
- കാവാലം ശശികുമാർ
അറിവ് കാച്ചിക്കുറുക്കി സൂക്ഷിക്കുക, അനുഭവങ്ങളിലൂടെ അറിവ് ആർജിക്കുക, അവസരത്തിന് ഓർമിച്ചെടുക്കുക, അനുസ്യൂതമായി അത് പകർന്നുകൊടുക്കുക- ആധുനിക ശാസ്ത്രത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ഇതൊക്കെയാണ്; കമ്പ്യൂട്ടറും കടന്നുള്ള വളർച്ച. ഇതിനെല്ലാം പുറമേ, അസാധാരണമായ മാനുഷികതകൂടി ചേർന്നതായിരുന്നു അനേകായിരം വർഷം മുമ്പത്തെ ഭാരതീയ ബുദ്ധി ശാസ്ത്രം. സാങ്കേതികതയും ഭാഷാവൈഭവവും ശാസ്ത്രീയതയും സങ്കൽപ്പശേഷിയും മാനവികതയും എന്നു വേണ്ട സകലതും ഒന്നിച്ചിരുന്ന വ്യക്തികളും വ്യക്തിസംഘങ്ങളും സഹസ്രാബ്ദങ്ങൾ മുമ്പേ ഇവിടെ ഉണ്ടായിരുന്നു. ആ പരമ്പരയുടെ ഇക്കാലത്തെ കണ്ണികളിലൊന്നാണ് ഹരിയേട്ടൻ എന്ന, ആർ. ഹരിയെന്ന, രംഗ ഹരി. ഒരു കമ്പ്യൂട്ടർ സർവറിനെ അനുസ്മരിപ്പിക്കുകയല്ല, അതിശയിപ്പിക്കും അദ്ദേഹത്തിന്റെ കഴിവുകൾ. വിവരം ശേഖരിക്കാൻ, സുക്ഷിക്കാൻ, തിരിച്ചെടുക്കാൻ, ആവിഷ്‌കരിക്കാൻ, വിതരണം ചെയ്യാൻ ഉള്ള അസാമാന്യ പാടവം, അതിന്റെ ഓരോ അണുവിലും ആദർശാധിഷ്ഠിതമായ സംഘടനാ ബോധവും സംഘ ബോധവും സൂക്ഷിക്കാൻ കഴിയുന്നയാൾ.
മലയാളിക്ക് ഹരിയേട്ടൻ. ഇതര പ്രദേശങ്ങൾക്ക് രംഗഹരി. രേഖകളിൽ ആർ. ഹരി. രൂപം കൊണ്ട് കുറിയ ഈ മനുഷ്യന്റെ വാമനഭാവം അടുത്തറിയുന്നവർക്ക് അമ്പരപ്പും ആരാധനയും പെരുകിക്കൊണ്ടേയിരിക്കും.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ, ആർഎസ്എസിന്റെ, കേരളത്തിൽനിന്നുള്ള ആദ്യത്തെ ദേശീയ ഭാരവാഹിയാണ്, അതും മൂന്ന് പതിറ്റാണ്ടു മുമ്പ്. സംഘടനയിൽ അഞ്ച് സർ സംഘചാലകന്മാർക്കൊപ്പം പ്രവർത്തിച്ചയാൾ. നാല് സംഘ പ്രവർത്തന നിരോധന കാലത്ത് സംഘടനയെ നയിച്ചയാൾ. പ്രസ്ഥാനത്തിന്റെ ബൗദ്ധിക വിഭാഗത്തിൽ ദേശീയ തലവനായിരുന്നു. 2020 ഡിസംബർ അഞ്ചിന് 90 വയസ് തികഞ്ഞു. പതിമൂന്നാം വയസിൽ തുടങ്ങിയ സംഘ പ്രവർത്തനം ഇന്നും തുടരുന്നു. അസാധാരണമല്ലാത്ത ദിവസങ്ങളിലെല്ലാം സംഘടനയുടെ അടിസ്ഥാനവും ആത്മാവുമായ ദൈനംദിന ശാഖാ പ്രവർത്തനത്തിൽ പങ്കെടുക്കുന്നു. പ്രവർത്തകർക്കൊപ്പം ‘പതത്വേഷ കായോ നമസ്തേ നമസ്തേ’ എന്ന് പ്രാർഥന ചൊല്ലുന്നു. ആർഎസ്എസിന്റെ കേരളത്തിലെ ആസ്ഥാനമായ എറണാകുളം എളമക്കരയിലെ മാധവ നിവാസിലെ ഒറ്റമുറിയിലിരുന്ന് ബൗദ്ധികമായി, ലോകതലത്തിൽ സംഘ പ്രവർത്തനങ്ങൾ ചെയ്യുന്നു. അഖിലേന്ത്യാ പരിപാടികളിൽ സംഘടനയുടെ നിർദേശ പ്രകാരം പങ്കെടുക്കുന്നു. മാർഗ നിർദേശം നൽകുന്നു. അത്ഭുതമാണ് ഈ ഹരിയേട്ടൻ.
പതിമൂന്നാം വയസിൽ തിരഞ്ഞെടുത്ത വഴി ശരിയെന്ന് സ്ഥാപിച്ച്, പിന്തരിയാതെ ഏകനിഷ്ഠനായി, എല്ലാ അർഥത്തിലും യാത്രക്കാരനായ ആർ. ഹരി ഒരേയൊരു ഹരിയേട്ടനായതിന്റെ ചരിത്രം കേരളത്തിലെ, ഭാരതത്തിലെ, വിദേശ രാജ്യങ്ങളിലെ സംഘത്തിന്റെ പ്രവർത്തന ചരിത്രംകൂടിയാണ്. പറയാൻ തുടങ്ങുന്നത് എവിടെ നിന്നു വേണം എന്നേ സംശയമുള്ളു. എങ്കിലും ആദ്യത്തെ സംഘസ്ഥാനിൽ നിന്നാവാം; ഹരിയേട്ടൻ പറയുന്നു:
സംഘത്തിലേക്ക്
എറണാകുളത്ത് ടിഡി അമ്പലത്തിന്റെ പരിസരത്ത് ബാഡ്മിന്റൺ കളിക്കാൻ ക്ലബ്ബുണ്ടാക്കിയിരുന്നു. ഒരിക്കൽ ഞങ്ങൾ കളിച്ചുകൊണ്ടിരിക്കെ, പാളത്താറൊക്കെ ഉടുത്ത് ഒരു മഹാരാഷ്‌ട്രിയൻ വന്നു. ഞങ്ങളോട് സംസാരിച്ചു. ഒരു ‘സംഘം’ തുടങ്ങണമെന്ന് ഒക്കെ പറഞ്ഞു. അങ്ങനെ ഞങ്ങൾ തുടങ്ങി. ഒരുമിച്ച് പത്തിരുപത്തഞ്ച് പേരെ കിട്ടി. പക്ഷേ, അന്ന് ഇന്നത്തെപ്പോലെ സംഘത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം എന്നൊക്കെ പറഞ്ഞു. 1943-ലോ 44 ലോ ആണ്. അദ്ദേഹത്തിന്റെ രീതിയും പറച്ചിലും ഒക്കെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതായത്, തുടങ്ങിയത് ഒരു പ്രത്യേക ഒരുക്കമില്ലാതെയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പ്രേരണ വലുതായിരുന്നു. സംഘത്തെക്കുറിച്ച് ഞങ്ങൾക്കുള്ള സംശയങ്ങൾ മാറ്റാനും കൂടുതൽ അറിവു നൽകാനും അന്ന് ടാറ്റാ കമ്പനിയിൽ ചീഫ് കെമിസ്റ്റായ ഡോ. ബി.ജി. ഗുണ്ടെ ഉണ്ടായിരുന്നു. അദ്ദേഹം ഇംഗ്ലണ്ടിലെ ലിവർപൂളിനിന്ന് പിഎച്ച്ഡി എടുത്തയാൾ. എന്റെ അച്ഛനും ടാറ്റയിൽ ആയിരുന്നു ജോലി. അവർ പരിചയക്കാരനായിരുന്നു. ഗുരുജിയുടെ (ഗുരുജി ഗോൾവൽക്കർ) കൂടെ ബനാറസ് ഹിന്ദു സർവകലാശാലയിൽ ഉണ്ടായിരുന്നു. അദ്ദേഹം ഇടയ്‌ക്ക് ശാഖയിൽ വരുമായിരുന്നത് ഞങ്ങൾക്ക് സഹായകമായി. ഇന്ന് എബിവിപിയിലുള്ള ഗീതാ ഗുണ്ടെയുടെ അച്ഛനാണ് ബി.ജി. ഗുണ്ടെ. അങ്ങനെ ഒരു പ്രത്യേക ഒരുക്കമൊന്നുമില്ലാതെ ഞങ്ങൾ എല്ലാവരും കൂടി ശാഖ തുടങ്ങി. കൊച്ചിയിൽ നിന്നുവന്ന ആ മഹാരാഷ്‌ട്രക്കാരൻ, ആർഎസ്എസ് പ്രചാരക് ആയിരുന്നു. നാഗപ്പൂരിൽ നിന്നയച്ച പ്രചാരക്, പേര്, ചിഞ്ചോൽക്കർ. അദ്ദേഹം കൊച്ചിയിലും മറ്റും ശാഖ തുടങ്ങിക്കഴിഞ്ഞിരുന്നു. കൊച്ചിയിൽ ഒരു ബാലചന്ദ്ര പണ്ഡിറ്റ് ഉണ്ടായിരുന്നു, മഹാരാജാസിലെ വിദ്യാർത്ഥി. ചിഞ്ചോൽക്കർ അയാളെയും കൂട്ടി മഹാരാജാസിലായിരുന്ന ഞങ്ങളുടെ ക്ലബ്ബിലെ അംഗങ്ങളെ കാണാൻ വന്നതാണ്. ഒറ്റയടിക്ക് ക്ലബ്ബിലെ പത്തിരുപത്തഞ്ചു പേരെ ഒന്നിച്ച് കിട്ടി. അദ്ദേഹം ‘ചൂണ്ടയിട്ട് പിടിച്ചതല്ല, വലവീശി പിടിച്ചതാ’ണെന്ന് പറയാം.
പ്രായം 13, 14 എത്തിയപ്പോൾ ആർഎസ്എസ് പ്രവർത്തകൻ. തുടങ്ങിയപ്പോഴേ ഗാന്ധിവധത്തിന്റെ പേരിൽ വന്ന ആർഎസ്എസ് നിരോധനം. അതിനെതിരേയുള്ള സമരത്തിൽ പങ്കെടുത്ത് ജയിലിൽ പോയി. ഇതിനുള്ള പ്രേരണയെക്കുറിച്ച്:
1948- ആവുമ്പോൾ എനിക്ക് വയസ് പതിനെട്ടായി. മഹാരാജാസ് കോളജിൽ വിദ്യാർത്ഥി. രസതന്ത്രം ബിഎസ്സി പഠിക്കുകയാണ്. ഡിസംബർ പരീക്ഷ നടക്കുന്നു. സംഘടന സത്യഗ്രഹം നിശ്ചയിച്ചു. ബാച്ച് തയാറാക്കി. അപ്പോൾപ്പിന്നെ അതിന് പോയി. ഓരോരുത്തരേയും നേരിട്ട് കണ്ട് സംസാരിച്ച് മനസിലാക്കിച്ചിട്ടാണ് സത്യഗ്രഹത്തിന് നിയോഗിച്ചത്. ഇന്നത്തെപ്പോലെ പ്രചാരണ പരിപാടികൾ സാധിച്ചിരുന്നില്ലല്ലോ.
അന്ന് ഭാസ്‌കർ റാവുവാണ് പ്രചാരക്. അന്ന് ജില്ലാ പ്രചാരക് എന്നൊന്നുമില്ല. ഓരോരുത്തർ എവിടെ കേന്ദ്രമാക്കുന്നോ അവിടെനിന്ന് എത്തിപ്പെടാവുന്നിടത്തെല്ലാം പ്രവർത്തിക്കുക. ഭാസ്‌കർ റാവു എറണാകുളത്ത് ശാഖ തുടങ്ങി. അത് കൊച്ചി സ്റ്റേറ്റാണ്. ആലുവയാകട്ടെ തിരുവിതാംകൂറാണ്. പക്ഷേ, അവിടെ ശാഖ തുടങ്ങുന്നതിന് തടസമൊന്നുമില്ലായിരുന്നു. പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു പദ്ധതി. അങ്ങനെ ഞാനുൾപ്പെടെ എറണാകുളത്തുനിന്ന് സത്യഗ്രഹത്തിന് ഇരുപതോളം പേർ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു, കെ.ജി. വാധ്യാർ. എറണാകുളത്ത് ‘ജന്മഭൂമി’ പത്രത്തിന്റെ തുടക്കത്തിൽ എല്ലാമെല്ലാമായിരുന്നു അദ്ദേഹം. ആറുമാസം ശിക്ഷ കിട്ടി, ജയിലിൽ കിടന്നു. കണ്ണൂർ ജയിലിലായിരുന്നു. വിദ്യാർത്ഥിയായതിനാൽ അഞ്ചുമാസം കഴിഞ്ഞുവിട്ടു. അങ്ങനെ വീണ്ടും മഹാരാജാസിൽ ചേർന്നു. ബിഎ എടുത്തു. വിഷയം ഫോർ ബി ഗ്രൂപ്പ്. ഇംഗ്ലീഷ് നിർബന്ധം, രണ്ടാം ഭാഷ സംസ്‌കൃതം, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഇന്ത്യൻ ഹിസ്റ്ററി തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ. അന്ന് ഗ്രാഡുവേഷൻ ഇന്നത്തെപ്പോലെ മൂന്നുവർഷമല്ല, രണ്ടുവർഷമാണ്. അതുകൊണ്ട് ഇന്നത്തെ കണക്കിൽ ഒരു വർഷം നഷ്ടമായില്ല.
ജയിലിൽ
ഇന്നത്തെ ജയിലനുഭവം എനിക്കറിയില്ല. അതുകൊണ്ട് അന്നത്തേതുമായി താരതമ്യം പറ്റില്ല. പക്ഷേ, വിവരണങ്ങൾ കൊണ്ടു നോക്കുമ്പോൾ വലിയ വ്യത്യാസമില്ല. വിദ്യാർത്ഥിയെന്ന നിലയിൽ മാത്രമല്ല, വായിക്കാനും മറ്റും സമയം കിട്ടി. അവിടെ ലൈബ്രറിയൊക്കെയുണ്ടായിരുന്നു. ജയിലിൽ നല്ല പെരുമാറ്റമൊക്കെയായിരുന്നു അധികൃതരിൽനിന്ന്.
കേരളത്തിൽനിന്ന് കണ്ണൂർ ജയിലിൽ മാത്രം 254 പേർ ഉണ്ടായിരുന്നു. 300-350 പേർ മംഗലാപുരത്തുനിന്നുണ്ടായിരുന്നു എന്നാണോർമ. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നുവല്ലോ മലബാർ. മദ്രാസ് പ്രസിഡൻസിയുടെ സെൻട്രൽ പ്രിസണായിരുന്നു കണ്ണൂർ. സൗത്ത് കാനറ ജില്ലയും മദ്രാസ് പ്രസിഡൻസി. അതുകൊണ്ട് മംഗലാപുരത്തുകാരെയും കണ്ണൂരിൽ കൊണ്ടുവന്നു. അങ്ങനെ അറുനൂറോളം പേർ ആകെ ഉണ്ടായിരുന്നു. വെവ്വേറെ ബാരക്കുകളിലാണ്. എറണാകുളത്തുനിന്ന്, അനന്ത ഷേണായി, അനന്ത കമ്മത്ത്, ആർ. വേണുഗോപാൽ, സി. ദിവാകർ റാവു അങ്ങനെ നാൽപ്പതോളം പേരുകൾ ഓർമയുണ്ട്.
സത്യഗ്രഹം മുതലക്കുളം മൈതാനിയിലായിരുന്നു. സത്യഗ്രഹം പ്രത്യേക രീതിയിലായിരുന്നു. ആർഎസ്എസ് സർസംഘചാലക് ഗുരുജി, മഹാത്മാഗാന്ധി വധത്തിലെ കേസിനെ തുടർന്ന് സംഘപ്രവർത്തനം നിർത്തിവച്ചിരുന്നു. ആ തീരുമാനം പിൻവലിച്ചു, അതിനാൽ ഞങ്ങൾ ഇന്ന ദിവസം മുതൽ ശാഖാ പ്രവർത്തനം പുനരാരംഭിക്കുകയാണെന്ന് ഒരാൾ ജില്ലാ മജിസ്ട്രേറ്റിന് എഴുതിക്കൊടുക്കുന്നു. പിന്നെ വൈകിട്ട് അഞ്ചരയ്‌ക്ക് നേരത്തേ നിശ്ചയിച്ച സമയത്ത്, നിശ്ചയിച്ചയാൾ, സ്ഥലത്ത് പോയി ശാഖാക്രമം അനുസരിച്ച് വിസിൽ അടിക്കും. നിശ്ചയിച്ചയാളുകൾ പങ്കെടുക്കും. പ്രാർത്ഥന ചൊല്ലും. ധ്വജം ഉയർത്തില്ല. മുതലക്കുളം മൈതാനത്തായിരുന്നു കേരളത്തിൽ. ഇങ്ങനെ ഭാരതം മുഴുവൻ നടന്നു. ശാഖ തുടങ്ങും, പോലീസ് വരും, അറസ്റ്റ് ചെയ്യും.
ആദ്യമൊന്നും അവർ ഉപദ്രവിച്ചിരുന്നില്ല. ആദ്യം അവർ വിചാരിച്ചു, അറസ്റ്റോടെ ഒതുങ്ങുമെന്ന്. പിന്നെ അവർ അടിതുടങ്ങി. ജയിൽ നിറഞ്ഞപ്പോൾ വയനാട്ടിൽ ബത്തേരി, മാനന്തവാടി തുടങ്ങി കാട്ടിലൊക്കെ കൊണ്ടുപോയി വിടാൻ തുടങ്ങി. അറസ്റ്റ് ചെയ്ത് വണ്ടിയിൽ കൊണ്ടുപോകും, കുറേപ്പേരെ വീതം ഓരോരോ സ്ഥലങ്ങളിൽ ഇറക്കിവിടും. അപ്പോൾ അവർ പ്ലാൻ ചെയ്തു, അവസാനം ഇറക്കിവിടുന്നവരെ വരെ കാത്തിരുന്ന് ഒരുമിച്ചുപോന്നു. ഒരു സത്യഗ്രഹികളും പട്ടിണികിടക്കേണ്ടിവന്നില്ല. സമൂഹം സഹകരിച്ചു. സാഹചര്യം പറഞ്ഞ് ചെല്ലുന്നിടത്തെല്ലാം ഭക്ഷണവും ഒക്കെ കിട്ടി. ഈ സത്യഗ്രഹികൾ വീണ്ടും ശാഖയിലെത്തി. പിന്നെ പോലീസ് തല്ലാൻ തുടങ്ങി. അടികിട്ടുന്നവരെ ആശുപത്രിയിൽ കൊണ്ടുപോയി, അവർ ജയിലിലുമെത്തി. എനിക്കൊന്നും തല്ലു കിട്ടിയില്ല. ആദ്യ ബാച്ചിലായിരുന്നു. മൂന്നോ നാലോ ബാച്ചുകൾക്കു മുതലാണ് അടി കിട്ടിത്തുടങ്ങിയത്.
ഡിസംബർ 30, 31 തീയതികളിലേതോ, ഈ മർദനങ്ങൾക്കെതിരേ കെ.പി. കേശവ മേനോൻ ‘മാതൃഭൂമി’യിൽ എഴുതി. വെങ്കിട്ടറാം ശാസ്ത്രി ‘ദ് ഹിന്ദു’വിൽ പോലീസ് നടപടിക്കെതിരെ എഴുതി. പിന്നീട് അദ്ദേഹം മധ്യസ്ഥനായി. ജനുവരി 20, 21 തീയതികളിലൊക്കെ, ലോകമാന്യ തിലകന്റെ മകനും മറ്റും ഇടപെട്ട് സംസാരിച്ചതിന്റെ ഭാഗമായി, ഗുരുജി സത്യഗ്രഹം പിൻവലിച്ചു. തുടർന്ന് ചർച്ചകളായി. ഞങ്ങൾ ആ സമയത്തൊക്കെ ജയിലിലായിരുന്നു.

