ലഖ്നൗ: യോഗി ആദിത്യനാഥിന്റെ നാട്ടില്‍ നിന്നുള്ള ഹര്‍ഷിത അറോറ എന്ന പെണ്‍കുട്ടി ഇന്ന് ആഗോളതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി നിശ്ചയിക്കുന്ന വൈ കോമ്പിനേറ്റര്‍ എന്ന കമ്പനിയില്‍ പങ്കാളിയായി മാറിയിരിക്കുന്നു. അതും 25ാം വയസ്സില്‍.
ടെക്നോളജിയോടുള്ള അമിതമായ താല്‍പര്യം കാരണം 15ാം വയസ്സില്‍ പഠനം ഉപേക്ഷിച്ച ഈ പെണ്‍കുട്ടിയുടെ ജീവിത വളര്‍ച്ചയുടെ കഥ അത്ഭുതകരമാണ്. ഉത്തർപ്രദേശിലെ സഹാരൻപൂർ എന്ന ചെറിയ സ്ഥലത്തുനിന്ന് വന്ന ഹർഷിത അറോറ എന്ന പെൺകുട്ടി ഇന്ന് ടെക് കമ്പനികളുടെ ഈറ്റില്ലമായ സിലിക്കൺ വാലിയിലെ ചർച്ചാവിഷയമാണ്. വെറും 25 വയസ്സുള്ളപ്പോഴാണ് ഹർഷിത ലോകപ്രശസ്ത സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ ‘വൈ കോമ്പിനേറ്ററിൽ’ (Y Combinator) ഏറ്റവും പ്രായം കുറഞ്ഞ ജനറൽ പാർട്ണർ ആകുന്നത്. സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് മെന്‍റോര്‍ഷിപ്പ്, ബിസിനസ് വിദ്യാഭ്യാസം, ബിസിനസ് കിട്ടാനുള്ള ശൃംഖലകള്‍ എന്നിവ തുറന്നുകൊടുക്കുന്ന കമ്പനികളെയാണ് സ്റ്റാര്‍ട്ടപ് ആക്സിലറേറ്റര്‍ എന്ന് വിളിക്കുന്നത്.
25 വയസ്സ് എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ മിക്ക കുട്ടികളും പഠനം കഴിഞ്ഞ് ഇന്‍റേണ്‍ഷിപ്പിലേക്കോ, ചെറിയ ജോലിയിലേക്കോ പ്രവേശിക്കാന്‍ തുടങ്ങുന്ന പ്രായമാണിതെന്ന് ഓര്‍ക്കണം. ഹർഷിതയുടെ വളർച്ച അതിവേഗമായിരുന്നു. പതിമൂന്നാം വയസ്സിൽ കോഡിംഗ് പഠിച്ചു തുടങ്ങി. സ്കൂൾ പഠനം 15 വയസ്സിൽ വേണ്ടെന്നു വെച്ചു. എന്നിട്ട് സ്വന്തമായി ഒരു ക്രിപ്റ്റോ ആപ്പ് ഉണ്ടാക്കി. 16-ാം വയസ്സിൽ ആ ആപ്പ് മറ്റൊരു കമ്പനി വാങ്ങുകയും ചെയ്തു.
പിന്നീട് അമേരിക്കയിലേക്ക് മാറി ‘AtoB’ എന്ന ഫിൻടെക് സ്റ്റാർട്ടപ്പ് തുടങ്ങി. 2022-ൽ ഈ കമ്പനിയുടെ മൂല്യം ഏകദേശം 700 മില്യൺ ഡോളർ ആയിരുന്നു. അതായത് ഏകദേശം 6515 കോടി രൂപ. ഹര്‍ഷിതയുടെ അപ്പോഴത്തെ പ്രായം എത്രയെന്നോ? വെറും 21 വയസ്സ്. വിജ്ഞാന്‍ വെളിവേല, തുഷാര്‍ മിശ്ര എന്നിവരുമായി ചേര്‍ന്നാണ് 2019ല്‍ ഹര്‍ഷിത ഈ കമ്പനി ആരംഭിക്കുന്നത്. ട്രക്കിംഗ് മേഖലയില്‍ പേയ്‌മെന്‍റ് സംവിധാനം ആധുനിക വല്‍ക്കരിക്കുകയായിരുന്നു ഈ കമ്പനി. സുതാര്യമായ വിലവിവരങ്ങളോടുകൂടിയ ഫ്യൂല്‍ കാര്‍ഡുകള്‍, റിയല്‍ ടൈം പേയ്‌മെന്‍റ് സംവിധാനം എന്നിവ ഈ കമ്പനി കൊണ്ടുവന്നു.. ഇത് അമേരിക്കയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ ഹിറ്റായി. പിന്നെ വെച്ചടി മുന്നേറ്റം.
ഇതൊന്നും വെറുതെ കിട്ടിയതല്ല, കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമാണ് ഹർഷിതയെ ഇവിടെ എത്തിച്ചത്. ഐവി ലീഗ് യൂണിവേഴ്സിറ്റികളില്‍ നിന്നും ബിരുദങ്ങളൊന്നും ഇല്ലെങ്കിലും കഴിവും ബുദ്ധിയും ഉണ്ടെങ്കിൽ ലോകം കീഴടക്കാം എന്ന് അവൾ തെളിയിച്ചു. വടക്കന്‍ അമേരിക്കയിലെ ബ്രൗണ്‍, കൊളംബിയ, കോര്‍ണെല്‍ തുടങ്ങിയ എട്ടോളം പ്രമുഖ ബിസിനസ് ഗവേഷണ സര്‍വ്വകലാശാലകളെയാണ് ഐവി ലീഗ് എന്ന് വിശേഷിപ്പിക്കുന്നത്.
ഒരു ഇന്ത്യൻ പെൺകുട്ടി ലോകത്തെ ഏറ്റവും വലിയ ടെക് ഇൻവെസ്റ്റ്‌മെന്റ് കമ്പനികളിൽ ഒന്നിൽ ഇത്രയും വലിയ സ്ഥാനത്ത് എത്തുന്നത് വലിയൊരു അഭിമാനം തന്നെയാണ്. ഇന്ന് സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾക്ക് ഹർഷിത ഒരു വലിയ ഇൻസ്പിരേഷൻ ആണ്. വിദ്യാഭ്യാസം എന്നത് സ്കൂൾ സർട്ടിഫിക്കറ്റുകളിൽ ഒതുങ്ങുന്നില്ലെന്ന് ഹര്‍ഷിത ജീവിതം കൊണ്ട് തെളിയിക്കുന്നു.