എന്നതായി കരുതാം എന്നതാണ് നിഗമനം. സ്റ്റേഷന്റെ മുകളിലത്തെ നിലയില്‍ എത്തിച്ച് എസ്‌ഐയുടെ നേതൃത്വത്തില്‍ മര്‍ദനം നടന്നിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ചൂരലുമായി എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് പോയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അതിക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടും ആഭ്യന്തരവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.
ഇന്ന് തൃശൂരില്‍ എത്തുന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മര്‍ദനമേറ്റ സുജിത്തിനെ സന്ദര്‍ശിക്കും. മനുഷ്യവകാശ കമ്മീഷന്‍ അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് തൃശൂര്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.