കുട്ടിക്കാലത്തേ എനിക്ക് വായന ഇഷ്ടമായിരുന്നു. ജയിലിൽ ധാരാളം വായിച്ചു. ചരിത്രം, രാഷ്‌ട്രീയം ഒക്കെ. അങ്ങനെ ജയിലിൽ നിന്നിറങ്ങുമ്പോൾ കെമിസ്ട്രിയേക്കാൾ എനിക്ക് ബിഎയ്‌ക്ക് പഠിക്കാനുള്ള വിഷയങ്ങളിൽ താൽപ്പര്യമേറി. സംഘ പ്രവർത്തനത്തിന് ശാസ്ത്ര വിഷയങ്ങളേക്കാൾ ചരിത്രവും രാഷ്‌ട്രീയവും ഒക്കെ പഠിക്കുന്നതാണ് സൗകര്യം എന്ന് മനസിലാക്കി ഞാൻ മനപ്പൂർവം ബിഎ എടുത്തതാണ്. സത്യഗ്രഹികൾക്ക് അറസ്റ്റ് ചെയ്യപ്പെടണമെന്ന് ആഗ്രഹം. അപ്പോൾ ഒളിവിലിരുന്ന് പ്രവർത്തിച്ചിരുന്ന ഭരതേട്ടൻ (ടി.എൻ. ഭരതൻ), മാധവ്ജി, ഭാസ്‌കർ റാവു തുടങ്ങിയവർ ചിന്തിച്ച് കൊച്ചി-തിരുവിതാംകൂർ സ്റ്റേറ്റിൽ നിന്നുവരുന്നവർ അവിടവിടെ സത്യഗ്രഹം ചെയ്യട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ എറണാകുളത്തും തിരുവനന്തപുരത്തും സത്യഗ്രഹം നടത്തി. അവരേയും അറസ്റ്റ് ചെയ്തു. അവിടങ്ങളിൽ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ.
ഇരുപത്തിയൊന്നാം വയസിൽ ഒരു സംഘടനയുടെ മുഴുവൻസമയ പ്രവർത്തകനായി; ആർഎസ്എസ് പ്രചാരകനായി. അസാധാരണ തീരുമാനമായിരുന്നു അത്. ഇന്ന് ലോകം മുഴുവൻ പടർന്ന്, ആദർശവും ആശയവും ആശയും ആശ്വാസവും നൽകുന്ന ആർഎസ്എസ് പ്രസ്ഥാനത്തിനെ അന്ന് വിത്തുരൂപത്തിൽ കണ്ടപ്പോഴേ ഭാവിയിലെ വിശ്വരൂപം തിരിച്ചറിഞ്ഞ വിരലിലെണ്ണാവുന്നവരിൽ ഈ കൗമാരക്കാരനും ഉണ്ടായിരുന്നു.
സംഘടനാ പാടവമാണ് സംഘത്തിന്റെ, മറ്റു സംഘടനകൾക്കില്ലാത്ത പ്രത്യേക മികവുകളിൽ ഒന്ന്. ചിട്ടയും ക്രമവും രീതിയും സമ്പ്രദായവും വ്യക്തികളിൽ ഉണ്ടാക്കി, സംഘനയിൽ വളർത്തി, രാഷ്‌ട്രത്തിന്റെ സ്വത്താക്കി മാറ്റുകയാണ് സംഘം ചെയ്യുന്നത്. സ്വജീവിതത്തിൽ നെല്ലിട തെറ്റാതെ തുടരുന്ന ആ വ്രതം ഹരിയേട്ടനെ ദേശീയ ശ്രദ്ധേയനാക്കി.
പ്രചാരകൻ
ജയിലിൽ പോകും മുമ്പേ, കോളജിൽ ചേരും മുമ്പേ പ്രചാരകനാവുക എന്ന തീരുമാനം. ഉണ്ടായിരുന്നു. എപ്പോഴാണ് ആ ചിന്ത വന്നതെന്നറിയില്ല; എന്തുകൊണ്ടാണെന്നും. ഇന്നത്തെ ശാഖാ സങ്കൽപ്പവുമായി അന്നത്തേതിനെ താരതമ്യം ചെയ്യാനാവില്ല. അന്ന് പരിധിയല്ല. എറണാകുളത്തും കൊച്ചിയിലുമാണ് അന്ന് ശാഖ. പക്ഷേ പുല്ലേപ്പടി ശാഖയിൽ കിലോമീറ്ററുകൾക്കപ്പുറത്തുനിന്നുള്ളവരും പങ്കെടുത്തു. ഇന്ന സ്ഥലത്ത് ആർഎസ്എസ് തുടങ്ങിയിട്ടുണ്ട് അവിടെ പോവുക എന്നതായിരുന്നു രീതി. മുഴുവൻ കേരളത്തിൽ അന്ന്, പത്തോ പതിനഞ്ചോ ശാഖയല്ലേ ഉള്ളൂ. തിരുവനന്തപുരം, കൊല്ലം, ചങ്ങനാശേരി, ആലപ്പുഴ, എറണാകുളം, കൊച്ചി, ആലുവ, തൃപ്പൂണിത്തുറ, തൃശൂർ, പാലക്കാട്, ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, തലശേരി. തിരുവനന്തപുരത്തെ പ്രചാരകനാണ് ചങ്ങനാശേരിയിൽ ശാഖ തുടങ്ങിയത്. ആലപ്പുഴയിൽ തുടങ്ങിയത് എറണാകുളത്ത് നിന്ന് പോയാണ്. ചില സ്ഥലങ്ങൾ ഒരുപക്ഷേ ഞാൻ പറഞ്ഞപ്പോൾവിട്ടുപോയിട്ടുണ്ടാകും. ഈ ശാഖകളിൽ നിന്നെല്ലാം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തി.
ഞാൻ പരീക്ഷ കഴിഞ്ഞ് ഫലത്തിന് കാത്തിരുന്നില്ല. 1951-ൽ ഡിഗ്രി കഴിഞ്ഞു. ആ വർഷം തന്നെ പ്രചാരകായി. 46-ൽ കോളജിൽ ചേർന്നു. 21-ാം വയസിൽ പ്രചാരകയായി. ആദ്യം വടക്കൻ പറവൂരിലാണ് പ്രചാരകായത്. അന്ന് കാര്യാലയങ്ങളില്ല. വീടുകളിലാണല്ലോ താമസം. അന്ന് ആദ്യമായി, പ്രചാരകനായതിനുശേഷം ഊണുകഴിച്ച പെരുവാരത്തെ വീട്ടിൽ ഇപ്പോഴും ഞാൻ പോകാറുണ്ട്. അവിടിപ്പോൾ എന്റെ തന്നെ പ്രായമുള്ള പുരുഷനും ഏറ്റവും പ്രായംകുറഞ്ഞ സഹോദരിയുമുണ്ട്. അന്ന് ആ കുട്ടി ഏഴാം ക്ലാസിൽ ആയിരുന്നു. ഇപ്പോൾ എൺപത് വയസാവും. ഹിന്ദുഐക്യവേദി ബാലൻ ചേട്ടന്റെ ഭാര്യയാണ്. ഞാൻ, എന്റെ കടപ്പാട് എന്ന സങ്കൽപ്പത്തിൽ എന്റെ തിരഞ്ഞെടുത്ത കൃതികളുടെ കോപ്പി അവിടെ കൊണ്ടെക്കൊടുത്തു. എനിക്ക് കൊടുക്കാൻ അതല്ലേയുള്ളൂ.
അന്ന് ജില്ല, താലൂക്ക് ഒന്നും ഇല്ല. പറവൂർ കേന്ദ്രം, ആകാവുന്നിടത്തെല്ലാം ശാഖ. കൊടുങ്ങല്ലൂരിൽ ഞാനാണ് ശാഖ തുടങ്ങിയത്. കാര്യാലയമില്ല. താമസമൊക്കെ വീടുകളിൽ. സംഘത്തിന് പണമില്ലായിരുന്നു. പിന്നെ വീടുകളിൽ താമസിക്കാൻ ചെല്ലുമ്പോൾ പ്രത്യേകം ഒരുക്കമൊന്നും വേണ്ട. കിടക്കാൻ ഒരു പായ, കുടിക്കാൻ കഞ്ഞി. അത്രയുമേ ആവശ്യമുണ്ടായിരുന്നുള്ളൂ. കുളിക്കാൻ അമ്പലക്കുളം, തുണി അലക്കിയുണക്കാൻ സൗകര്യം. ഉണങ്ങുംവരെ കുളത്തിൽ നീന്തലും, കൂട്ടുകൂടലും. ഞാൻ പ്രചാരകാകുമ്പോൾ, അഞ്ചോ ആറോ പേരെയുള്ളൂ കേരളത്തിൽ പ്രചാരകന്മാരായി. ലക്ഷ്മീ നാരായണൻ, പരമേശ്വർജി, മാധവ്ജി, ഞാൻ, രാമചന്ദ്രൻ കർത്താ, ഭരതേട്ടൻ, വി.പി. ജനാർദനൻ, വേണുവേട്ടൻ, മാർത്താണ്ഡൻ, മനോഹർ ദേവ്, ഭാസ്‌കർ റാവു, ശങ്കർ ശാസ്ത്രി അവസാനം പറഞ്ഞ മൂന്നുപേർ നാഗപ്പൂരിൽനിന്ന് അയച്ചതാണ്. ലക്ഷ്മീ നാരായണൻ, പരമേശ്വർജി, രാമചന്ദ്രൻ കർത്താ, മൂന്നു പേരും തിരുവനന്തപുരം ശാഖയിൽനിന്ന്. പാലക്കാട് ശാഖയിൽനിന്നാണ് ജനാർദനൻ. ഭരതേട്ടൻ, മാർത്താണ്ഡൻ, മാധവ്ജി, വേണുഗോപാൽ, കോഴിക്കോട് ശാഖയിൽനിന്ന്. ഒരു കുമാരൻ ഒരു വർഷം പ്രചാരകനായി ഉണ്ടായിരുന്നു. 1951-ൽ ഇത്രയും പേരേയുള്ളൂ.
എതിരില്ലാതെ
അക്കാലത്ത് ആദർശപരമായ ചിന്തയുടെ പ്രശ്നമില്ലായിരുന്നു. ഹിന്ദു സംഘടന വേണമെന്ന് പറഞ്ഞാൽ എല്ലാവരും തയാറായിരുന്നു. എതിർപ്പില്ലായിരുന്നു. കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഉണ്ടായിരുന്നെങ്കിലും അങ്ങനെ പറയത്തക്ക എതിർപ്പ് ആദ്യകാലത്തില്ലായിരുന്നു. കോൺഗ്രസുകാർ സഹായിച്ചിട്ടുമുണ്ട്. കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സമയത്ത് കോൺഗ്രസുകാരന്റെ വീട്ടിൽ പോയാലും ഊണൊക്കെ കഴിക്കാമായിരുന്നു. അതുകഴിഞ്ഞ്, ഗാന്ധിജി വധിക്കപ്പെട്ടതിന്റെ പേരിൽ, അതിൽ ബന്ധമില്ലാത്ത സംഘത്തിന് നിരോധനവും കുപ്രചാരണവും ഒക്കെ വന്നശേഷമാണ് എതിർപ്പുകൾ ഉണ്ടായത്. അല്ലെങ്കിൽ, ഇന്ന് ചിന്മയാ മിഷനോടും അമൃതാനന്ദമയീ ആശ്രമങ്ങളോടുമൊക്കെയുള്ള മനോഭാവം ഹിന്ദു സമൂഹത്തിന് ആർഎസ്എസിനോടുണ്ടായിരുന്നു.
1948 ജനുവരി ആദ്യവാരം, സംഘാടനത്തിനുള്ള പൊതുയാത്രയുടെ ഭാഗമായി ഗുരുജി എറണാകുളത്ത് വന്നിരുന്നു. ഗവൺമെന്റ് ഗേൾസ് സ്‌കൂളിലായിരുന്നു ഗുരുജിയുടെ പൊതുപരിപാടി. ആ പരിപാടിയിൽ ആഗമാനന്ദ സ്വാമി വന്നിരുന്നു. പ്രസംഗം കേൾക്കാൻ മഹാരാജാസ് കോളജ് പ്രിൻസിപ്പാൾ. ജി. നാരായണയ്യർ, കൊച്ചിൻ ജഡ്ജി നന്ദനമേനോൻ,കൊച്ചിൻ സ്റ്റേറ്റ് റിട്ടയേഡ് സെക്രട്ടറി, മഹാരാജാസ് കോളജിലെ സംസ്‌കൃതം വിഭാഗം തലവൻ ഇ. രാഘവവാര്യർ ഒക്കെ വന്നിരുന്നു. ഇവരെയൊക്കെ ഞങ്ങളാണ് ക്ഷണിച്ചത്, അവർ വന്നു. 48-ൽ മഹാത്മാഗാന്ധി വധിക്കപ്പെട്ട സംഭവം വരെ സംഘത്തിന് പ്രസ്റ്റീജിന് പ്രശ്നവുമില്ല, ഒരു ഭ്രഷ്ടും ഇല്ലായിരുന്നു. ഇ. രാഘവ വാര്യർ ഗുരുദക്ഷിണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്. 1947 ഡിസംബറിൽ എറണാകുളത്ത് ടിഡിയിൽ വച്ച് കേരളത്തിലെ മുഴുവൻ സ്വയംസേവകരുടെയും ക്യാമ്പുണ്ടായിരുന്നു. അക്കാലത്ത് രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ഭക്ഷ്യനിയന്ത്രണവും റേഷനിങ്ങുമുണ്ടായിരുന്നു.
അരിക്ക് ക്ഷാമമുണ്ടായിരുന്നു. അപ്പോൾ പുത്തേഴത്ത് രാമൻ മേനോൻ, അന്നത്തെ ഐജി: ഐ.എൻ. മേനോനും തൃശൂരിൽനിന്ന് കാറിൽ അരിയുമായി ക്യാമ്പിൽ വന്നിരുന്നു. ചിലർ നടത്തിയ ഗാന്ധിവധം, എതിർ പ്രചാരണംമൂലം ബാധിച്ചത് സംഘത്തിന്റെ പ്രസ്റ്റീജിനെയാണ്.
തിരുവനന്തപുരത്ത് സത്യഗ്രഹം നടത്തുമ്പോൾ പരമേശ്വർജിയൊക്കെ അറസ്റ്റിലായി. ആ അറസ്റ്റിനു മുൻപ് ഗുരുജി സത്യഗ്രഹം പിൻവലിച്ചു. പിൽക്കാലത്ത് പ്രകൃതി ചികിത്സ പ്രചരിപ്പിച്ച് പ്രചാരകനായ സി.ആർ.ആർ. വർമ, കുമാര സ്വാമി തുടങ്ങിയവരെ സത്യഗ്രഹത്തിൽ പങ്കെടുത്തതിന് സർക്കാർ സർവ്വീസിൽ നിന്ന് സ്ഥിരമായി പുറത്താക്കി. രണ്ടുപേരും പിഡബ്ല്യുഡി എഞ്ചിനീയർമാരായിരുന്നു. അതിനുശേഷം അവർ കേരളം വിട്ടു. കുമാരസ്വാമി ഭിലായ് ഉരുക്ക് ഫാക്ടറിയിൽ മാനേജരുമായി, കൊൽക്കത്തയിലും പോയി. വർമ്മാജി ദൽഹിയിൽ പോയി. പിന്നീട് ഇറാനിൽ ഒരേസമയം മൂന്നു കമ്പനികളുടെ ഡയറക്ടറുമായി. ഡിസ്മിസ് ചെയ്തത് ഒരർഥത്തിൽ നന്നായി. അല്ലെങ്കിൽ അവർ പിഡബ്ല്യുഡിയിൽ എഞ്ചിനീയേഴ്സായി തുലഞ്ഞേനെ.
അന്ന് ശാഖാ പ്രവർത്തനം മാത്രം. മറ്റൊന്നുമില്ല. അതിനാൽ റാം മനോഹർ ലോഹ്യ, അശോക് മേത്ത തുടങ്ങിയവർ എറണാകുളത്ത് വന്നപ്പോൾപ്പോലും ഞാൻ കാണാനോ പൊതുയോഗങ്ങളിൽ പങ്കെടുക്കാനോ പോയില്ല. ശാഖ മുടങ്ങരുതെന്ന വ്യഗ്രത.
ഗാന്ധിവധത്തിനോട് ചേർത്തുണ്ടായ എതിർപ്പുകൾ നേരിടാൻ സംഘടയുടെ പ്രവർത്തന തന്ത്രങ്ങൾ മാറ്റേണ്ടിവന്നു. ചെറുപ്പക്കാരും വിദ്യാർത്ഥികളും ആയിരുന്നതിനാൽ ഞങ്ങൾക്ക് കമ്യൂണിസ്റ്റുകളിൽ നിന്നാണ് എതിർപ്പു നേരിടേണ്ടി വന്നത്. എം.എം. ലോറൻസ് ഒക്കെ അന്ന് കമ്യൂണിസ്റ്റ് പ്രവർത്തനത്തിലുണ്ട്. അവരും അന്ന് ഒളിപ്രവർത്തനത്തിലാണ്. ലോറൻസിന്റെ ഒളിവിലെ പേര് ‘ചാക്യാർ’ എന്നായിരുന്നു. പിന്നീട് സഖാക്കൾ പരസ്യമായി ഭാസ്‌കർ റാവുവിനെ തടയാനൊക്കെ ശ്രമിച്ചിരുന്നു. പക്ഷേ, ശാരീരിക ആക്രമണം കുറവായിരുന്നു. സംഘടനാപരമായി നോക്കി- തിരുവനന്തപുരത്ത് ഗുരുജിയെ തടയാൻ ശ്രമിച്ചു, കോഴിക്കോട് ഭാഗത്തും ഒക്കെ ശ്രമം നടത്തിയിട്ടുണ്ട്. ഒറ്റയ്‌ക്ക് പോകുമ്പോഴൊക്കെ ആക്രമിക്കുന്നത് പതിവില്ലായിരുന്നു. ഒരുപക്ഷേ, അന്ന് ആ കല അവർ പഠിച്ചിരുന്നില്ലായിരിക്കും. ചില സ്ഥലങ്ങളിൽ മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു.
ഗോഹത്യനിരോധന പ്രസ്ഥാനം
ഗോഹത്യാ നിരോധന പ്രസ്ഥാനമാണ് പിന്നീട് സംഘം സമർത്ഥമായി നിശ്ചയിച്ച് നടത്തിയ സംരംഭം. ഗാന്ധി വധത്തിന്റെ പേരിൽ സംഘത്തിനെതിരേ ചിലർ നടത്തിയ പ്രചാരണം കളങ്കം വരുത്തി. നിരോധിച്ചു. സർസംഘചാലക് ഗുരുജി ഗോൾവൽക്കറെ എല്ലാവരും അറിയുമായിരുന്നെങ്കിലും അന്ന് അദ്ദേഹത്തിന് പ്രായം 43 വയസല്ലേ. പക്ഷേ, കോൺഗ്രസിന്റെ നേതാക്കൾ മുതിർന്നവർ. നെഹ്റു, പട്ടേൽ തുടങ്ങിയ മുതിർന്നവർ, മഹാത്മാഗാന്ധിയെ കൊന്നത് ആർഎസ്എസുകാർ ആണെന്ന് പറയുമ്പോൾ ആളുകൾ അത് വിശ്വസിക്കും. കാരണം, മരിച്ചത് ഗാന്ധിജി. താഴേത്തട്ടിൽ, കമ്യൂണിസ്റ്റുകാരും കോൺഗ്രസ് നേതാക്കളും ഇത് പ്രചരിപ്പിക്കുന്നു. അതുകൊണ്ട് ആർഎസ്എസ് ഏറെ വിഷമിച്ചു. ഇത്തരം പ്രചാരണങ്ങൾ ആർഎസ്എസിന്റെ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചോ എന്നത് വേറെ വിഷയം.
ഈ പ്രചാരണത്തിനെതിരെ, മുഴുവൻ ഭാരതത്തിലും മുഴുവൻ ജനങ്ങളും അനുകൂലിക്കുന്ന വിഷയമായി സംഘത്തിന്റെ കേന്ദ്ര നേതൃത്വം ഗോഹത്യാ നിരോധനത്തെ കണ്ടെത്തി. അത് ഗുരുജി എടുത്തു. അതൊരു മാസ്റ്റർ സ്ട്രോക്കായി. ഓരോരുത്തരുടെയും ഒപ്പ് വാങ്ങുന്ന പ്രചാരണമായി. ഒരു ദിക്കിലും എതിർപ്പുണ്ടായില്ല. സകലരും അനുകൂലിച്ചു. കോൺഗ്രസുകാർക്കും എതിർപ്പില്ലായിരുന്നു. രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദും അനുകൂലിച്ചു. 1949 ജൂലായിൽ ആർഎസ്എസ് നിരോധനം വന്നു. 52 ജൂലായിൽ ആണ് ഗോഹത്യ നിരോധന പ്രചാരണം. മൂന്നുവർഷത്തിനുശേഷം വൻതോതിൽ ജനസമ്പർക്കം നടത്തി. ഗ്രാമങ്ങളിലും പ്രവർത്തനം എത്തിച്ചേരാൻ സഹായകമായി. സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ പൊതു പ്രസ്ഥാനമായത് ഇതാണ്. സത്യഗ്രഹം സംഘടനാ വിഷയമാണ്. അതിൽത്തന്നെ 1942 ലുണ്ടായിരുന്ന സത്യഗ്രഹത്തിനേക്കാൾ കൂടുതൽ പേർ പങ്കെടുത്തു.

