
സന: റിയാദ്: യെമനെച്ചൊല്ലി തമ്മിലടിച്ച് സൗദിയും യുഎഇയും. യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർക്കെതിരെ സൗദിയും യുഎഇയും ദശാബ്ദത്തിലേറെയായി ഒന്നിച്ച് പോരാടിയവരായിരുന്നെങ്കിലും ഇപ്പോള്‍ ഇരുവരും തമ്മില്‍ അകലുകയാണ്. തെക്കന്‍ യെമനിലെ വിഘടനവാദിസംഘമായ സതേൺ ട്രാൻസിഷണൽ കൗൺസിലിനെ (എസ് ടി സി) ആയുധം നല്‍കി സഹായിക്കാന്‍ യുഎഇ ശ്രമിച്ചതാണ് സൗദിയെ പ്രകോപിപ്പിച്ചത്.
വിഘടനവാദി സംഘങ്ങൾക്ക് നൽകാനായി യുഎഇ എത്തിച്ച ആയുധങ്ങൾ ലക്ഷ്യമിട്ട് യെമനിലെ മുക്കല്ല തുറമുഖത്ത് സൗദി അറേബ്യ വ്യോമാക്രമണം നടത്തി. യുഎഇയുടെ പിന്തുണയുള്ള തെക്കന്‍ യെമനിലെ സതേൺ ട്രാൻസിഷണൽ കൗൺസിലിന് (എസ് ടി സി) വേണ്ടിയുള്ള ആയുധശേഖരമാണ് തകർത്തതെന്ന് സൗദി അറേബ്യ ചൊവ്വാഴ്ച അറിയിച്ചു. യുഎഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ തുറമുഖത്തുനിന്നാണ് ആയുധങ്ങൾ വഹിച്ച കപ്പലുകൾ മുക്കല്ലയിൽ എത്തിയതെന്ന് സൗദി പ്രസ് ഏജൻസി പുറത്തുവിട്ട സൈനിക പ്രസ്താവനയിൽ പറയുന്നു
യെമനിലെ തെക്കന്‍പ്രദേശങ്ങളിലെ വിഘടനവാദികൾക്ക് ആയുധമെത്തിക്കാന്‍ യുഎഇ ശ്രമിച്ചതാണ് സൗദി അറേബ്യയെ പ്രകോപിപ്പിച്ചത്. എണ്ണപ്പാടങ്ങള്‍ ധാരാളമായുള്ള തെക്കന്‍ യെമന്‍ പ്രദേശത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ യുഎഇ ശ്രമിച്ചുവരികയാണ്. യുഎഇയുടെ ലക്ഷ്യം ഇവിടുത്തെ സമ്പന്നമായ എണ്ണപ്പാടങ്ങള്‍ തന്നെയാണെന്ന് പറയുന്നു.
എന്തായാലും തെക്കന്‍ യെമനില്‍ യുഎഇ വിന്യസിച്ച മുഴുവന്‍ കൂലിപ്പട്ടാളക്കാരെയും പിന്‍വലിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു. ഇത് യുഎഇ അംഗീകരിക്കുകയും അവരുടെ കൂലിപ്പട്ടാളക്കാരെ തെക്കന്‍ യെമനില്‍ നിന്നും പിന്‍വലിക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.
യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർക്കെതിരെ സൗദിയും യുഎഇയും ദശാബ്ദത്തിലേറെയായി ഒന്നിച്ച് പോരാടുന്നുണ്ടെങ്കിലും, ദക്ഷിണ യെമനിലെ വിഘടനവാദികളായ എസ് ടി സിയെ യുഎഇ പിന്തുണയ്‌ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. പുതിയ ആക്രമണത്തോടെ റിയാദും അബുദാബിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.