ഗോഹത്യ നിരോധന പ്രസ്ഥാനത്തിനെ അനുകൂലിച്ച് എസ്എൻഡിപി പ്രമേയം പാസാക്കി. മന്നത്ത് പത്മനാഭൻ, ആർ. ശങ്കർ ഒക്കെ പ്രസംഗിക്കാൻ വന്നു. മറ്റേതെങ്കിലും വിഷയമായിരുന്നെങ്കിൽ ഇത്ര പിന്തുണ കിട്ടുമായിരുന്നില്ല. 50 ദിവസത്തെ പ്രവർത്തനമായിരുന്നു. കേരളത്തിൽ പ്രവർത്തകർ കുറവായിരുന്നു. ഈ ദിവസം കൊണ്ട് എത്താവുന്ന പരമാവധി പേരിൽ എത്തി. ഞാനന്ന് ആലുവയിൽ പ്രചാരകനാണ്. രാവിലെ ഇറങ്ങും. ഭക്ഷണത്തിനൊന്നും ബുദ്ധിമുട്ടിയില്ല. സംഘടനാപരമായ ആത്മവിശ്വാസം വർധിപ്പിച്ചു. അതാണ് മുഖ്യ നേട്ടം. മഹാത്മാഗാന്ധി വധത്തിന്റെ പേരിലെ കുപ്രചാരണം സംഘത്തെ അത്രബാധിച്ചില്ല എന്ന് ബോധ്യപ്പെട്ടു. സാമൂഹ്യ സ്വീകാര്യത തുടരുന്നു എന്ന ബോധം വന്നു.
എന്നാൽ, സംഘത്തിന് സ്വീകാര്യത കിട്ടിയ ഏറ്റവും വലിയ സംരംഭം ഇതായിരുന്നുവെന്ന് പറയാനാവില്ല. അത് 1956-ൽ വന്ന ഗുരുജിയുടെ 51-ാം പിറന്നാൾ ആഘോഷമാണ്. ഗോവധ നിരോധന പ്രചാരണത്തിൽ നമുക്ക് ആർഎസ്എസിനെക്കുറിച്ച് പറയാൻ അവസരങ്ങളില്ലായിരുന്നു. വിഷയം വേറെ ആയിരുന്നു. സമൂഹത്തിലേക്ക് ഇറങ്ങിയപ്പോൾ മനസിലായി, രാഷ്‌ട്രീയക്കാർ എന്തൊക്കെ നുണ പറഞ്ഞാലും സമൂഹം നമ്മളെ സ്വീകരിക്കാൻ തയാറാണെന്ന്. പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ധൈര്യം കൂടി. ശാഖകൾ പലയിടത്തും തുടങ്ങാനായി. ”ഈ കുട്ടികളല്ലേ പശുവിനെ കൊല്ലരുതെന്ന് പ്രചരിപ്പിച്ചർ” എന്ന പരിഗണനയും ജനങ്ങളിൽനിന്ന് കിട്ടി.
അക്കാലത്തെ രസകരമായ പല സംഭവങ്ങളുമുണ്ട്. നാരായൺജിയും (പി. നാരായണൻ) ഞാനും കൂടി, കോട്ടയത്ത് പൊൻകുന്നത്തിനും പള്ളിക്കത്തോട്ടിനുമിടയ്‌ക്കുള്ള പനങ്ങാട്ട് എന്ന സ്ഥലത്ത് പോയി. അവിടെ ശാഖ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എൻഎസ്എസിലെ ചിലർ ഇവിടെ ആർഎസ്എസ് വേണ്ട എന്നൊക്കെ പറഞ്ഞു. ഞാൻ വിഭാഗ് പ്രചാരക്, നാരായൺജി ജില്ലാ പ്രചാരക് ചേർന്ന് അവിടത്തെ നമ്മുടെ ഒരാളുടെ വീട്ടിൽ പോയി. കാര്യങ്ങൾ പറഞ്ഞു.അദ്ദേഹം പറഞ്ഞു, ”നിങ്ങൾ കഞ്ഞികുടിച്ച് ഉറങ്ങിക്കോളൂ. ഇന്ന് കരയോഗം മീറ്റിങ്ങുണ്ട്. ഞാൻ ശരിയാക്കിക്കോളാം.” പിറ്റേന്ന് കാരണവരോട് എന്തായി എന്ന് ചോദിച്ചു. ഒക്കെ ശരിയാക്കി എന്ന് പറഞ്ഞ് വിവരിച്ചു. ഞാനവരോട് ചോദിച്ചു, ”ഗാന്ധിയെ കൊന്നത് അവരാണോ? ഇനി അവരാണെന്ന് തന്നെയിരിക്കട്ടെ. അയാൾ ഈ പനങ്ങാട്ടുകാരനാണോ? കൊല്ലാൻ എന്റെയോ നിങ്ങളുടെയോ മക്കൾ പോയോ? ഉത്തരേന്ത്യയിൽ ഒരാളെ കൊന്നു. കൊന്നവരെവധിച്ചു. ഇവർ ഇവിടെ ചെയ്യുന്നത് നല്ല കാര്യങ്ങളല്ലേ. നമുക്കെന്താ. ഇവിടെ ഇത് നടക്കട്ടെ എന്നു പറഞ്ഞു. എല്ലാവരും സമ്മതിച്ചു.”
ശരിക്കും സംഘ പ്രവർത്തനം ‘ടേക്ഓഫ്’ ചെയ്തത് 1956-ലാണ്. ഗുരുജിയുടെ 51-ാം പിറന്നാൾ. നിരോധിച്ച കാലത്ത് സംഘപ്രവർത്തനത്തിന് പലയിടങ്ങളിൽനിന്ന് പണം കടമെടുക്കേണ്ടിവന്നു. ആ പണമൊക്കെ തിരിച്ചുകൊടുക്കണം. അങ്ങനെ ഭയ്യാജി ദാണിയും ഏകനാഥ് റാനഡെജിയുമൊക്കെയാണ് ജന്മദിനാഘോഷത്തിന് തീരുമാനിച്ചത്. അതിന് ഒരു കാരണം അവർ കണ്ടെത്തി!! അവർ നിശ്ചയിച്ചു, അൻപതാം വയസിൽ ആദ്യ സർസംഘചാലക് ഡോക്ടർജി അന്തരിച്ചു. ഗുരുജി അമ്പതാം വയസ് കഴിച്ചു. അതുകൊണ്ട് അമ്പത്തൊന്നാം പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചു. അല്ലാതെ വേറെ ഒരു കാരണവുമില്ല. ലോകത്താരെങ്കിലും അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചിട്ടുണ്ടോ.
1952-ൽ ഗോഹത്യ നിരോധന പ്രസ്ഥാന പ്രവർത്തനത്തിനുശേഷം സംഘടന പുനഃപ്രവർത്തനമൊക്കെയായി 56-ൽ ആഘോഷം വന്നു. ഗുരുജിയെക്കുറിച്ച്, ‘ദ് മാൻ ആൻഡ് മിഷൻ’ എന്ന പേരിൽ ഒരു പുസ്തകം ഠേംഗ്ഡിജി (ദത്തോപാന്ത് ഠേംഗ്ഡി) തയാറാക്കി. ‘ഗുരുജിയുടെ വിചാരധാര’ എന്ന പേരിൽ ഒരു പുസ്തകം ഉദ്ധരണികളും പ്രസംഗഭാഗങ്ങളും ചേർത്ത് എല്ലാ ഭാഷയിലും അച്ചടിച്ചിറക്കി. (പിൽക്കാലത്ത് ഇറക്കിയ ‘വിചാരധാര’ എന്ന ബൃഹദ് ഗ്രന്ഥമല്ല). അത് ബർമയിലും അവിടുത്തെ ഭാഷയിൽ പ്രചരിപ്പിച്ചു. അക്കാലത്താണ് ബർമയിൽ സംഘപ്രവർത്തനം തുടങ്ങിയത്. ഗുരുജിയുടെ പേരു പറഞ്ഞ് ‘ശ്രദ്ധാനിധി’ സമ്പാദിച്ചു. ഇതിനായി എല്ലാവരേയും കാണാൻ പോകുന്നതിന്റെ ഭാഗമായി പരമേശ്വർജിയും മറ്റും ചേർന്ന്, കോഴിക്കോട്ട് സാഹിത്യനിരൂപകൻ കുട്ടികൃഷ്ണമാരാരെ കാണാൻ പോയി. ലഘുലേഖയെല്ലാം വായിച്ചു നോക്കി. എന്നിട്ട് ‘ശ്രദ്ധയില്ല’ എന്ന് പറഞ്ഞ് മടക്കി. പൈസയൊന്നും കൊടുത്തില്ല.
എന്നാൽ, പിന്നീട് കുട്ടികൃഷ്ണ മാരാർ, രാമകൃഷ്ണ ഭക്തനും സംഘത്തിന്റെ ശിബിരങ്ങളിൽ മാർഗദർശക സാന്നിധ്യവുമായിമാറി.
ആ ശ്രദ്ധാനിധി ഏറ്റുവാങ്ങാൻ ഗുരുജി ഭാരതമെമ്പാടും സഞ്ചരിച്ചു. അത്തരം പരിപാടികളിൽ അധ്യക്ഷന്മാർ എല്ലാക്കാലത്തും പ്രസിദ്ധരായവരായിരുന്നു. തമിഴ്നാട്ടിൽ അന്ന് മുത്തുരാമലിംഗത്തേവരായിരുന്നു അധ്യക്ഷൻ. തേവർ സമുദായത്തിന്റെ തലവൻ. കേരളത്തിനും മദ്രാസിനും ചേർത്ത് ഒരിടത്തായിരുന്നു. പരിപാടികൾ വലിയ പ്രചാരണമായി. രാജ്യമെമ്പാടും ഗുരുജിയെക്കുറിച്ചും സംഘത്തെക്കുറിച്ചും പ്രചരിപ്പിക്കാനായി 1952-ൽ പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനായി, 56-ൽ സംഘത്തെ ജനങ്ങളിൽ വ്യാപകമായി എത്തിക്കാനായി.
വിവേകാനന്ദ സ്മാരകം
പിന്നീട് വന്നതാണ് കന്യാകുമാരി വിവേകാനന്ദ സ്മാരകവിഷയം, 1963-ൽ. അപ്പോഴേക്കും പ്രചാരണത്തിൽ നമ്മൾ കോൺഗ്രസുകാരേയും കമ്യൂണിസ്റ്റുകാരേയുംകാൾ കടന്നു. 1953 ൽ അല്ലെങ്കിൽ 54 ൽ കമ്യൂണിസ്റ്റ് പാർട്ടുയടെ മധുരയിലെ കോൺഗ്രസിൽ ഇഎംഎസ് നമ്പൂതിരിപ്പാട് സമർപ്പിച്ച റിപ്പോർട്ടുണ്ട്. അതിൽ അദ്ദേഹം എഴുതുന്നു. പാർട്ടിക്ക് ആകർഷിക്കാൻ സാധിക്കുന്നതിനേക്കാൾ കൂടുതൽ കോളജുവിദ്യാർത്ഥികളെ ആർഎസ്എസിന് ആകർഷിക്കാൻ കഴിയുന്നു. വർഷം അതാണെന്നാണ് ഓർമ. കാരണം ഞാൻ ഇവിടെ ദേശാഭിമാനി സ്റ്റാളിൽ പോയി ആ പുസ്തകം വാങ്ങി ഭാവുറാവു ദേവറസിന് കൊടുത്തിട്ടുണ്ട്.
വിവേകാനന്ദ സ്മാരക വിഷയത്തിന് സർവ ദിക്കിലും നിന്ന് പിന്തുണ കിട്ടി. 52 ലെയും 56 ലെയും പ്രചാരണ സമ്പർക്ക പരിപാടികളുടെ ആകെ ശക്തി വിവേകാനന്ദ വിഷയത്തിൽ വന്നു. കാരണം ഒന്ന്, വിവേകാനന്ദൻ സർവർക്കും സ്വീകാര്യൻ. രണ്ടാമത്, ഒരു ദിക്കിലും എതിർപ്പില്ല. മനശാസ്ത്രപരമായിട്ടായിരുന്നു ആ നീക്കങ്ങൾ. പ്രചാരണത്തിന് മാത്രമല്ലായിരുന്നു. ‘സ്വാമി വിവേകാനന്ദ: റൗസിങ് കാൾ ടു ഹിന്ദു നേഷൻ’ എന്നായിരുന്നു ഏകനാഥ് റാനഡെജിയുടെ പുസ്തകത്തിന്റെ പേര്. ആ പേരിടാൻ എന്തൊരു ധൈര്യം വേണമെന്നാലോചിക്കൂ. ഒരേ സമയം എല്ലാ ഭാഷകളിലും വിവർത്തനമിറങ്ങി.
എന്റെയും പുസ്തകമെഴുത്തിലെ ചരിത്രം അവിടെയാണ് തുടങ്ങുന്നത്. ‘ഉത്തിഷ്ഠഭാരത’ എന്ന് ഞാനാണ് ആ പുസ്തകം വിവർത്തനം ചെയ്തത്. പരമേശ്വർജി തെറ്റ് തിരുത്തി. പരമേശ്വർജി തിരുത്തിയ ചുവന്ന അടയാളങ്ങൾ കണ്ടാൽ ആ പേജുകൾ യുദ്ധക്കളംപോലെയാണ്. എന്റെ ആദ്യത്തെ വിവർത്തനം. അന്ന് പരമേശ്വർജി ജനസംഘത്തിലായിരുന്നു. അല്ലെങ്കിൽ അത് പരമേശ്വർജി ചെയ്തേനെ. അങ്ങനെ എന്റെ ചുമതലയായി. വിവേകാനന്ദ ഭക്തരുടെ, രാമകൃഷ്ണാശ്രമത്തിന്റെ ഗുഡ്വിൽ, കൂടുതൽ ബുദ്ധിജീവി വിഭാഗത്തിലെത്താൻ സഹായകമായി.
വിവേകാനന്ദ സ്മാരക കാര്യത്തിൽ രാമകൃഷ്ണാശ്രമത്തിന്റെയും സർക്കാരിന്റെയും സംരംഭങ്ങളേക്കാൾ കൂടുതൽ ചെയ്യാൻ കഴിഞ്ഞത് സംഘടനയെന്ന നിലയിൽ ആർഎസ്എസിനാണ്. എറണാകുളം മഹാരാജാസ് കോളജിലെ മലയാളം തലവൻ കുഞ്ഞിരാമ മേനോനാണ് അതു സംബന്ധിച്ച് എറണാകുളത്ത് ഹിന്ദി പ്രചാരസഭയിൽ നടന്ന യോഗത്തിൽ അധ്യക്ഷനായി വന്നത്. ഞാൻ പ്രസംഗകൻ. അപ്പോൾ ഞാൻ പ്രചാരകനായിക്കഴിഞ്ഞു. ഞാൻ കോളജിൽ പഠിക്കുമ്പോൾ മലയാളം പ്രൊഫസറായിരുന്ന അദ്ദേഹം പറഞ്ഞു, ”ഹരി കോളജിൽ പഠിക്കുമ്പോൾ ഞാൻ അവന്റെ അധ്യാപകനായിരുന്നു. പക്ഷേ ഇക്കാര്യത്തിൽ അധ്യാപകൻ അവനാണ്” എന്ന്.
കേരളത്തിനെ സംബന്ധിച്ച് സംഘടനാ തലത്തിൽ പറഞ്ഞാൽ 1966-ൽ കോഴിക്കോട്ട് നടന്ന മൂന്നു ദിവസത്തെ കേരള ക്യാമ്പ് പ്രധാനമാണ്. ഗുരുജിക്ക് അറുപത് വയസായ വർഷം. അന്ന് ഗുരുജി ഒറീസയിലായിരുന്നു. അവിടുന്ന് നേരെ കേരളത്തിൽ വന്നു. രണ്ടായിരം പ്രവർത്തകരെ പങ്കെടുപ്പിക്കണമെന്നാണ് നിശ്ചയിച്ചത്. കാക്കി ടൗസറും വെള്ളഷർട്ടും മാത്രമായിരുന്നു ഗണവേഷം. അത്ര ഉദാരമാക്കിയിട്ടും രണ്ടായിരമെത്തിയില്ല, 1900-ൽ ചില്വാനം. ഭാസ്‌കർജി മെസ് ഇൻചാർജ്, ഞാൻ ക്യാമ്പ് ഇൻചാർജ്, മാധവ്ജി ജനറൽ ഇൻചാർജ്. ആദ്യമായി സാമൂതിരി സ്‌കൂൾ അനുവദിച്ചു കിട്ടി. പി.ഇ.ബി. കുറുപ്പായിരുന്നു അന്ന് അവിടെ. മാതൃഭൂമിയുടെ ഡെപ്യൂട്ടി എഡിറ്റർ ആയിരുന്ന, പിൽക്കാലത്ത് ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന വി.എം. കൊറാത്തും മറ്റും അന്ന് ഏറെ സഹായിച്ചു. അടിയന്തരാവസ്ഥയ്‌ക്ക് മുമ്പുതന്നെ അദ്ദേഹം നമുക്കൊപ്പമുണ്ടായിരുന്നു.
ജനസംഘം
പിന്നീട് 67 ലാണ് ജനസംഘം സമ്മേളനം കോഴിക്കോട് വരുന്നത്. അതിന്റെ പിന്നിൽ കഥയുണ്ട്. സംഘ പ്രാന്ത പ്രചാരകന്മാരുടെ ബൈഠക് നടക്കുന്നു. അപ്പോൾ ദീനദയാൽജി പറഞ്ഞു, ”ഉത്തരേന്ത്യൻ പാർട്ടിയാണ് ജനസംഘം എന്ന് ആൾക്കാർ പറയുന്നു. അപ്പോൾ ദക്ഷിണ ഇന്ത്യയിൽ ഒരു സമ്മേളനം നമുക്ക് നടത്തണം.” മംഗലാപുരം വേണം എന്ന് എല്ലാവരും പറഞ്ഞു. ദീനദയാൽജിയും. പക്ഷേ യാദവറാവു ജോഷി പറഞ്ഞു, ”അല്ല, കേരളത്തിൽ വേണം, കോഴിക്കോട്ടാകണം, അവിടെ കമ്യൂണിസ്റ്റ് പാർട്ടിയാണ് ഇപ്പോൾ ഭരിക്കുന്നത്,” എന്ന്. പക്ഷേ ആർക്കും ആത്മവിശ്വാസമില്ല. അന്ന് പരമേശ്വർജി ദൽഹിയിൽ നിന്നോ മറ്റോ കേരളത്തിലേക്ക് വരുന്നു. ബൈഠക്കിൽ നിന്ന് ആളെ അയച്ച് പരമേശ്വർജിയെ ട്രെയിനിൽ നിന്ന് നാഗപ്പൂരിലിറക്കി. ബൈഠക്കിൽ എത്തിച്ച് കാര്യം ധരിപ്പിച്ചു.
സംഘതീരുമാന പ്രകാരം കോഴിക്കോട് നടത്താൻ നിശ്ചയിച്ചു. ഒരുക്കങ്ങൾക്ക് റാംഭാവു ഗൊഡ്ബോലെ എന്നയാളെ അതിന് അയക്കാമെന്ന് ദീനദയാൽജി പറഞ്ഞു.
കോഴിക്കോട്ട് സമ്മേളനം തീരുമാനിച്ചു. അപ്പോൾ, കോഴിക്കോട്ട് നടന്ന സംഘശിബിരത്തിന്റെ അതേ പതിപ്പിൽ, അതേ ആളുകളുടെ ചുമതലയിൽ ജനസംഘം സമ്മേളനത്തിന്റെ തയാറെടുപ്പും ഒരുക്കങ്ങളുമായി. എനിക്കായിരുന്നു ചുമതല. അതുകൊണ്ട് തയാറാടെപ്പിനെക്കുറിച്ച് പരമേശ്വർജിക്കോ, ഒ. രാജഗോപാലിനോ, നാരായൺജിക്കോ കൂടുതൽ ക്ലേശിക്കേണ്ടിവന്നില്ല. അവർക്ക് സൈ്വര്യമായി സമ്മേളനത്തിന്റെ കാര്യക്രമങ്ങളിൽ പൂർണമായും ശ്രദ്ധിക്കാൻ കഴിഞ്ഞു. ഒരുതരം കാര്യവിഭജനമായിരുന്നു അത്. ചാത്തുക്കുട്ടിയെന്ന സ്വയംസേവകനാണ് പന്തലൊക്കെ തയാറാക്കിയത്. അങ്കമാലിയിൽനിന്നാണ് പനമ്പും മുളയുമൊക്കെ സംഘടിപ്പിച്ചത്. ടി. സുകുമാരനായിരുന്നു ജാഥയുടെ ചുമതല. അതൊന്നും സംഘത്തിന്റെ ഏർപ്പാടായിരുന്നില്ല.
സമ്മേളനത്തിന്റെ സംഘടനാ നേട്ടം കാര്യമായി കിട്ടിയത് മുഴുവൻ ആർഎസ്എസിനാണ്. നാട്ടുകാർക്ക് ആർഎസ്എസും ജനസംഘവും തമ്മിൽ ഭേദമില്ല. പലയിടത്തും യൂണിറ്റ് വേണമെന്ന് അവശ്യം വന്നു. പക്ഷേ, ജനസംഘത്തിന്റെ കാര്യത്തിൽ യൂണിറ്റ് ഉണ്ടാക്കി, ഓഫീസും ഭാരവാഹികളുമായിക്കഴിഞ്ഞാൽ പിന്നെ കാര്യമായ ദൈനംദിന പ്രവർത്തനമൊന്നുമില്ല. മറിച്ച്, സംഘത്തിന്റേതാവുമ്പോൾ ദൈനംദിന ശാഖയും സമ്പർക്കവും ഒക്കെയുണ്ട്. അങ്ങനെ 1967 സംഘപ്രവർത്തന വ്യാപനത്തിന് വേഗം കൂട്ടി. മുഴുവൻ കേരളത്തിൽ 1967 സംഘത്തിന്റെ വാട്ടർ ഷെഡായി.
തളി ക്ഷേത്രം
അതിനു പിന്നാലെയാണ് അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭം വന്നത്. ക്ഷേത്ര സംരക്ഷണ സമിതി അക്കാര്യങ്ങൾ ഏറ്റെടുത്തു. തളി സമരകാലത്ത് ഗുരുജി കോഴിക്കോട്ട് അളകാപുരി രാധാകൃഷ്ണന്റെ വീട്ടിൽ താമസിക്കുകയാണ്. മാധവ്ജി അന്ന് ക്ഷേത്രസംരക്ഷണ സമിതിയിൽ സജീവമായി. കേളപ്പജി (കെ. കേളപ്പൻ) അന്ന് ഗുരുജിയെ കാണാൻ വന്നു. ഗുരുജിയാണ് കേളപ്പജിയോട് പറഞ്ഞത്-” ആർഎസ്എസിന്റെ പൂർണ പിന്തുണയുണ്ടാകും, ആർഎസ്എസിന്റെ പേരു പറഞ്ഞാൽ സംരംഭത്തിന് ദോഷം വരാം. അതുകൊണ്ട് സംഘത്തിന് പേരേ വേണ്ട. പൂർണ പിന്തുണയുണ്ടാകും,” എന്ന്. സി.പി. ജനാർദനനെപ്പോലുള്ളവരുടെ പൂർണസമയ പ്രവർത്തനം നൽകി. കേളപ്പജിക്ക് ഇടാനുള്ള ബെൽട്ട് സംഘത്തിന്റേതാണ് കൊടുത്തത്; പഴയ തോൽബെൽറ്റ്. ജനാർദനന്റെയും ബാലചന്ദ്രന്റെയും തങ്കേടത്തിയുടേയും മറ്റും വീട്ടിലാണ് താമസിച്ചത്.
ചിന്മയാനന്ദജിയുടേയും ഒക്കെ പിന്തുണ കിട്ടി. ഒരു വീട്ടിൽനിന്ന് ഒരു രൂപയേ സംഭാവന സ്വീകരിക്കൂ എന്ന് തീരുമാനിച്ചിരുന്നു. മലപ്പുറത്തുനിന്ന് 8000 രൂപ കിട്ടി. അത് ചെറിയ തുകയാണെന്ന് ഇന്ന് തോന്നാം. പക്ഷേ അത്രയും വീട് അന്ന് സമ്പർക്കം ചെയ്തു. ഞാനവിടെ അന്ന് വിഭാഗ് പ്രചാരകാണ്.
തളിക്ഷേത്ര സമരത്തിലൂടെ ജനങ്ങൾക്ക് ആത്മാഭിമാനം കിട്ടി. വിവേകാനന്ദ സ്മാരകത്തിൽ നിന്ന് കുരിശ് മാറ്റണം എന്ന് ആവശ്യപ്പെട്ട സമരം, തളി സമരം, നിലയ്‌ക്കൽ സമരം ഒക്കെ വിജയിച്ചു. ഇപ്പോൾ മലപ്പുറത്ത് കൂട്ടക്കൊലയ്‌ക്ക് ഇരയായ രാമസിംഹന്റെ അവിടെ തകർക്കപ്പെട്ട നരസിംഹ ക്ഷേത്രവും പുനരുദ്ധരിച്ചു. മറ്റ് സംഘടനകൾക്ക് കിട്ടാത്ത വിജയമാണിത്. ഈ സമര വിജയ കാരണം ഏറ്റുമുട്ടലിന്റെ വഴിയിൽ തിരിയാഞ്ഞതുകൊണ്ടാണ് എന്നെനിക്കു തോന്നുന്നു. ആ സമരത്തിലെ ഏറ്റുമുട്ടൽ ആ ക്ഷേത്രം ഇരുന്നിടത്തു മാത്രമാണ്. ബഫാക്കി തങ്ങളെപ്പോലുള്ളവർ, പി.ഇ.ബി. കുറുപ്പ്, വി.എം.കൊറാത്ത് തുടങ്ങിയവരുടെ സഹകരണം ഗുണം ചെയ്തു.
മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധസമരം രാഷ്‌ട്രീയമായിരുന്നു. സംഘത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. സംശയമില്ല. പക്ഷേ രാഷ്‌ട്രീയ സമരമായിരുന്നു. പരമേശ്വർജി, ഭരതേട്ടൻ, തങ്കേടത്തി (യശോദാ ദാമോദരൻ) ഒക്കെ പങ്കെടുത്തു. അതിന് ഉത്തരേന്ത്യൻ പിന്തുണയും ഉണ്ടായിരുന്നല്ലോ. അടൽ ബിഹാരി വാജ്പേയി വന്നു, ബഛ്റാജി വ്യാസ്, മദൻലാൽ ഖുരാനയും മറ്റുംവന്നു. കണ്ണൂർ ജയിലിൽ ബഛ്റാജി കിടന്നിട്ടുണ്ട്. അന്ന് ഓഫീസ് സെക്രട്ടറിയായിരുന്നു, രേഖകൾ സൂക്ഷിക്കുന്നതിൽ മിടുക്കനായ ഗുഡ്ഷെഡ് ശ്രീധരൻ.
ഗുരുജിക്ക് ശേഷം
അതിനുശേഷം അടിയന്തരാവസ്ഥയ്‌ക്കുമുൻപ്, ദേവറസ്ജി സർസംഘചാലക് ആയപ്പോഴുണ്ടായ ചില മാറ്റങ്ങൾ സംഘത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മാറ്റം ഉണ്ടാക്കി. ഗുരുജിയുടെ കാലശേഷം, അതുവരെ ഉണ്ടായിരുന്ന പ്രവർത്തനരീതിയിൽനിന്ന് ചില മാറ്റങ്ങൾക്ക് ദേവറസ്ജി ശ്രമിച്ചു. ഗുരുജി വേഷത്തിലും രീതിയിലും ഒരു സംന്യാസി ഭാവത്തിലായിരുന്നു. ഒരു പ്രൊഫസറുടെ ഗരിമയോടെ സംഘകാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചു. വർണാശ്രമ വ്യവസ്ഥയെക്കുറിച്ചുള്ള തർക്കത്തിലും വാദത്തിലുമൊക്കെ വൈദഗ്‌ദ്ധ്യത്തോടെ വിശദീകരണമൊക്കെ നൽകി. കമ്യൂണിസ്റ്റുകാർക്ക് വേണ്ടിയിരുന്നതും അതായിരുന്നു. ആർഎസ്എസ് അതിൽ വിശ്വസിക്കുന്നു സ്ഥാപിക്കാൻ അവർക്ക് സാധിച്ചു.

ഗുരുജിയുടെ മരണത്തിനുശേഷം, ദേവറസ്ജി, നേരിട്ട് ആർഎസ്എസ് വർണാശ്രമത്തിനൊപ്പം ഇല്ലെന്നും ജാതിവ്യവസ്ഥ മിശ്രവിവാഹംകൊണ്ട് മാറുമെന്നും ജാതി ഇല്ലാതാകണമെന്നും മറ്റും പരസ്യമായി പറയാമെന്ന നിലപാടെടുത്തു. അങ്ങനെ പൂനെയിലെ ‘വസന്ത് വ്യാഖ്യാൻ മാല’ എന്ന വാർഷിക പൊതു പരിപാടിയിൽ നിലപാട് വെളിപ്പെടുത്താമെന്നും തീരുമാനിച്ചു. വസന്ത് വ്യാഖ്യാൻ മാലയിൽ 1973-ൽ നടത്തിയ പ്രഖ്യാപനങ്ങളും വ്യഖ്യാനങ്ങളും സംഘത്തിന്റെ ചരിത്രത്തിൽ വലിയ മാറ്റമുണ്ടാക്കി. നാഴികക്കല്ലായി. ജാതി നിരാകരണം, സമുദായ പരിഷ്‌കരണം, സേവാപ്രവർത്തനം തുടങ്ങിയ വിവിധ തീരുമാനങ്ങൾ വന്നു.
അതിനുശേഷം 1989-ൽ ഡോക്ടർജി ജന്മശതാബ്ദിയാണ് മറ്റൊരു വലിയ പ്രയത്നം. ആ വർഷം സേവാപ്രവർത്തനം എന്ന സങ്കൽപ്പത്തിൽ 5000 പദ്ധതികൾ ലക്ഷ്യമിട്ടു. ഇപ്പോൾ അത് ഒരു ലക്ഷത്തി എഴുപത്തയ്യായിരമായി. ഡയമെൻഷണൽ ഗ്രോത്ത് ഓഫ് ആർഎസ്എസ് 1973-മുതൽ തുടങ്ങി. മറ്റ് സംഘടനകൾക്ക് സാധിക്കാനും സങ്കൽപ്പിക്കാനും പോലും കഴിയാത്ത തരത്തിൽ പദ്ധതികളും പരിപാടികളും ആർഎസ്എസിന് നടപ്പാക്കാൻ കഴിയുന്നത് 1973 വരെ ഗുരുജി പടുത്തുയർത്തിയ ഇൻഫ്രാ സ്ട്രക്ചർ മൂലമാണ്.
ഇന്നിപ്പോൾ രണ്ടുമാസംകൊണ്ട് ഒരു ദേശീയ സംഘടനയും സംവിധാനവും ഉണ്ടാക്കാൻ ആർഎസ്എസിനു കഴിയും.
സംഘത്തിന്റെ കാര്യത്തിൽ മറ്റൊരു ശ്രദ്ധേയമായ കാര്യം ഉള്ളത് കൂടി ഇവിടെ പറയണം. ഒരിക്കൽ ഒരു അഖിലേന്ത്യാ ബൈഠക്കിൽ മൊറോപാന്ത് പിംഗ്ളെ പറഞ്ഞു, ”സംഘത്തിന്റെ അഖിലേന്ത്യാ ഭാരവാഹികളുടെ ശരാശരി വയസ് കുറയ്‌ക്കണം” എന്ന്. ഈ ഒറ്റ വാക്യം മാത്രം. അതിനുശേഷം സൂര്യനാരായണറാവു അന്നത്തെ സർകാര്യവാഹ് എച്ച്. വി. ശേഷാദ്രിജിക്കും രജുഭയ്യ (പ്രൊഫ. രാജേന്ദ്ര സിങ്)ക്കും കത്തെഴുതി. അതിൽ പറഞ്ഞ്, ”ഒരു വിചിത്ര സത്യമെന്തെന്നാൽ വയസായ അധികാരികളുടെ സ്വസ്ഥമായ ആരോഗ്യം വളർന്നുവരുന്ന തരുണ കാര്യകർത്താക്കൾ ചുമതലയിൽ ആനയിക്കപ്പെടാൻ തടസമാകുന്നു,” എന്നായിരുന്നു. അതിനാൽ 75 വയസു തികയുമ്പോൾ ഞാൻ ഒഴിയുമെന്ന് അറിയിച്ചു.
ഒരുപക്ഷേ സംഘത്തിലേ അത്തരത്തിൽ ഒരു സംഘടനാ തീരുമാനം എടുക്കാനാവൂ. 75 വയസ് ഒരു മാനദണ്ഡമായി. എല്ലാം സംഘസംഘടനകളിലും ഈ തീരുമാനം നടപ്പായി. എന്നാൽ നോക്കൂ, സുദർശൻജി (കെ. സുദർശൻ) ഈ കാര്യം അടൽജിയേയും അദ്വാനിജിയേയും കുറിച്ച് പറഞ്ഞപ്പോൾ വിവാദമായി. അതിനു കാരണം അവരുടെ പ്രവർത്തന രംഗം രാഷ്‌ട്രീയമായിരുന്നു എന്നതായിരിക്കാം. ഞാൻ 75 കഴിഞ്ഞപ്പോൾ ഒഴിഞ്ഞു. എങ്കിലും എന്നെ ഇപ്പോഴും സംഘപരിപാടികൾക്ക് വിളിക്കുന്നു. ഞാൻ പോകുന്നു. ദേവറസ്ജി തന്നെ പറഞ്ഞില്ലേ, ഞാൻ സർസംഘചാലക് അല്ല എന്ന്. ഇങ്ങനെ സംഘനടയ്‌ക്ക് ചിന്തിക്കാൻ സാധിക്കുന്നത്, അധികാരം പ്രശ്നമല്ലാത്ത സംവിധാനം ഉള്ളതുകൊണ്ടാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകട്ടെ എന്ന് ഗോവയിൽ മനോഹർ പരീക്കർ പറഞ്ഞപ്പോൾ ഉദ്ദേശിച്ചതും ഇതാണ്. സംഘത്തിന്റെ കാഴ്ചപ്പാടായിരുന്നു യുവാക്കൾ അധികാരത്തിലേക്ക് വരട്ടെ എന്ന്.
അടിയന്തരാവസ്ഥയ്‌ക്ക് നാൽപ്പത്തഞ്ച് വയസാകാൻ പോകുന്നു. നാവെടുത്താൽ ഇന്ന് ഫാസിസം, ജനാധിപത്യ ഹത്യ എന്നൊക്കെ രാഷ്‌ട്രീയം പ്രസംഗിക്കുന്നവർക്ക് നാവനക്കാൻ കഴിയാതെവന്ന വീർപ്പുമുട്ടലിന്റെ കാലമായിരുന്നു ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ അടിയന്തരാവസ്ഥ. ഓർമയുള്ളവർ അതോർത്ത് ഇന്നും ഞെട്ടും. അനുഭവിച്ചവർ നൊമ്പരപ്പെടും. മുറിവേറ്റവർ പല്ലിറുമ്മും. ഒരു ജനതയുടെ നിലനിൽപ്പുസമരമായിരുന്നു അത്. ദേശവ്യാപക പ്രക്ഷോഭത്തിൽ പങ്കെടുത്ത് കേരളത്തിൽ പ്രതിരോധിച്ചത് പ്രധാനമായും ആർഎസ്എസ് ആയിരുന്നു. അതിന്റെ ചുക്കാൻ പിടിച്ച മൂന്നു പേരിൽ ഒരാൾ ഹരിയേട്ടനായിരുന്നു. അനുഭവങ്ങൾ ത്രസിപ്പിക്കുന്നതും രസിപ്പിക്കുന്നതുമാണ്:
അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥയിൽ മുഴുവൻ ഒളിപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് കേരളത്തിലാകെ ചുമതലയുള്ളവരായിരുന്നു, ഭാസ്‌കർജി, മാധവ്ജി, ഞാൻ. ഒരു നിർദേശത്തിന്റെ കീഴിൽ പ്രവർത്തനം എന്ന തീരുമാനമായിരുന്നു അഖിലേന്ത്യാ തലത്തിൽ. എല്ലാ പ്രസ്ഥാനങ്ങളും ആർഎസ്എസ് നിർദേശത്തിൽ. സംഘടനാ തലത്തിൽ ഒരു കുഴപ്പവും വരാതിരിക്കാൻ ശാഖാ പ്രവർത്തനം ഒറ്റയൂണിറ്റായി നടത്തി. ഇന്ദിരാഗാന്ധി ബലമുള്ള ശത്രുവായിരുന്നു. അതുകൊണ്ട് കരുതലുണ്ടായിരുന്നു.
സംഘത്തിന്റെ ആദ്യ നിരോധനം 48 ൽ ആയിരുന്നല്ലോ. അന്ന് ബ്രിട്ടീഷ് സംവിധാനം ശീലിച്ച ഉദ്യോഗസ്ഥരും മറ്റുമായിരുന്നു. അവർക്ക് മൂല്യങ്ങളുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്ക് അതില്ലായിരുന്നു. അതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ കാര്യത്തിൽ കരുതൽ കൂടുതൽ വേണമായിരുന്നു.
‘കുരുക്ഷേത്ര’ എന്ന പ്രചാരണ പ്രസിദ്ധീകരണം തയാറാക്കിയിരുന്നത് എംഎ സാറും (എം.എ. കൃഷ്ണൻ എന്ന പ്രചാരകൻ) ഞാനും ആയിരുന്നു. ഓരോ മാസത്തേയും റിപ്പോർട്ട് ഞാൻ തയാറാക്കുമായിരുന്നു. അത് ഒരു അഡ്രസിൽ പോസ്റ്റ് ചെയ്തു. 19 മാസം എഴുതിയ 19 ഭാഗങ്ങൾ എന്റെ കൈയിലുണ്ട്. അത് ചിലത് കോഡ് ഭാഷയിൽ, ചിലത് കൊങ്കണിയിൽ. പലതും എനിക്കു തന്നെ ഇന്ന് വായിക്കാനാവുന്നില്ല. ചില ഇനീഷ്യൽ, പേര് ഒക്കെ കണ്ടുപിടിക്കാൻ വിഷമം. ഞാനത് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എന്റെ വ്യക്തിപരമായ താൽപ്പര്യം കൊണ്ട് സൂക്ഷിച്ചതാണ്. അന്ന് സത്യഗ്രഹത്തിന് പോയവർ പൂരിപ്പിച്ചു തന്ന മുഴുവൻ ഫോമുകളും ബൈൻഡ് ചെയ്ത് വച്ചിട്ടുണ്ട്. അതാണ് ‘കുരുക്ഷേത്ര പ്രകാശൻ’ അടിയന്തരാവസ്ഥാ ചരിത്രം പുസ്തകമാക്കിയതിൽ ചേർത്തിട്ടുള്ളത്. പക്ഷേ, അതിൽ ചില തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവരവർ തയാറാക്കിയ വിവരങ്ങളാണല്ലോ. അത് ഞാൻ പകർത്തിയെഴുതിയതല്ല. ടൈപ്പ് ചെയ്യാൻ കൊടുത്തവർ നോക്കി തയാറാക്കി. അതുകൊണ്ട് പുസ്തകം ഇറങ്ങിയ ഉടനെ വൈക്കം ഗോപകുമാർ, പിന്നെ ചില സ്വയംസേവകർ, വിളിച്ചിരുന്നു. എന്റെ പേര് അതിലില്ല എന്ന് പറഞ്ഞു.
ഗോപനെ അറസ്റ്റ് ചെയ്തത് സത്യഗ്രഹിയായിട്ടല്ല. ഗോപൻ അറസ്റ്റു ചെയ്യപ്പെട്ടത് ഒളിവിൽ നിന്നാണ്. ആ ലിസ്റ്റ് അല്ല പ്രസിദ്ധീകരിച്ചത്. അതാണ് പട്ടികയിൽ ഇല്ലാത്തത്.
അന്നത്തെ രേഖകൾ പലതും ഭാരതീയ വിചാരകേന്ദ്രത്തിൽ സംരക്ഷിക്കാൻ കൊടുത്തു. പക്ഷേ അത് സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് വന്നപ്പോൾ ഞാൻ ഇതെല്ലാം എടുത്തുകൊണ്ടുപോന്നു. സംഘത്തിന്റെ രേഖകൾ സംരക്ഷിക്കപ്പെടുന്നില്ല, സംവിധാനം കുറവാണ്. വാസ്തവത്തിൽ സംഘത്തിന്റെ ചിന്തൻ ബൈഠക്കിലെ അതിസൂക്ഷ്മ വിവരങ്ങൾ പോലും രേഖപ്പെടുത്തണം. അത് സംഘടനയുടെ ഒഴുക്കിന്റെ ചരിത്രമാണ്. ഡോക്ടർജിയുടെ കാലത്ത് സംഘപ്രവർത്തനത്തിന് രഹസ്യം സൂക്ഷിക്കേണ്ടിയിരുന്നു. ഇന്ന് അതിന്റെ ആവശ്യമില്ല. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിൽ വേണമെങ്കിൽ പരിശോധിച്ച് എഡിറ്റ് ചെയ്ത് ലഭ്യമാക്കാം. സംഘടനയ്‌ക്ക് ഓരോ സൂക്ഷ്മവിവരങ്ങളുടെ രേഖ സംരക്ഷിക്കപ്പെടണം. അടിയന്തരാവസ്ഥക്കാലത്തെ രേഖകൾ സൂക്ഷിച്ചിരുന്നതുകൊണ്ട് പ്രസിദ്ധീകരിക്കാൻ പറ്റി. ജനസംഘകാലത്ത് സമ്മേളനത്തിന്റെ മുഴുവൻ കാര്യങ്ങളും മങ്കട രവിവർമ (സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ക്യാമറാമാൻ) എന്ന പ്രസിദ്ധ ക്യാമറാമാൻ ഫിലിമിലാക്കിയിരുന്നു. പക്ഷേ അതെവിടെയാണെന്ന് ഇന്ന് ആർക്കും അറിയില്ല. അത് പോയത് കനത്ത നഷ്ടമാണ്.
നാഗപൂരിലെ രേഖാ സംരക്ഷണം അസാധാരണമാണ്. അതുകൊണ്ടാണ് ഗുരുജിയുടെ കത്തുകളൊക്കെ കണ്ടെത്താനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞത്. താഴേത്തട്ടിലുള്ള പ്രവർത്തകർക്കും അതിന് പരിശീലനം വേണം.
സംഘവും പോലീസും
പോലീസിന് നമ്മളെ അടിയന്തരാവസ്ഥയ്‌ക്ക് പിടികൂടാനോ പ്രവർത്തനം നിയന്ത്രിക്കാനോ കഴിഞ്ഞില്ല. അതിന് കാരണം വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം എന്നതാണ്. എന്നാൽ ജനസംഘത്തിന്റെ പ്രവർത്തനം ഹോട്ടലുകളൊക്കെ കേന്ദ്രീകരിച്ചായിരുന്നു. കോഴിക്കോട്ടെ അലങ്കാർ ലോഡ്ജിൽനിന്നാണ് നാരായൺജിയേയുമൊക്കെ അറസ്റ്റ് ചെയ്തത്. എന്നാൽ, അതേ ലോഡ്ജിൽത്തന്നെ കുട്ടി ഗോപാൽ എന്ന സ്വയംസേവകൻ താമസിച്ചിരുന്നു; ആരും അറിയാതെ. നാരായൺജിപോലും അറിഞ്ഞില്ല. ഒരു മുറിയിൽ താമസിച്ച്, വതിലിൽ മാനേജർ എന്ന് എഴുതി ഒട്ടിച്ചു. കൃത്രിമപ്പല്ലായിരുന്നത് എടുത്ത് മാറ്റി. കാക്കി ഉടുപ്പൊക്കെയിട്ട് മുനിസിപ്പൽ ജീവനക്കാരനെപ്പോലെ നടന്നു. കുട്ടി ഗോപാലിന്റെ മുറിയിലെ കട്ടിലിനു താഴെയായിരുന്നു രഹസ്യമായി പലതും സൂക്ഷിച്ചിരുന്നത്. അയാളെ പോലീസ് സംശയിച്ചതുപോലുമില്ല.
ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തനം ശ്രമിച്ചുനോക്കിയത് പി.പി. മുകുന്ദനാണ്. തൃപ്രയാറിലെ ഒരു ലോഡ്ജിൽ യോഗം വിളിച്ചു. അന്നുതന്നെ പോലീസ് പിടിച്ചു. അടിയന്തരാവസ്ഥയിൽ ആദ്യം അറസ്റ്റിലായത് ‘മുകുന്ദേട്ട’നാണ്. അതുകൊണ്ട് അടിയന്തരാവസ്ഥയിലെ സംഘപ്രവർത്തനത്തെക്കുറിച്ച് ഒന്നും നേരിട്ടറിയില്ല. ലോക് സംഘർഷ സമിതിയുടെ അഖിലേന്ത്യാ മീറ്റിങ്ങിന് കൊൽക്കത്തയിൽ പോയി അവിടെ പുറത്തിറങ്ങി നടക്കുമ്പോഴാണ് ജോർജ് ഫെർണാണ്ടസ് പിടിക്കപ്പെട്ടത്, രവീന്ദ്ര വർമയും അന്ന് അവിടെ ഉന്നതതല രഹസ്യയോഗമായിരുന്നു. ഠേംഗ്ഡി, മാധവറാവു, ഭാവുറാവു ദേവറസ് തുടങ്ങിയവർ ഉണ്ടായിരുന്നു. അവരാരും പിടിക്കപ്പെട്ടില്ല. കാരണം സംഘത്തിന്റെ പ്രകൃതത്തിലുള്ള അച്ചടക്കത്തിന്റെ ഒതുക്കം അവർക്ക് സഹജമായിരുന്നു.
വീട് കേന്ദ്രീകരിച്ചായിരുന്നു നമ്മുടെ പ്രവർത്തനം. വീടുകളിൽ അവരുടെ ബന്ധുക്കളായാണ് നമ്മൾ കഴിഞ്ഞിരുന്നത്. കോഴിക്കോട്ട് ഞാൻ താമസിച്ച ഗണേശ് റാവുവിന്റെ വീട്ടിലാണ്. ഗണേശിന്റെ ചേട്ടൻ വസന്ത് റാവുവിന്റെ അയൽക്കാരൻ ഒരു പോലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തോട് ഞാൻ കാസർകോട്ടുനിന്നു വന്നതാണെന്ന് പറയുമായിരുന്നു. അവിടത്തെ സ്ത്രീയുടെ എന്നോടുള്ള പെരുമാറ്റം എങ്ങനെ എന്നതും ആളുകൾ ശ്രദ്ധിക്കുമല്ലോ. ഒരിക്കൽ അവർക്ക് പ്രസവവേദനയായി. അവർ ഫോൺ വിളിച്ച ആളുകളെ വരുത്തി. പരിചയക്കാരും സ്വയംസേവകരും വന്നപ്പോൾ സ്ത്രീ പറഞ്ഞു, ‘കാസർകോട്ടുനിന്ന് വല്യച്ഛൻ വന്നിട്ടുണ്ട്, മലയാളം സംസാരിക്കാൻ അറിയില്ല എന്നെല്ലാം.’ ഞാൻ അപ്പോൾ മുറിക്കുള്ളിൽ കതകടച്ചിരിക്കുകയാണ്.
വേറൊരിക്കൽ രാമറായ് കിണി എന്നയാളിന്റെ വീട്ടിൽ താമസിക്കുകയാണ്. കോഴിക്കോട്ട് വെള്ളയിൽ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്ത്. ഗേറ്റ് തുറന്നാൽ പ്ലാറ്റ് ഫോം. സ്വയംസേവകനാണ്, പക്ഷേ കുറെക്കാലമായി പ്രവർത്തനത്തിലില്ല. കുട്ടി ഗോപാലാണ് എന്നെ അവിടെ ആക്കിയത്. ഒരിക്കൽ ഞാൻ വീട്ടിനുള്ളിലിരിക്കുമ്പോൾ സുഭാഷ് എന്നൊരു സ്വയംസേവകൻ വന്ന് പുറത്ത് കിണിയുമായി സംസാരിക്കുകയാണ്. ഞാൻ കേൾക്കുന്നുണ്ട്. ‘ഹരിയേട്ടനെപ്പോലുള്ളവരെ നിങ്ങളെപ്പോലെയുള്ളവർ താമസിപ്പിക്കണം. മാറി നിൽക്കരുത് ഇതാ നിർണായകസമയം’ എന്നുപറഞ്ഞു. കിണി ബാങ്കുദ്യോഗസ്ഥനാണ്. സുഭാഷിനോട് മറുപടി നൽകി, ‘അയ്യോ എനിക്ക് പേടിയാണ്, ആരെങ്കിലും അറിഞ്ഞാൽ പണി പോകും. അമ്മയുടെ കാൽമുറിച്ചിരിക്കുന്നു. സഹോദരി വിവാഹംപോലും ചെയ്യാതെ കഴിയുന്നത് അമ്മയെ നോക്കാനാണ്’ എന്നൊക്കെ. സുഭാഷ് വളരെ ക്ഷുഭിതനായി കിണിയെ ‘പേടിത്തൊണ്ടൻ’ എന്നൊക്കെ വിളിച്ചാക്ഷേപിച്ചുപോയി. പ്രവർത്തകർക്ക് റിസ്‌ക് എടുക്കുകയും വേണം അപമാനവും സഹിക്കണം. ഇത്തരം അനുഭവങ്ങൾ എല്ലാവർക്കും പറയാനുണ്ടാകും.

യോഗങ്ങൾ വീടുകളിൽ ചേർന്നിരുന്നത് മറ്റാർക്കും അറിയാൻ പറ്റിയിരുന്നില്ല. യോഗം എന്ന സങ്കൽപ്പവും നമ്മൾ ചെയ്തിരുന്നതും പോലീസിന് തിരിച്ചറിയാൻ പറ്റിയിരുന്നില്ല. സ്ത്രീകളുടെ പങ്ക് വലുതാണ്. അക്കാലത്തെ ഗുരുദക്ഷിണയുടെ പണം മുഴുവൻ കൈകാര്യം ചെയ്തിരുന്നത് എറണാകുളത്ത് പ്രൊ. സുമംഗലയാണ്. അക്കാലത്തും പ്രചാരകന്മാർ അക്കൗണ്ട്സ് ഷീറ്റ് കൊടുക്കണമായിരുന്നു. കെ.സി.ബാലൻ (മണി) യാണ് അതൊക്കെ നോക്കിയിരുന്നത്. ബാലൻ മെസഞ്ചറും കൂടിയായിരുന്നു. സുമംഗല ടീച്ചർ മഹാരാജാസ് കോളജിൽ ഡിപ്പാർട്ടുമെന്റ് ഹെഡ്ഡായിരുന്നു. ആലുവയിൽ, ബിഎംഎസ് നേതാവ് പി.ടി. റാവുവിന്റെ അനുജത്തിയാണ് അക്കൗണ്ട് നോക്കിയിരുന്നത്. തൃശൂരിൽ ജി. മഹാദേവൻ ജയിലിലായിരുന്നെങ്കിലും ഭാര്യയാണ് ഗുരുദക്ഷിണ അക്കൗണ്ട് കാര്യങ്ങൾ നോക്കിയിരുന്നത്. ഇങ്ങനെ ഓരോ ദിക്കിലും. സുമംഗല ടീച്ചറുടെ ഭർത്താവ് നേവിയിൽ ക്യാപ്റ്റനായിരുന്നു. അതുകൊണ്ട് ബാങ്ക് അക്കൗണ്ടിൽ പണം വരുന്നതിലൊന്നും സംശയം തോന്നിയിരുന്നില്ല. വരുമാനം ഉണ്ടായിരുന്നു. ഠേംഗ്ഡിജി മൂന്നു ദിവസം സുമംഗലടീച്ചറുടെ വീട്ടിൽ താമസിച്ചു, ‘സുനിൽ ദത്തെ’ന്ന പേരിൽ.
ഒളിപ്രവർത്തന കാലത്ത് ഒന്നിലേറെത്തവണ ഹരിയേട്ടൻ പോലീസ് പിടിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. രസകരമായ ഗൗരവ സംഭവങ്ങളാണത്.
ഒരിക്കൽ ശബരിമല വ്രതകാലസമയത്ത് ഞാൻ താടിയൊക്കെ വളർത്തി കറുപ്പൊക്കെ ഉടുത്തു. വ്രതമൊന്നുമില്ല. സെന്റ് ആൽബർട്സിന്റെ പരിസരത്ത് ബസിൽ എന്റെ തൊട്ടുപിന്നിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ. എവിടേക്കാണെന്നു ചോദിച്ചു. ആലുവയ്‌ക്കെന്നു പറഞ്ഞു. അയാൾ കച്ചേരിപ്പടിയിലിറങ്ങി. എനിക്ക് സംശയം, അയാൾ പോലീസിൽ ഫോൺ ചെയ്താലോ. ഞാൻ അടുത്ത സ്റ്റോപ്പിലിറങ്ങി. നേരെ ചേറായിലേക്ക് പോയി. അവിടുന്ന് കൊടുങ്ങല്ലൂരിൽ. എനിക്ക് പാലക്കാട്ടാണ് പോകേണ്ടത്. അങ്ങനെ വടക്കഞ്ചേരിയിലെത്തി. അവിടെയെത്തി ആദ്യം ഷേവ് ചെയ്യാൻ കടയിൽ കയറി. ബാർബർ എന്നോട് കെട്ടിയിറക്കിയതും മാലയഴിച്ചതും ഒക്കെ ചോദിച്ചു. എനിക്ക് അതൊന്നും അറിയില്ലല്ലോ. ഒരുവിധം പറഞ്ഞ് ഒഴിഞ്ഞ് പാലക്കാട് വടക്കന്തറയിൽ എത്തി, നമ്മുടെ ഏറ്റവും സുരക്ഷിത താവളത്തിൽ.
മറ്റൊരു അവസരത്തിൽ അകപ്പെട്ടേനെ. ഒരിക്കൽ യാദവ് റാവുജി, ഭാസ്‌കർ റാവു, സേതുവേട്ടൻ, കെ.ജി. വേണുഗോപാൽ, സി.കെ. ശ്രീനിവാസൻ, ഞാനും മട്ടാഞ്ചേരിയിൽ കഷണ്ടി മുക്കിലെ ഫിയാസ് മാൻസിൽ എന്നയിടത്ത്. എണ്ണക്കച്ചവടമാണ്, നോർത്ത് ഇന്ത്യയിലെ സേട്ടുവാണ്. മൂന്നോ നാലോ ടെലിഫോണുണ്ടാവും അവിടെ. അവിടെ ഞങ്ങൾ കൂടിക്കാഴ്ച നിശ്ചയിച്ചു. അടിവാങ്ങി ജയിലിൽ പോയ പുരുഷോത്തമൻ എന്ന ആളിനെ കാണണമെന്ന് യാദവ് റാവുജിക്ക് ആഗ്രഹം. പ്രവർത്തകർ പോയി പുരുഷോത്തമനെ കൊണ്ടുവന്നു. യാദവറാവു താഴെ ഇരിക്കുന്നു. ഞങ്ങൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ. ജയിലിൽ പോയ ആളെ പിന്തുടർന്ന് പോലീസെത്തി. ഇൻസ്പെക്ടർ വന്നു. സേട്ടുവിനോട് ചോദിച്ചു, ”ഇവിടെ എന്തോ ആർഎസ്എസ് മീറ്റിങ് നടക്കുന്നുവെന്ന് കേട്ടല്ലോ.” സേട്ടു പറഞ്ഞു ”എന്ത് മീറ്റിങ്, എന്റെ ഭാര്യയുടെ അച്ഛൻ വന്നിട്ടുണ്ട്. അദ്ദേഹത്തെ കണ്ട് ആരെങ്കിലും ആർഎസ്എസ് ആയിട്ട് ധരിച്ചതാവും. എനിക്കറിയില്ല.” അപ്പോഴേക്കും ഫോൺ വന്നു. ഒന്നിനുപുറകേ പല ഫോൺ. അതിനിടെ പോലീസുകാരനെ അപ്പോൾ ശരിയെന്നു പറഞ്ഞയച്ചു. ഒട്ടും സംശയം തോന്നാതെ കൈകാര്യം ചെയ്തു. പോലീസ് വന്നു പോയപ്പോൾ മുകളിൽ വന്ന് കാര്യങ്ങൾ അറിയിച്ചു. ഞാനും കെ.ജി. വേണുവും മതിലുചാടി വേറേ വഴിയിൽ രക്ഷപ്പെട്ടു. ഭാസ്‌കർ റാവുവും യാദവ് റാവുവും സേട്ടുവിന്റെ ബന്ധുക്കളെപ്പോലെ പെരുമാറി. അവിടുന്ന് സേട്ടുവിന്റെ കാറിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി മദ്രാസിലേക്കു മടങ്ങാൻ. അന്നു വൈകിട്ടുതന്നെ ഞങ്ങൾ രവിപുരം അമ്പലത്തിൽ വച്ച് കണ്ടു, ഭാസ്‌കർ റാവു അങ്ങനെയാണ് നിർദ്ദേശിച്ചിരുന്നത്.
ഒരിക്കൽ മഹാരാജാസ് കോളജിൽ പ്രിൻസിപ്പാൾ മധുകർ റാവുവിന്റെ മുമ്പിൽ തിരിച്ചറിയാതെ രക്ഷപ്പെട്ട അനുഭവമുണ്ട്. അദ്ദേഹം ലക്ചററായി വന്നു. ഞാനന്ന് പഠിക്കാനുണ്ടായിരുന്നു. കുടുംബ സുഹൃത്തുമായി. അന്ന് ഞാനും ജ്യേഷ്ഠൻ പുരുഷോത്തമനും തമ്മിൽ പലർക്കും തെറ്റുമായിരുന്നു. പൊക്കം, സംസാര രീതി ഒക്കെക്കൊണ്ട് ഏറെക്കുറേ ഒരുപോലെ. ഒളിവിൽ കഴിയുന്ന ഒരു ദിവസം ടിഡി റോഡിൽ കൂടി പോകുമ്പോൾ മധുകർ റാവു സ്‌കൂട്ടറിൽ എതിരെ. അദ്ദേഹം ഉറക്കെ ചോദിച്ചു; ”ഹരീ, താങ്കൾ പോലീസ് പിടിയിലായില്ല അല്ലേ?’ എന്ന് ഇംഗ്ലീഷിൽ. പെട്ടെന്ന് എനിക്ക് അപകടം മനസിലായി. ഞാൻ പറഞ്ഞു, ”സർ, അങ്ങേയ്‌ക്ക് തെറ്റിപ്പോയി. ഞാൻ പുരുഷോത്തമാണ്. ചേട്ടൻ കൊൽക്കത്തയിലാണ്.” ഉടനെ ഓ, യെസ് പറഞ്ഞ് അടുത്ത ചോദ്യം, ”നിങ്ങൾ എന്തിനിവിടെ വന്നു?” ഞാൻ: ”എന്റെ ഭാര്യ പ്രസവത്തിനിവിടെ വന്നു സർ” എന്ന് മറുപടി പറഞ്ഞു. (ഞാൻ പുരുഷോത്തമാണല്ലോ) അത് സത്യമായിരുന്നു. ചേട്ടത്തിയമ്മ പ്രസവത്തിന് വന്നിരുന്നു. അദ്ദേഹം പോയി.
എനിക്ക് തോന്നി, ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ എന്റെ വീട്ടിൽ ചെല്ലും. ഗർഭിണിയായ ചേട്ടത്തിയമ്മയെ കാണും. അപ്പോൾ ചേട്ടനെ കണ്ടകാര്യം പറയും. ചേട്ടത്തിയമ്മയെ മദ്രാസ് വരെ ചേട്ടൻ കൊണ്ടുവന്ന്, അവിടുന്ന് എന്റെ അനുജൻ ധനഞ്ജയൻ പോയി കൂട്ടിക്കൊണ്ടുവരികയായിരുന്നു. വീട്ടിൽ ഫോണില്ല. ഞാൻ ഉടനെ വീട്ടിലേക്ക് ആളെ അയച്ചു. കാര്യങ്ങളൊക്കെ അറിയിച്ചു. വൈകിട്ട് കൃത്യമായി അവർ വീട്ടിൽ ചെന്നു. അങ്ങനെ മുൻകൂർ കാര്യങ്ങൾ അറിയാമായിരുന്നതുകൊണ്ട് കള്ളം പറയാതെ, എന്നാൽ സംഭവിച്ചതും പറയാതെ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. ആ സ്ത്രീയും സംതൃപ്തയായിപ്പോയി.
അടിയന്തരാവസ്ഥക്കാലത്ത് ഗുരുദക്ഷിണ നടന്നു. മുംബൈ, കൽക്കത്ത, മദ്രാസ് എന്നിവിടങ്ങളിലെ ഗുരുദക്ഷിണ അതത് സംസ്ഥാനക്കാർ നടത്തി അതത് സംസ്ഥാനത്തേക്ക് കൊണ്ടുപോയാൽ മതിയെന്ന് കേന്ദ്രം നിശ്ചയിച്ചു. അക്കാലത്ത് ഞാൻ ഒരു മാസം മുംബൈയിൽ ആയിരുന്നു. മലയാളികൾക്കിടയിൽ സ്വാതന്ത്ര്യത്തോടെ നടന്നു. ഒരു മുറിയിൽ ചെറിയ ധ്വജവും പൂവും ഒക്കെ വച്ച് മുറിയിൽ വന്ന് ഓരോരുത്തരും ഗുരുദക്ഷിണ ചെയ്തു. സ്വയംസേവകരല്ലാത്തവർ വന്നാൽ ഒരു കൊടിവച്ചിരിക്കുന്നു. അത്രമാത്രം. ഇന്ന് അത്തരത്തിൽ ഒക്കെ നടക്കുമോ എന്നത് സംശയമാണ്.
ഇ വായനയും (ഡിജിറ്റൽ) അ,ആ വായനയും (പുസ്തകവായന) ഒക്കെയുള്ള കാലത്ത്, ഹരിയേട്ടന്റെ വായന തികച്ചും വ്യത്യസ്തമാണ്. ഇങ്ങനെ വായിക്കുന്നത് എങ്ങനെയെന്ന് അത്ഭുതം കൂറിപ്പോകും. വായിക്കുക, ഓർമിക്കുക, അതു മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതെങ്കിൽ അതേക്കുറിച്ച് എഴുതുക, ആവശ്യമെങ്കിൽ വിവർത്തനം ചെയ്യുക… അറിവിനെ അണികളിലേക്ക് ഒഴുകുന്ന വിജ്ഞാന ഭഗീരഥനാണ് ഹരിയേട്ടൻ. എത്രയെത്ര പുസ്തകങ്ങൾ, ലേഖനങ്ങൾ, പ്രഭാഷണങ്ങൾ. അവയൊക്കെയും കൃത്യമായ ലക്ഷ്യം സാധിക്കുന്നതിനുപകരിക്കുന്നവയാണ്. അവ ചില കാര്യങ്ങളിൽ നിലവിലുള്ള പൊതു ധാരണയിലെ തെറ്റുതിരുത്തലുകളുണ്ട്. ആടയാഭരണങ്ങളും അലങ്കാരങ്ങളും അഴിച്ചെറിഞ്ഞ്, അടിസ്ഥാന ധാരണകൾ സ്ഥാപിക്കുന്നവയുണ്ട്. അത് സാമൂഹ്യ പരിഷ്‌കരണത്തിന് ലക്ഷ്യമിട്ടുള്ളതുമാണ്. വായിക്കാൻ, ഓർമിക്കാൻ, എഴുതാൻ ഹരിയേട്ടന്റെ രീതിയ്‌ക്ക് ഏറെ പ്രത്യേകതകളുണ്ട്; അദ്ദേഹത്തിന് അത് സ്വാഭാവിക രീതിയാണെങ്കിലും. അതേക്കുറിച്ച് പറയുന്നു:
ഓർമയും വായനയും
ഓർമ്മയിൽ കൃത്യതയോടെ കാര്യങ്ങൾവക്കുന്നതിന് ബോധപൂർവം ഞാനൊന്നും ചെയ്യുന്നില്ല. ദൈവാനുഗ്രഹം എന്ന് പറയാം. അല്ലാതെ അതിനായി ഒന്നും ചെയ്യുന്നില്ല. ഓർക്കുന്നത് മറക്കാതിരിക്കുന്നതുകൊണ്ടാണ്, മറക്കുന്നത് ഓർക്കാതിരിക്കുന്നതുകൊണ്ട്. പിന്നെ, പ്രത്യേകതയായി പറയാവുന്നത്, 1956 മുതൽ 1982 ൽ പ്രാന്തപ്രചാരക് ആകുംവരെ കൃത്യമായി ദിവസവും ശീർഷാസനം ചെയ്യുമായിരുന്നു. കാൽനൂറ്റാണ്ട്, എട്ട് ഒമ്പത് മിനിട്ട് വീതം. നരസിംഹ സ്തുതിയുണ്ട്, 22 ശ്ലോകം; അത് ആ സ്ഥിതിയിൽ ചൊല്ലും. അതിന്റെ വല്ല ഗുണവുമാണോ എന്ന് പറയാനാവില്ല.
വായനയ്‌ക്ക് എന്റെ ഒരു രീതിയുണ്ട്. ഞാൻ ഏതു പുസ്തകവും വായിക്കുകയല്ല, പഠിക്കുകയാണ്. കൽഹണന്റെ ‘രാജതരംഗിണി’യാണ് വായിക്കുന്നതിപ്പോൾ. ഈ ബുക്കിൽ (നോട്ട് ബുക്ക് കാണിച്ച) ഞാൻ എഴുതിയ അതിന്റെ നോട്ടാണ്. ഇത് ടൈപ്പു ചെയ്യാൻ കൊടുത്താൽ പുസ്തകമാക്കാം. ഓരോ കുറിപ്പുമുണ്ട്. റഫ് വേറെയുണ്ട്. ഇങ്ങനെ ഏറെപ്പേർ വായിക്കാറില്ല. വായിക്കുന്ന പുസ്തകത്തിൽ ഞാൻ പെൻസിൽകൊണ്ട് അടയാളപ്പെടുത്തും. അലസ വായനയില്ല. പുസ്തക വായന നോട്ട് എഴുതിയാണ്. മാസികയൊക്കെയേ അല്ലാത്ത രീതിയിൽ വായിച്ചു. യാത്ര ചെയ്യുമ്പോൾ രാത്രിയിൽ ഒക്കെ വായിക്കും. വായിക്കാൻ താൽപ്പര്യമുള്ളവർ സമയം കണ്ടെത്തി വായിക്കും.
ഒരിക്കൽ പാലക്കാട് ഐടിസിയിൽ 25-30 രൂപ മിച്ചംവന്നു. വാല്മീകി രാമായണത്തിന് പന്ത്രണ്ട് രൂപയാണ്. ഞാൻ വാല്മീകി രാമായണം വാങ്ങിച്ചു. വലിയ തടിച്ച പുസ്തകമാണ്. അത് അഞ്ചായി വിഭജിച്ച് പ്രത്യേക പുസ്തകങ്ങളാക്കി ബൈൻഡ് ചെയ്തു. യാത്രയിൽ കൊണ്ടുപോയി. ദിവസം 100 ശ്ലോകം വീതം വായിച്ചു. യാത്രയിൽ, ബസ് കാത്തിരിക്കുമ്പോൾ, ട്രെയിൻ വൈകിയാൽ ഒക്കെ വായിക്കും. പച്ച മഷിയാണ് ഞാനുപയോഗിച്ചിരുന്നത്. വായിച്ചതിന് ദിവസവും തീയതി എഴുതിയിടും. ഒരു ദിവസം മാത്രം വായിച്ചില്ല. അന്ന് ഗുരുജി കോഴിക്കോട്ടുണ്ടായിരുന്ന ദിവസമാണ്.
ഏതു ദിവസമാണ് ഗുരുജി കോഴിക്കോട്ടു വന്നതെന്ന് ചോദിച്ചാൽ എനിക്ക് ആ പുസ്തകം തിരഞ്ഞാലും കണ്ടുപിടിക്കാം. 1971-ൽ കിട്ടിയ രാമായണമുണ്ട്. അതിൽ തീയതി എഴുതിയിട്ടുണ്ട്. അതൊക്കെ വായിക്കുമ്പോഴുള്ള എന്റെ രീതിയാണ്. ചാണക്യന്റെ ‘അർത്ഥശാസ്ത്രം’ ഉണ്ടല്ലോ, അത് ഡി.എൻ. ഉണ്ണി ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിട്ടുണ്ട്. മൂന്നു വാള്യം. അതു മുഴുവൻ ഞാൻ വായിച്ചു. അതിന്റെ മുഴുവൻ നോട്ടെടുത്തിട്ടുണ്ട്. അപ്പോൾ, വായിക്കുന്ന പുസ്തകം ഞാൻ പഠിക്കുന്നതാണെന്നർത്ഥം. ദേ, ഇതാണ് നോട്ട്സ്. ‘ദൈവമേ ഈ വിഷയം മുഴുവനാക്കാൻ എന്നെ അനുഗ്രഹിച്ചാലും, വേണ്ടത്ര ഓർമശക്തി തന്നാലും. ഉത്സാഹം തുടരെ തന്നാലും, ക്ഷമ തന്നാലും, താൽപ്പര്യം നിലനിർത്തിയാലും. വായിക്കാൻ ഇത്രയും വൈകിയതിൽ ക്ഷമ തന്നാലും.” എന്നാണ് എന്റെ തുടക്കം. വാസ്തവത്തിൽ ഇത്രയും പ്രധാന പുസ്‌കം ഞാൻ വായിക്കാൻ ഏറെ വൈകി. 2012 ജൂലായ് 18 ന് ആണ് ഇത്രയും പ്രധാന പുസ്തകം വായിക്കുന്നത്. വായിച്ചു കഴിഞ്ഞു 28, ആഗസ്റ്റ് 2018. ഇതാണ് എന്റെ രീതി.
ഇപ്പോൾ പഠനവും എഴുത്തും അല്ലാത്തപ്പോൾ ഉറക്കമാണ്. യോഗത്തിനൊക്കെ പോകുന്നത് വലിയ സമയം പാഴാക്കലാണ്. ഉദ്ഘാടനവും സമാപനവും വേസ്റ്റാണ്. നമുക്ക് അതിൽനിന്നും ഒന്നുംകിട്ടില്ല.
എഴുതുന്നതിന് പ്രത്യേക തയാറെടുപ്പു വേണ്ട. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കെ, നിർത്തി പിന്നീട് ബാക്കി എഴുതുന്നതിന് തടസമല്ല, മൂഡ് പോയി, ഫ്ളോ പോയി എന്നൊന്നും തോന്നിയിട്ടില്ല. കവിത എഴുതുന്നവർക്ക് ചിലപ്പോൽ തടസമുണ്ടായിരിക്കാം.
കവിതയെഴുതിയിട്ടില്ലേ എന്നു ചോദിച്ചപ്പോൾ കൊങ്കണി ഭാഷയിൽ, ഗോവയിൽ പ്രസിദ്ധീകരിച്ച കവിതാ പുസ്തകം ഹരിയേട്ടൻ പുറത്തെടുത്തു. ഹരിയേട്ടൻ കൊങ്കണിയിലെഴുതിയ കൊങ്കണികളുടെ പലായന ചരിത്ര ഖണ്ഡകാവ്യം, ‘വിസ്ഥപനാ ചീ കഥാ.’ ചില ഭാഗങ്ങൾ വായിച്ചുകേൾപ്പിച്ചു. വ്യത്യസ്ത വൃത്തങ്ങളിൽ കവിത വായിച്ചു കേൾക്കാൻ നല്ല കൗതുകമായിരുന്നു. നാലഞ്ചു വ്യത്യസ്ത വൃത്തങ്ങളിൽ എഴുതിയ കവിത. 500 വർഷം മുൻപ് ഗോവയിൽനിന്ന് കുറ്റിയും പറിച്ച് പലായനം ചെയ്ത് കൊച്ചി തുറമുഖത്ത് എത്തിയ പൂർവികർക്ക് സമർപ്പിക്കുന്നുവെന്നാണ് തുടക്കം.
ഭാഷാലോകത്ത്
ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം, മറാഠി, ഹിന്ദി ഭാഷകൾ അനായാസമാണ്. തമിഴ് അറിയാം, എഴുതാനാവില്ല. മുംബൈയും നാഗപ്പുരും ഹെഡ് ഓഫീസായപ്പോൾ മറാഠി പഠിക്കാൻ സഹായകമായി. ഞാൻ വായിച്ച് വായിച്ച് പഠിച്ചതാണ്. പുരുഷസൂക്തത്തിന്റെ മറാഠിയിലുള്ള ഒരു വ്യാഖ്യാനം അടുത്തിടെ വായിച്ചു. അത് മലയാളത്തിലാക്കി. പ്രസിദ്ധീകരിക്കുന്നത് എപ്പോഴാണ് എന്നറിയില്ല. എന്റെ ജോലി കഴിഞ്ഞു, റോയൽറ്റിലും പകർപ്പവകാശത്തിലും എനിക്ക് നിർബന്ധമില്ല. എപ്പോൾ പ്രസിദ്ധീകരിച്ചാലും എനിക്ക് പ്രശ്നമില്ല. എന്റെ ജോലി കഴിഞ്ഞു. അത്രമാത്രം.
ഘടനാപരമായി അഖിലേന്ത്യാ ഭാഷകൾ തമ്മിലും ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ ബന്ധമുണ്ട്. തമിഴ് മുതൽ നേപ്പാൾ വരെ ഭാഷാ ബന്ധമുണ്ട്. യൂറോപ്യൻ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോഴാണ് അത് വ്യക്തമാകുന്നത്. ‘ഐ ഏറ്റ് എ മാംഗോ.’ സബ്ജക്ട്, പ്രഡിക്കറ്റ്, ഒബ്ജക്ട് എന്നാണ് ഘടന. ഇന്ത്യൻ ഭാഷകളിൽ സബ്ജക്ട്, ഒബ്ജക്ട്, പ്രഡിക്കറ്റ് എന്നാണ് വരുന്ന്. ‘മേനേ ആം ഖായാ’ എന്ന് ഹിന്ദി. ‘നാൻ മാമ്പഴം സാപ്പിട്ടേൻ’ എന്നാണ് തമിഴ്. യൂറോപ്യൻ ഭാഷകളിൽ അങ്ങനെയല്ല. രണ്ടാമതായി ‘അവ്യയം’ (പ്രപ്പൊസിഷൻ) യൂറോപ്യൻ ഭാഷകളിൽ ‘പ്രീ പൊസിഷ’നാണ്. ‘നേറ്റീവ് ഓഫ് എറണാകുളം.’ ‘എറണാകുളം സ്വദേശി’ എന്നാണ് മലയാളം. ‘മൈ ഫാദർ’ എന്നത് ‘ഫാദർ ഓ
ഫ് മൈൻ’ എന്നാണ് ഇംഗ്ലീഷ്. ‘അച്ഛൻ എന്റേത്’ എന്ന് നമ്മൾ പറയില്ല.
‘ഐ ഡു നോട്ട് നോ’ എന്ന് ഇംഗ്ലീഷ്. ‘എനിക്ക് അറിയില്ല’ എന്നേ മലയാളം പറയൂ. ‘ഐ ഗോട്ട് ഇറ്റ്.’ ‘ഞാൻ അത് കിട്ടി’ പറയില്ല. ‘എനിക്ക് അത് കിട്ടി’ എന്നേ പറയൂ. ഇതെല്ലാം ഇന്ത്യൻ ഭാഷയിൽ ഒരുപോലെയാണ്.
വാക്കിനോട് ചേർന്ന് പോസ്റ്റ് പൊസിഷൻ വരുന്നു ഇവിടെ. ഇംഗ്ലീഷിൽ വേറെ വേറെ വാക്കാണ്. കൂടെത്തന്നെ എഴുതണം ഇന്ത്യൻ ഭാഷകളിൽ. ‘തലയ്‌ക്ക് മേലേ’ എന്നല്ല, ‘തലയ്‌ക്കുമേലെ’ എന്ന് ചേർത്ത് എഴുതണം. തമിഴ് ഗ്രൂപ്പ്-ഹിന്ദി ഗ്രൂപ്പ് എന്ന് വ്യത്യാസവും ഉണ്ട്. ‘എ-ഏ, ഒ-ഓ’ എന്നിങ്ങനെയുള്ള ദീർഘവ്യത്യാസം മലയാളം തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലേ ഉള്ളൂ. ‘കെട്ടു,’ ‘കേട്ടു’ എന്ന അർത്ഥഭേദം വരുന്നത് ഈ ഭാഷകളിൽ മാത്രം. ഹിന്ദിയിൽ ദീർഘമേയുള്ളൂ. ഹ്രസ്വമില്ല. അതുകൊണ്ട് ഒറ്റപ്പാലം എന്ന് ഉത്തരേന്ത്യക്കാരന് പറയാനാവില്ല. ‘ഓട്ടപ്പാലം’ എന്നേ പറയൂ.
അതിനിടെ, ഒറ്റപ്പാലത്തേക്കുറിച്ച് പറഞ്ഞപ്പോൾ ഒരു ഫോൺ വിളി. ഒറ്റപ്പാലത്തുനിന്നാണ്. രണ്ടാമത്തെ കുഞ്ഞിന് ‘അന്വിത’ എന്ന് പേരിടുന്നതിനെക്കുറിച്ചുള്ള ഹരിയേട്ടനോട് സംശയം തീർക്കലാണ്. അരുണിനും ദിവ്യയ്‌ക്കും ജനിച്ച ആദ്യ കുട്ടിക്ക് ‘അനിരുദ്ധ്’ എന്നാണ് പേര്. പുതിയ മകൾക്ക് അന്വിതയെന്ന് പേര്. അത് നല്ലതാണെന്നും ദുർഗയെന്നു മാത്രമല്ല ഏത് ദേവിയെ ആരാധിച്ച് ആ ദേവിയെ പിന്തുടരുന്നുവോ അതുകൊണ്ടാണ് അന്വിതയെന്ന് ദേവിക്ക് വിശേഷണമെന്ന് അതെക്കുറിച്ച് വ്യാഖ്യാനവും നൽകി. നഴ്സറിയിൽ പോകുന്ന അനിരുദ്ധനോടും ഫോണിൽ സംസാരിച്ച് നേരിൽ കാണാമെന്ന് പറഞ്ഞ്, നമസ്തേ അവസാനിപ്പിച്ചു. തുടർച്ചമുറിയാതെ വീണ്ടും ഭാഷാ ശാസ്ത്രത്തിലേക്ക്…
ദീർഘമേ ഉത്തരേന്ത്യൻ ഭാഷയ്‌ക്കുള്ളൂ. അതുകൊണ്ട് ഹിന്ദിപ്പേര് പറയുമ്പോൾ നീട്ടിപ്പറയണം. ‘ഹെഡ്ഗേവാർ’ ആണ് ‘ഹെഡ്ഗെ’വാറല്ല.
വാക്കിലും കാലത്തിലും വ്യത്യാസമുണ്ട്. ക്രിയയിൽ തീരെ വ്യത്യാസമില്ലാത്ത ഭാഷ മലയാളം മാത്രമാണ് എന്നെനിക്ക് തോന്നുന്നു. ഇംഗ്ലീഷിൽ ‘ഹീ കംസ്, ദേ കം’ എന്ന് വരുന്നുവെന്നതിന് ഭേദമുണ്ട്. മലയാളത്തിൽ അതില്ല; ഭൂതകാലത്തിൽ തീരെയില്ല. ‘ഞാൻ വന്നു,’ ‘അച്ഛൻ വന്നു,’ ‘അവർ വന്നു,’ ‘മൃഗം വന്നു’ എന്നേ പറയൂ. മറാഠി, കൊങ്കണി, ഹിന്ദി എല്ലാം വ്യത്യാസം. ‘ആയേ,’ ‘ആയി’ എന്ന് ലിംഗവും വചനവും അതനുസരിച്ച് മാറും. തമിഴിൽ ‘അവൻ വന്താൻ,’ ‘അവൾ വന്താൾ’, ‘നാൻ വന്തേൻ,’ ‘അവർ വന്തോം’ എന്ന് പറയുന്നു.
ചിന്തകൾ ഒന്നാണ്. ഉദാഹരണത്തിന് മര്യാദ. ആദരവോടെ വിളിക്കുന്നത് ഏത് ഭാഷയിലും സമാനമാണ്. അച്ഛന്റെയോ അമ്മയുടെയോ ചാരിത്ര്യഭംഗം സംബന്ധിച്ച തെറിവാക്ക് ഒരേപോലെ. യൂറോപ്യൻ ഭാഷകളിൽ അങ്ങനെയല്ല. ഇംഗ്ലീഷിൽ ഒരാളെ ബാസ്റ്റാർഡ് (പിതൃശൂന്യൻ) എന്ന് വിളിച്ചാൽ അയാൾക്ക് പ്രശ്നമില്ല, ‘ഞാൻ അതിനുത്തരവാദിയല്ല’ എന്നു പറയും. മറിച്ച് ‘കള്ളൻ’ എന്ന് വിളിച്ചാൽ ‘തല്ലും’ എന്നും പറയും. ഈ നിലപാട് ഇന്ത്യയിൽ ഒരുപക്ഷേ ഒരു ഭാഷയ്‌ക്കും ഇല്ല. തെറിവാക്കുകൾ വിശകലനം ചെയ്താൽ അതിന് പൊതുസ്വഭാവമുണ്ട്. കൈനീട്ടമെന്നോ വാശിയെന്നോ പറയുന്നതിന് വിവിധ ഭാഷകളിൽ സമാനതയുണ്ട്. വാശി, കൈനീട്ടം, കൈപ്പുണ്യം, എച്ചിൽ തുടങ്ങിയവകൾക്ക് സമാനതയുണ്ട്. തീണ്ടാരി എന്ന അവസ്ഥയ്‌ക്ക് എല്ലാ ഭാഷകളിലും പ്രത്യേക വാക്കുകളുണ്ട്. ചത്തു, മരിച്ചു എന്ന് പറഞ്ഞാൽ രണ്ടും ഒന്നാണ് ഫലത്തിൽ. പക്ഷേ ചത്തു എന്ന് മൃഗങ്ങൾക്കും മരിച്ചു എന്ന് മനുഷ്യർക്കും ആണ് പറയുക. ഹിന്ദി പ്രദേശത്ത് ‘ഗർഭിണി’ എന്ന വാക്ക് ‘ഗർഭമുള്ള മൃഗങ്ങൾക്ക്’ പറയുന്നതാണ്. മനുഷ്യന്റെയാണെങ്കിൽ ‘ഗർഭവതി’ എന്നു പറയണം. ഇത് തെറ്റിച്ച് ആദ്യകാലത്ത് ഞാൻ പറയുമായിരുന്നു. അവർ അബദ്ധം പറഞ്ഞ് തന്നു.
തമിഴിന് സംസ്‌കൃതത്തിന്റെ സ്വാധീനമല്ല എന്ന് പറയാനാവില്ല. പക്ഷേ സ്വതന്ത്ര ഘടനയുണ്ട്. ഹിന്ദിയിലെ ‘സമാചാർ’ അല്ലേ തമിഴിന്റെ ‘സമാചാരം.’ എണ്ണം പറയുന്നത് നോക്കുക. തമിഴ്, മലയാളം, കർണാടകം, തെലുങ്ക് ഭാഷകളിൽ എണ്ണം ഇംഗ്ലീഷു പോലെയാണ്. ഇരുപത്തിരണ്ട് എന്ന് പറയുന്നതിൽ ഇരുപതാണ് അടിസ്ഥാനം. ഇംഗ്ലീഷിലും ഇതുപോലെയാണ്. ട്വന്റിവൺ, ട്വന്റി ടു എന്നാണ് ട്വന്റി അടിസ്ഥാനം. എന്നാൽ സംസ്‌കൃതത്തിൽ അങ്ങനെയില്ല. ആദ്യം വരുന്നത്, മറിച്ചാണ്. ‘ഏക’വംശഃ, ‘ദ്വി’വംശഃ, ‘ചതുർ’വിംശഃ. ഹിന്ദിയിൽ ഇക്കീസ്, ബായീസ്, തേയീസ്, ചൗബീസ് എന്നിങ്ങനെയാണ്. അടിസ്ഥാനപരമായി വ്യത്യസ്തമാണ്. സംസ്‌കൃതത്തിന് പഴക്കം വേദകാലം വരെ; പാണിനിക്കും അപ്പുറം സംസ്‌കൃതം പോകുന്നു. അത്ര പഴക്കം ഇല്ലല്ലോ തമിഴിന്. കാളിദാസ കവിതകളിൽ പോലുമില്ലാത്ത ക്രിയാ കാലം ‘ല’കാരം വേദത്തിൽ പ്രയോഗിച്ചിട്ടുണ്ട്.
ഹരിയേട്ടൻ ഇത്രയൊക്കെ വലിയ ആളാണെങ്കിൽ, എന്തുകൊണ്ട് വാർത്തകളിലും ചിത്രങ്ങളിലും ഈ മനുഷ്യനെ കാണുന്നില്ല, സമൂഹമധ്യത്തിലേക്ക് ടെലിവിഷൻ ചർച്ചകളിലൂടെ ‘നുഴഞ്ഞു കയറുന്നില്ല’ എന്നൊക്കെ സംശയിക്കാം. പക്ഷേ, ഒരു മാധ്യമത്തിലൂടെയും ഒരു വ്യക്തിക്കും കഴിയാത്തത്ര വ്യാപകമായി, ഒരു നിമിഷംകൊണ്ട് ചെന്നെത്താനും സഞ്ചലനം ചെയ്യാനും കഴിയുന്നയാളാണ് ഹരിയേട്ടൻ. വാക്കും ബുദ്ധിയും രീതിയുംകൊണ്ട് സംഘത്തിനും സംഘടനയ്‌ക്കും പുറത്ത് അദ്ദേഹം നേടിയ സ്വാധീനവും സൗഹൃദവും വലുതാണ്. അത് ട്രോജൻ യുദ്ധം പോലെ ഒരു തന്ത്രമാണ്. എതിർപക്ഷമെന്ന് തോന്നിക്കുന്നവർക്കിടയിലെ പ്രധാനിയിൽ ചെലുത്തുന്ന സ്വാധീനം. അതിശയിക്കും ഹരിട്ടന് സംഘടനയ്‌ക്ക് പുറത്ത് സമ്പർക്കവും സ്വാധീനവുമുള്ള വ്യക്തികളെക്കുറിച്ചറിയുമ്പോൾ:
സംഘത്തിന് പുറത്ത്
ഒരുകാലത്ത് സംഘപ്രവർത്തനം അത്തരത്തിലായിരുന്നു. എനിക്ക് മാത്രമല്ല, മാധവ്ജിക്കും മറ്റുള്ളവർക്കും അത്തരത്തിൽ ബന്ധമുണ്ടായിരുന്നു. സംഘപ്രവർത്തനവും അക്കാലത്ത് അങ്ങനെയായിരുന്നു. തിരുവനന്തപുരത്ത് സാഹിത്യ പഞ്ചാനൻ പി.കെ. നാരായണ പിള്ളയുമായി മാധവ്ജി സൗഹാർദ്ദത്തിലായിരുന്നു. ഡോ. കെ. ഭാസ്‌കരൻ നായരുമായും മറ്റും മറ്റുമായി. ഭാസ്‌കർ റാവു, ശങ്കരൻ ശാസ്ത്രികൾ തുടങ്ങി പുറത്തുനിന്നുവന്നവർക്കൊഴികെ എല്ലാവർക്കും അത്തരം ബന്ധമുണ്ടായിരുന്നു. അങ്ങനെ ബന്ധങ്ങൾ രൂപപ്പെടുത്താൻ പ്രേരണയുണ്ടായിരുന്നു.
പറവൂരിൽ പ്രചാരകയായിരിക്കെ ഞാൻ സ്വയം കേസരി ബാലകൃഷ്ണപിള്ളയെ പോയി കണ്ടു. ഒരിക്കൽ ബാബാസാഹിബ് ആപ്തെയോട് സംസാരിക്കുമ്പോൾ കേസരി എന്നൊരു എഴുത്തുകാരനുണ്ട് അദ്ദേഹത്തെ സമ്പർക്കം ചെയ്തു എന്നൊക്കെ വിശദീകരിച്ചു. അപ്പോൾ ആപ്തേജി പറഞ്ഞു, അദ്ദേഹം വളരെ പ്രസിദ്ധ എഴുത്തുകാരനാണ്, അടുത്തതവണ കാണുമ്പോൾ അദ്ദേഹത്തോട് ‘കൽപ്പ ക്രൊണോളജി ഇൻ ചൈനീസ് ലിറ്ററേച്ചർ’ എന്നതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞുവരണമെന്ന് പറഞ്ഞു. ഞാൻ നാഗ്പുരിൽ നിന്നുവന്നപ്പോൾ വീണ്ടും കേസരിയെക്കണ്ടു. ആപ്തെജിയുമായി സംസാരിച്ച കാര്യങ്ങൾ പറഞ്ഞു, ഉടനെ കേസരി പറഞ്ഞു-‘അദ്ദേഹം വലിയ സംസ്‌കൃത പണ്ഡിതനാണ്’ എന്ന്. ഇവർ തമ്മിൽ കത്തിടപാടൊക്കെ നടത്തിയുണ്ടാവാം.
അങ്ങനെ പല പ്രമുഖരേയും കാണുന്ന പതിവ് പലർക്കും ഉണ്ടായിരുന്നു. ഒ.വി. വിജയൻ പിൽക്കാല കൂട്ടുകാരനായി മാറി. ഒ.വി. ഉഷയുമായി സമ്പർക്കമുണ്ട്. വിജയന് ഉള്ളാലേ ഹൈന്ദവത കൂടാൻകാരണം കരുണാകര ഗുരുവുമായുള്ള സമ്പർക്കമാണ്. ഞാനുമായുള്ള സമ്പർക്കവും സഹായിച്ചിരിക്കാം. ഒരിക്കൽ സേതുവേട്ടനേയും (എസ്. സേതുമാധവൻ) കൂട്ടി ഞാൻ ദൽഹിയിലെ, ജനക്പുരിയിൽ ഒ.വി. വിജയനെ കാണാൻ പോയി. അങ്ങനെയിരിക്കെ വിജയൻ പറഞ്ഞു, ‘കടമ്മനിട്ടയുടെ കവിതയിൽ ഹൈന്ദവതയാണ് മുഴച്ചു നിൽക്കുന്നത് എന്ന്.’ ടേപ്പ് റിക്കാർഡിൽ കടമ്മനിട്ടയുടെ കാട്ടാളനും മറ്റും കേൾപ്പിച്ചു. അത്തരത്തിൽ സംഭാഷണം വരുമ്പോൾ അവർ നമ്മേളേയും അളക്കുന്നുണ്ടാവുമല്ലോ. ആർഎസ്എസുകാർ കീറാമുട്ടികളല്ല എന്ന് ബോധ്യമാകുമല്ലോ. കടുത്ത നിലപാടെടുക്കുമ്പോഴാണ് നമ്മുടെ ഇമേജ് തകരാറിലാകുന്നത്. അടൽജിയുടെ പ്രതിച്ഛായ എന്തുകൊണ്ടാണ് അങ്ങനെയല്ലാത്തത്, കടും നിലപാട് കുറവായതുകൊണ്ടാണ്; ആദർശവാദിയല്ലാത്തതുകൊണ്ടല്ല. പരമേശ്വർജിയുടെ ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ഒ.വി. വിജയനുമായി കാണാറ്.
പരമേശ്വർജിയാണ് എന്നെ ആദ്യം പരിചയപ്പെടുത്തിയത്. ഒരിക്കൽ വിജയൻ ചോദിച്ചു, ‘കുട്ടനാട്, ഇത്രയേറെ കമ്യൂണിസത്തിന്റെ കേന്ദ്രമായിട്ട് എങ്ങനെയാണ് ആർഎസ്എസുകാർ അവിടെ വേരുപിടിച്ച് വളരുന്നത്’ എന്ന്. ഞാൻ പറഞ്ഞു അതിന് കാരണം കമ്യൂണിസ്റ്റല്ല ഹ്യൂമനിസമാണ് എന്ന്. അവിടെ കമ്യൂണിസം ജയിക്കാൻതന്നെ കാരണം ഹ്യുമനിസം കൊണ്ടാണ്. മനുഷ്യത്വപരമായി പെരുമാറാനറിയാത്തവരെന്ന ഒരു അനുഭവത്തിൽ ജനങ്ങൾ ക്ലേശിക്കുമ്പോൾ ഹ്യൂമനിസം പറഞ്ഞുവന്ന ഒരു സിദ്ധാന്തം കമ്യൂണിസമായിപ്പോയി. അപ്പോൾ മനുഷ്യസ്നേഹികൾക്ക് തുറന്നുകിട്ടിയ വഴി കമ്യൂണിസമായിരുന്നു. അവിടെ ഇന്ന് ഈ ഹ്യൂമനിസം പ്രവർത്തിക്കുന്നത് ആർഎസ്എസാണ്. കമ്യൂണിസ്റ്റുകൾ തമ്മിൽ ഇപ്പോൾ കുഴപ്പങ്ങൾ കാണിക്കുന്നു. അങ്ങനെ ഹ്യൂമനിസത്തിന്റെ സ്വീകാര്യതയാണ് ആർഎസ്എസിന് കിട്ടുന്നത് എന്ന് പറഞ്ഞു.
അപ്പോൾ വിജയൻ പറഞ്ഞു, ‘ഇഎംഎസ് അരസികൻ കമ്യൂണിസ്റ്റാണ്, എകെജി ഹ്യൂമനിസമാണ്.” ഞാൻ ചോദിക്കാതെ അദ്ദേഹം ഇങ്ങോട്ടു പറഞ്ഞു. വിജയൻ വിശദീകരിച്ചു- ”ഞാനന്ന് ദേശാഭിമാനിയിൽ ജോലി ചെയ്യുകയാണ്. കാർട്ടൂണൊക്കെ വരയ്‌ക്കും. പണത്തിനുവേണ്ടിയല്ല, പാർട്ടിയുടെ പ്രവർത്തനമാണ്. അങ്ങനെയിരിക്കെ ദൽഹിയിൽ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ജോലി കിട്ടി. അതിൽ ചേരണോ എന്നായി ചിന്ത. പോയാൽ ദേശാഭിമാനിയിൽ ഒപ്പമുള്ളവർ പറയും പൈസ നോക്കി പോയി, കരിയറിസ്റ്റ് ആണ് എന്നൊക്കെ. എനിക്ക് പോകണമെന്നുമുണ്ട്. എകെജിയോട് ചോദിക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം കണ്ണൂരിൽനിന്ന് മദിരാശിയിലേക്ക് മെയിൽ വണ്ടിയിൽ പോകുംവഴി കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ കണ്ടു. ‘എന്താടോ വിജയാ’ എന്ന് ചോദിച്ച് വിളിച്ച് ട്രെയിനിൽ എ ക്ലാസ് കമ്പാർട്ട്മെന്റിലിരുത്തി സംസാരിച്ചു; എംപിയാണല്ലോ. കാര്യം പറഞ്ഞു, ‘താൻ ഇവിടെ കിടന്ന് നരകിക്കേണ്ട, അവിടെപ്പൊക്കോ. താൻ എവിടെപ്പോയാലും നമ്മുടെ അതു ആളുതന്നെയല്ലേ,’ എന്ന് വേഗം ഒ.കെ. നൽകി. ഞാൻ പോകാൻ തീരുമാനിച്ചു. അന്ന് പാർട്ടി ആസ്ഥാനം മദ്രാസിലാണ്. ഇഎംഎസിനോട് പറയാൻ വേണ്ടി മദ്രാസിൽ പോയി. കണ്ടു, ഇങ്ങനെ ജോലി കിട്ടി, പോവുകയാണെന്ന് പറഞ്ഞു. ആ മനുഷ്യൻ എന്നെ നോക്കി, ഒന്നും സംസാരിച്ചില്ല. അന്നുമുതൽ ഇന്നുവരെ പിന്നെ എന്നോട് സംസാരിച്ചിട്ടേ ഇല്ല.” അതുകൊണ്ടാണ് ഇഎംഎസ് അരസികനാണ്, എകെജി ഹ്യുമനിസ്റ്റാണ് എന്ന് പറഞ്ഞതെന്ന് വിജയൻ പറഞ്ഞു. ഇങ്ങനെ ആരെയും സമ്പർക്കം ചെയ്യാം, സംസാരിക്കാം. വാദിക്കില്ല, തർക്കിക്കില്ല, ശത്രുതയോടെ മടങ്ങില്ല എന്ന് തീരുമാനിച്ചാൽ മതി.
വിജയന്റെ ഗുരുസാഗരത്തിൽ ഒരാൾ സംന്യാസം സ്വീകരിക്കുന്ന രംഗമുണ്ട്. പിനാകി വെള്ളത്തിലിറങ്ങി മുങ്ങി നഗ്‌നനായി തിരികെ വരുന്നു, കാവി സ്വീകരിക്കുന്നു… അതൊക്കെ ഉജ്ജ്വലമായി എഴുതിയിട്ടുണ്ട്. ഒരിക്കൽ വിജയനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ”ഗുരുസാഗരത്തിൽ സംന്യാസം സ്വീകരിക്കുന്നതിനെക്കുറിച്ചൊക്കെ എഴുതിയിട്ടുണ്ടല്ലോ. വിരജാഹോമത്തെക്കുറിച്ച്, എങ്ങനെ നടത്തുന്നു എന്നൊക്കെ വായിച്ചിട്ടുണ്ടോ?” ”ഇല്ല, എന്താ അത്,” എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ വിവരിച്ചു- വിരക്തി വന്ന് കഴിഞ്ഞ ശിഷ്യന് ഗുരു സംന്യാസം കൊടുക്കാൻ തീരുമാനിക്കുമ്പോൾ ചെയ്യുന്നതാണ് വിരജാഹോമം. ആ ചടങ്ങുകഴിഞ്ഞ്, ഗുരു പറഞ്ഞതനുസരിച്ച് ഗംഗയിലോ നദിയിലോ മുങ്ങി പൂർവജന്മം കളഞ്ഞ് പുതിയ ജന്മം സ്വീകരിക്കുന്നതാണ് സമ്പ്രദായം. ഗുരുസാഗരത്തിൽ അത് കൃത്യമായി അതേപോലെ വിവരിക്കുന്നുണ്ട്. വിജയൻ പറഞ്ഞു, എനിക്ക് അറിയുകയേ ഇല്ല, ഞാൻ വായിച്ചിട്ടില്ല എന്ന്. അപ്പോൾ ഞാൻ പറഞ്ഞു വിരജാഹോമം എഴുതിയ മഹർഷിയുടെയും വിജയന്റെയും ചിന്തയുടെ തലം അറിഞ്ഞോ അറിയാതെയോ ഒരേ മേഖലയിലായിരുന്നു എന്ന്. അങ്ങനെ വളരെ തുറന്ന് സംസാരിക്കുമായിരുന്നു. അദ്ദേഹം അസുഖമായി തിരുവനന്തപുരത്ത് കിടക്കുമ്പോൾ പലരും കാണാനാഗ്രഹിച്ചു. സമ്മതിച്ചില്ല. ഞാനാവശ്യപ്പെട്ടപ്പോൾ സമ്മതിച്ചു. ഏറെനേരം തമ്മിൽ കണ്ടു. അത് ആർഎസ്എസിൽ ഞാൻ വലിയ തലത്തിലാണെന്നതുകൊണ്ടല്ല, വ്യക്തിബന്ധമാണ്, സൗഹാർദമാണ് കാരണം.
ഹരിയേട്ടന്റേതുപോലുള്ള മനസാന്നിധ്യം പലരിലും കാണാത്തതാണ്. അപകടം ഉണ്ടായപ്പോൾ, ജീവാപായം സംഭവിക്കുമെന്ന് വന്നപ്പോൾപോലും പ്രകടിപ്പിച്ച ധൈര്യവും സ്ഥൈര്യവും മാതൃകകൂടിയാണ്. മരണമുഖത്ത് നിൽക്കുമ്പോഴും നിർണായക തീരുമാനം എടുക്കേണ്ടി വന്നപ്പോൾ അതും സംഘടന നിശ്ചയിക്കട്ടെ, എന്നു നിർദേശിക്കാൻ ചങ്കൂറ്റം മാത്രം പോരാ, ദൃഢമായ സംഘടനാ ബോധംതന്നേ വേണം. മരണാന്തരം ജഡം മെഡിക്കൽ കോളെജിന് ജീവിച്ചിരിക്കെ എഴുതിക്കൊടുക്കുന്നത് മഹത്തായി വാഴ്‌ത്തപ്പെടുന്നിടത്ത് ഇത് വ്യത്യസ്ത മാതൃകയാണ്; കാറപകടത്തിലും ഹൃദയം മുടക്കലിലും വഴി കിട്ടിയ ചികിത്സാവസരങ്ങൾ പോലും പുതിയ ചിലത് പഠിക്കാൻ അവസരമാക്കുകയായിരുന്നുവല്ലോ…
അപകടം, ആശുപത്രി
നേപ്പാളിൽവച്ചാണ് ആ അപകടം. 2001-ൽ വീർഗഞ്ചിൽനിന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്നു. കാറിൽ, നാലു പ്രചാരകന്മാർ, ഡ്രൈവറും. നല്ല റോഡ്. ഇരുവശവും കാട്. 200 കിലോമീറ്റർ യാത്രയുണ്ട്. വണ്ടി ഓടി 30 കിലോമീറ്ററേ ആയുള്ളൂ. അപ്പോൾ കാട്ടിൽനിന്ന് ഒരു കൂട്ടം പശുക്കൾ റോഡിലേക്ക് വന്നു. പശുക്കളെ രക്ഷിക്കാൻ ഡ്രൈവർ വലത്തേക്ക് എടുത്തു. കാർ നേരെ കാട്ടിൽ കയറി. മരത്തിലിടിച്ചു. എന്റെ തലപൊട്ടി. മറ്റാർക്കും കാര്യമായ കുഴപ്പമുണ്ടായില്ല. വണ്ടി കേടായി. ഞങ്ങൾ ബസിൽക്കയറി വീർഗഞ്ചിൽ ആശുപത്രിയിലെത്തി. അവിടെ ഞാൻ ഏഴു ദിവസം ചികിത്സിച്ചു. ബോധക്കേടൊന്നും വന്നില്ല. അവിടുന്ന് ചെറുവിമാനത്തിൽ കാഠ്മണ്ഡുവിൽ. പിന്നെ ദൽഹിയിലെത്തി. സർക്കാർ വാജ്പേയിയുടേതാണ്. ഛമൻലാൽ ഗുപ്തയായിരുന്നു മന്ത്രി.
പുറംപരിക്കേ ഉള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു. അതിനാൽ അതുംവച്ച് ഞാൻ ഗോവയിലെ ബൈഠക്കിൽ പോയി. അവിടുന്ന് കേരളത്തിൽ കോട്ടയത്തെ ചമ്പക്കരയിൽ എത്തി. മുറിവൊക്കെ ഉണങ്ങി. എല്ലാം ഭേദമായെന്നു തോന്നി. പക്ഷേ തലവേദന മാറുന്നില്ല. അത് വർധിച്ചു. ഒരിക്കൽ നാഗ്പുരിൽ വച്ച് അത് കൂടി, ബോധക്കേടായി. ഉച്ചയ്‌ക്ക് ഊണുകഴിഞ്ഞ് കിടന്ന ഞാൻ എഴുന്നേറ്റില്ല. വൈകുന്നേരമായപ്പോൾ ആരോ വന്നുനോക്കിയപ്പോൾ കിടക്കയിലൊക്കെ ഞാൻ മൂത്രമൊഴിച്ചു എന്നൊക്കെ അവർ പറയുന്നു. പെട്ടെന്ന് ആശുപത്രിയിലാക്കി. ഓപ്പറേഷൻ വേണമെന്നായി. സുദർശൻജി (അന്നത്തെ സർ സംഘചാലക്) വേഗം അനുമതിയൊക്കെ ഒപ്പിട്ട് നൽകി. എനിക്കൊന്നും ഓർമയില്ല. പിന്നെപ്പറഞ്ഞു കേട്ടതേ ഉള്ളൂ. ഞാൻ ഭാഷയൊക്കെ മറന്നുപോയത്രേ. വേറെ ഒരു ആശുപത്രിയിൽ നിന്ന് മലയാളി നഴ്സിനെ കൂട്ടിക്കൊണ്ട് വന്ന് ഞാൻ പറയുന്നത് ഡോക്ടർമാർ മനസിലാക്കി. എട്ടൊമ്പത് ദിവസം അവിടെ കിടന്നു. പിന്നെ നാഗ്പുർ കാര്യാലയത്തിലേക്ക് പോയി.
പയ്യെപ്പയ്യെ ഓർമവന്നു. പക്ഷേ, എഴുതാൻ സാധിച്ചിരുന്നില്ല. കൈ വിറയലുണ്ടായിരുന്നു. നാഗപ്പൂർ സംഘചാലക് ഒരു ഡോക്ടറായിരുന്നു; ദിലീപ് ഗുപ്ത. അദ്ദേഹം ഒരു നോട്ടു ബുക്ക് തന്നു. അതിൽ ദിവസവും ഓരോ പേജ് എഴുതണമെന്ന് പറഞ്ഞു. ഞാൻ ഇംഗ്ലീഷ് അക്ഷരമെഴുതാൻ തുടങ്ങി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഞാനെഴുതുന്നത് ഇടത്തോട്ടുള്ള അക്ഷരം മാത്രമാണല്ലോ, മലയാളം വലത്തോട്ടാണല്ലോ അത് പരീക്ഷിക്കാമെന്ന്. മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും ചരിച്ചും എല്ലാം എഴുതുന്ന ദേവനാഗരിയിൽ ഞാൻ എഴുതിനോക്കിത്തുടങ്ങി. ഡോക്ടർ ചോദിച്ചപ്പോൾ ഇക്കാര്യങ്ങൾ ഞാൻ പറഞ്ഞു. തുടർന്ന് ഓർമയിൽ നിന്ന് കുറച്ച് എഴുതി. അപ്പോൾ ഡോക്ടർ പറഞ്ഞു, തലച്ചോറിന് ഒരു തകരാറുമില്ല, പൂർണമായും ശരിയായ രീതിയിലാണെന്ന്.
ശസ്ത്രക്രിയയ്‌ക്ക് ആദ്യം തലയിൽ ദ്വാരമിട്ടു. വിജയമായില്ല. പിന്നെ ഓപ്പൺ ചെയ്തു. എട്ടുമാസം മരുന്ന് കഴിക്കേണ്ടിവന്നു. ഇരുത്തിക്കൊണ്ടേ ഓപ്പറേഷൻ നടത്തൂ. കുറച്ചുനാൾ കേരളത്തിൽ വന്ന് അനുജന്റെ വീട്ടിൽ താമസിച്ചു. ഇപ്പോൾ ഒരു കുഴപ്പവുമില്ല. അതിനുശേഷമല്ലേ ഗുരുജിയുടെ സമ്പൂർണ രചനാ സമാഹാരം തയാറാക്കിയത്. ബൃഹദ് ജോലിയായിരുന്നില്ലേ അത്. 2002-ൽ ആയിരുന്നു ഓപ്പറേഷൻ. അവിടെ നേപ്പാളിൽ എനിക്ക് സഹായത്തിന് ആശുപത്രിയിൽ നിശ്ചയിച്ചയാൾ മലയാളി. സ്‌കൂളിൽ പ്രിൻസിപ്പാൾ. പാലക്കാട്ടുകാരൻ രാമചന്ദ്രൻ.
ഒരു രാത്രി, എറണാകുളം സംസ്ഥാന കാര്യാലയത്തിൽ വച്ച് ഹൃദയാഘാതം ഉണ്ടായി. ഹരിയേട്ടൻ കിടപ്പുമുറി അകത്തുനിന്ന് പൂട്ടാറില്ല. സഹായത്തിനുള്ളവർ അടുത്തമുറിയിലുണ്ടാകും. അന്ന് അസ്വസ്ഥതയുണ്ടായ രാത്രി, ആരോടും ഒന്നും അറിയിക്കാതെ സ്വയം പരിശോധിച്ചു എന്താണ് പറ്റിയതെന്ന്. ‘ഇയർബാലൻസ്’ തെറ്റിയതാണോ എന്ന് സ്വയം പരിശോധന നടത്തി. അതേക്കുറിച്ച് രസകരമായി ഹരിയേട്ടൻ പറയുന്നു:
അതൊക്കെ അറിവില്ലാത്തതുകൊണ്ടും പേടിയില്ലായ്‌മകൊണ്ടും സംഭവിക്കുന്നതാണ്. ഹൃദയത്തിനാണ് പ്രശ്നമെന്നൊക്കെ തോന്നിയാൽ പരിഭ്രമിക്കും. പ്രചാരക് ജീവിതമായതുകൊണ്ട് സ്വയം ആശ്രയിക്കുന്നതും മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാകാതെ നോക്കുന്നതും ശീലമായിപ്പോയതുകൊണ്ടാണ്.
അതു പറഞ്ഞ് ഹരിയേട്ടൻ ഓർത്തോർത്ത് ചിരിച്ചു. പല സ്വയം പരിശോധനകളും. അന്ന് രാത്രിയിൽ പരീക്ഷിച്ചു. ഒടുവിൽ തീരെ വയ്യാതാകുന്നുവെന്ന് ഉറപ്പായപ്പോഴാണ് ആശുപത്രിയിൽ പോകണമെന്ന് തീരുമാനിച്ചതും കൂട്ടുകിടന്ന സ്വയംസേവകരെ അറിയിച്ചതും.
അറിയാനുള്ള ആഗ്രഹം വായനയുടെ ശീലംകൊണ്ടുണ്ട്. അതുകൊണ്ട് ഓപ്പറേഷൻ സമയത്ത് സ്റ്റെന്ത് വയ്‌ക്കുന്നത് എനിക്ക് കാണാമോ എന്ന് ചോദിച്ചപ്പോൾ അമൃത ആശുപത്രിയിലെ ഡോ. പ്രകാശ് കമ്മത്ത് എനിക്ക് കാണത്തക്കവിധത്തിൽ സ്‌ക്രീൻ വച്ചു. വേദനയില്ല, ചെയ്യുന്നത് നമ്മുടെ ശരീരത്തിലാണെന്ന തോന്നലുമില്ല. ഞാൻ കണ്ടു, നടപടികൾ. ഡോക്ടർ സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ പ്രചാരകനാണെന്നറിയാം അദ്ദേഹത്തിന്. അപ്പോൾ കാസർകോട്ടെ ഡി.എസ്. കമ്മത്തിനെ അറിയാമോ എന്ന് ചോദിച്ചു. ദയാനന്ദിന്റെ ജ്യേഷ്ഠൻ കമലാക്ഷ് കമ്മത്തിനേയും അറിയാമെന്ന് പറഞ്ഞു. എങ്ങനെ എന്ന് ഡോക്ടർ. ഞങ്ങൾ ഒരുമിച്ച് അഞ്ചുമാസം താമസിച്ചിട്ടുണ്ടെന്ന് ഞാൻ. ഡി.എസ്. കമ്മത്തും ഒരുമിച്ചുണ്ടായിരുന്നു. സംഘനിരോധനം നീക്കാനുള്ള സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി, കണ്ണൂർ ജയിലിലായിരുന്നുവെന്നും പറഞ്ഞു. അപ്പോൾ ഡോക്ടർ പറയുന്നു, കമലാക്ഷ് കമ്മത്തിന്റെ മകന്റെ മകനാണ് ഞാൻ എന്ന്. അപ്പോൾ ഞാൻ ചോദിച്ചു, ജീവാനന്ദന്റെ മകനോ എന്ന്. അച്ഛന്റെ പേരും ഞാൻ പറഞ്ഞപ്പോൾ ഡോക്ടർ അന്തംവിട്ടു. കാസർകോട് ശാഖയിൽവച്ച് കണ്ടിട്ടുണ്ടെന്നും ഞാൻ പറഞ്ഞു.
അതേ ടീമിലെ രാംദാസ് നായിക് എന്ന ഡോക്ടർ, അതുവരെ മിണ്ടിയിരുന്നില്ല, എന്റെ അച്ഛനും ജയിലിൽ ഉണ്ടായിരുന്നുവെന്ന് അപ്പോൾ പറഞ്ഞു. എവിടുന്ന് എന്ന് ഞാൻ. കാഞ്ഞങ്ങാട്ടുനിന്ന് എന്ന് മറുപടി. അവിടെ എനിക്കറിയാവുന്ന ഒരു സുബ്രായ് നായിക് ഉണ്ട് എന്ന് ഞാൻ. അദ്ദേഹത്തിന്റെ മകനാണ് ഞാനെന്ന് ഡോക്ടർ. എന്നെ ഓപ്പറേറ്റ് ചെയ്ത ഒരാൾ എനിക്കൊപ്പം ഉണ്ടായിരുന്ന ഒരു സ്വയംസേവകന്റെ മകന്റെ മകൻ, മറ്റൊരാൾ വേറൊരു സ്വയംസേവകന്റെ മകൻ…
അതിനു മുൻപ് ഒരു സംഭവം നടന്നു. അതാവണം എന്നെക്കുറിച്ച് കൂടുതൽ അവർ ശ്രദ്ധിച്ചത്. ഓപ്പറേഷൻ നിശ്ചയിച്ചു. സ്റ്റെന്റ് വയ്‌ക്കണം. അത് 24 ആയിരം രൂപയുടേത് വയ്‌ക്കണോ 84 ആയിരത്തിന്റേത് വേണോ എന്ന് ഡോക്ടർ. ഞാൻ പറഞ്ഞു, എനിക്ക് ആർഎസ്എസ് ഓഫീസിൽ ചോദിക്കണം, അവർ തീരുമാനമെടുക്കട്ടെ എന്ന്. എനിക്ക് ഫോൺ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഡോക്ടർ ഫോൺ ചെയ്തു. ഗണേശായിരുന്നു ചാർജ് (എം. ഗണേശ്). ഡോക്ടർ സംസാരിച്ചു, വിശദീകരിച്ചു. ഗണേശൻ 84,000 ന്റേത് എന്ന് പറഞ്ഞു. തീരുമാനം കാര്യാലയത്തിന്റേതായിരുന്നു. ജീവൻരക്ഷാ വേളയിലും തീരുമാനം കാര്യാലയം എടുക്കണമെന്ന് പറഞ്ഞപ്പോഴാണ് ഡോക്ടർ ഡി.എസ്. കമ്മത്തിന്റെ കാര്യമൊക്കെ പറയാൻ തയാറായത്.
പിന്നെയുമുണ്ട്; ഒടുവിൽ ക്രിട്ടിക്കൽ യൂണിറ്റിലേക്ക് മാറ്റി. അപ്പോൾ സ്റ്റെന്റ് കയറ്റാൻ കാലിലെ ഞരമ്പിന്റെ അറ്റത്ത് ചില സംവിധാനങ്ങൾ ഘടിപ്പിച്ചിരുന്നത് നീക്കാറായി. അത് എന്താണെന്ന് കാണണമെന്ന് ഞാൻ നഴ്സിനോട് പറഞ്ഞു. അവർ കാണിച്ചുതന്നു. പേനയുടെ റീഫിൽ അറ്റംപോലെ ഒരു കഷണം. ഇതൊക്കെ നോക്കിയപ്പോൾ എനിക്ക് പുതിയ ചില അറിവുകിട്ടി. അങ്ങനെ സ്റ്റെന്റിനെക്കുറിച്ച് പഠിച്ചു. ഇപ്പോൾ ഒരാൾ സ്റ്റെന്റിനെക്കുറിച്ച് പറഞ്ഞാൽ എത്ര മില്ലിമീറ്റർ എന്നൊക്കെ ഞാൻ ചോദിക്കും. ആർക്കും അറിയില്ല. ഓക്സ്ഫോഡ് ഡിക്ഷണറിയിൽ സ്റ്റെന്റ് ഇല്ല. കാർഡിയോളജിസ്റ്റ് പ്രഭുവിനോട് ഞാൻ ചോദിച്ചു; അദ്ദേഹം ഒരു പ്രൊഫസർ വിശദീകരിക്കുംപോലെ എല്ലാം പറഞ്ഞുതന്നു. ഒടുവിൽ പറഞ്ഞു, മിസ്റ്റർ ഹരീ, വി ആർ നോട് കാർഡിയോളജിസ്റ്റ്, വി ആർ ഓൺലി പ്ലംബേഴ്സ് ഓഫ് ഹാർട്ട്സ്. (ഹരീ, ഞങ്ങൾ ഹൃദയരോഗ ചികിത്സയിലെ വിദഗ്ധരല്ല, ഹൃദയത്തിന്റെ പൈപ്പുകൾ നന്നാകുന്നവർ മാത്രമാണ്) ആ സൂക്കേടിന്റെ ഗൗരവം ലഘുവാക്കുന്ന മനശാസ്ത്രപരമായ രീതി കൂടിയാണത്.
ചിട്ട, രീതി
ചുമതലയുള്ളപ്പോൾ എന്റെ ജീവിതരീതി ഒന്ന്. ഇല്ലാതായപ്പോൾ വേറെ രീതി. വൈവിധ്യങ്ങൾ കുറവല്ലേ ഇപ്പോൾ. 2005-ലോ ഏഴിലോ ഒക്കെ ചുമതല വിട്ടില്ലേ. ഇപ്പം പുലർച്ചെ അഞ്ചരയ്‌ക്ക് എഴുന്നേൽക്കും. ആറുമണിക്ക് ഏകാത്മതാ സ്തോത്രം ചൊല്ലും. അതുകഴിഞ്ഞ് ചായ കുടിക്കും, ആദ്യം ‘ജന്മഭൂമി’ വായിക്കും. പിന്നെ കുളിയും ജപവും. 40 മിനുട്ട് പ്രാർത്ഥനയും ജപവും. അപ്പോഴേക്കും എട്ടുമണി. പ്രഭാത ഭക്ഷണം. പിന്നീട് ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് വായിക്കും. 9.30 മുതൽ പന്ത്രണ്ടുവരെ പഠനം, അല്ലെങ്കിൽ എഴുതും. 12.30 ന് ഭക്ഷണം കഴിഞ്ഞ് ഉറങ്ങും. രണ്ടു മണിക്ക് ഉണരും. പിന്നെയും വായിക്കും. നേരത്തേ ചെയ്തതിന്റെ തുടർച്ചയായിരിക്കും ചിലപ്പോൾ. മൂന്നുമൂന്നരയ്‌ക്ക് ചായ കിട്ടും. വൈകിട്ട് അഞ്ചരയ്‌ക്ക് ശാഖയിൽ പോകും. പ്രാർത്ഥന കഴിഞ്ഞ് കുറച്ച് ദൂരം, ഭാസ്‌കരീയം വരെ, നടക്കും. പിന്നെ രാത്രി, ഭക്ഷണം. രാത്രിയിൽ ജനറൽ മാഗസിൻസ് വായിക്കും. ആർഷനാദം, ഹിരണ്യ, സത്സംഗം, പിന്നെ ഉത്തരേന്ത്യയിൽനിന് വരുന്ന വിവിധഭാഷകളിലെ മാസികകൾ ഒക്കെ. ഒമ്പതര-പത്ത് മണിക്ക് ഉറങ്ങും. വൈകിട്ട് ഏഴു മുതൽ 10 വരെയാണ് ഫോൺ വിളികൾ. പലരും ഓഫീസിലായിരിക്കുമല്ലോ. ഇതിനിടയ്‌ക്ക് ആരു വന്നാലും സംസാരിക്കും, ഫോൺ വിളിച്ചാലും എടുക്കും. ഞാനൊരിക്കലും തിരക്കിലല്ല. എനിക്ക് തിരക്കേയില്ല. അതാണെന്റെ ഇപ്പോഴത്തെ രീതി.
മുമ്പ് സംഘടനയുടെ പരിപാടികൾ നിശ്ചയിക്കും. അതനുസരിച്ച് യാത്ര, യാത്രാരീതി, സന്ദർശനം, സ്വയംസേവകരുടെ വീടുകൾ സന്ദർശനം. അതൊന്നും ഞാനല്ല നിശ്ചയിക്കുന്നത്. സംഘമാണല്ലോ. അന്നും അഞ്ചുമണിക്ക് എഴുന്നേൽക്കുമായിരുന്നു. പതിന്നൊരവരെ സമയം കിട്ടുമായിരുന്നു വായിക്കാനൊക്കെ. ഉച്ചയ്‌ക്ക് മൂന്നുമണി കഴിഞ്ഞേ പരിപാടികൾ നിശ്ചയിക്ക്മായിരുന്നുള്ളൂ.
പ്രചാരക ജീവിതത്തിൽ 1992 മുതൽ 2005 വരെ 16 വർഷം അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖായിരുന്ന കാലത്ത് രാജ്യത്ത് എവിടെയും ഒറ്റ പോഗ്രാം പോലും റദ്ദാക്കിയിട്ടില്ല. തീവണ്ടി കിട്ടിയില്ല, വൈകി, തുടങ്ങിയ പ്രശ്നങ്ങൾപോലും എനിക്ക് ഉണ്ടായിട്ടില്ല. അതിനാൽ ഞാൻ പരിപാടി നിശ്ചയിച്ചാൽ ചെന്നെത്തുമെന്ന് പ്രാന്തപ്രചാരകന്മാർക്ക് ഉറപ്പായിരുന്നു. ഉദാഹരണത്തിന്, ഭാസ്‌കർ റാവു മരിച്ച സമയത്ത് ജലന്ധറിലെ ഒ ടി സി പരിപാടിയിലായിരുന്നു. ശവദാഹത്തിന് എനിക്ക് കേരളത്തിൽ എത്താനായില്ല.
ഇന്നത്തെപ്പോലെ യാത്രാ സൗകര്യങ്ങളില്ലല്ലോ. അന്ന് ഇന്ത്യൻ എയർലൈൻസ് മാത്രമല്ലേ ഉള്ളൂ.
വിദേശത്ത് ഞാൻ പോയ സമയത്തും ഒരു പരിപാടിയും റദ്ദാക്കിയിട്ടില്ല. ഈ യാത്രകളിലൊക്കെ രണ്ടോ മൂന്നോ സമയത്തേ ഹോട്ടലിൽ തമസിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം സ്വയംസേവകരുടെ വീട്ടിലായിരുന്നു. എല്ലായിടത്തും കാര്യാലയവുമില്ലല്ലോ. ഒരിക്കൽ കോട്ടയ്‌ക്കലിൽ എത്തിയപ്പോൾ രാത്രി 10 മണി. അത്ര പരിചയമില്ല. പിന്നെ യാത്ര സുരക്ഷിതമായി തോന്നിയില്ല. അതിനാൽ ഹോട്ടലിൽ താമസിച്ചു. പിറ്റേന്ന് കാലത്ത് സ്വയംസേവകരെ കണ്ടെത്തി. വിമാനം തകരാറിലായപ്പോൾ ഒരിക്കൽ നേപ്പാളിലും ഭുവനേശ്വരിലും അവർ ഹോട്ടലിൽ താമസിപ്പിച്ചു. ബാക്കി വിദേശത്ത് പോയപ്പോഴും സ്വയംസേവകരുടെ വീട്ടിൽ തന്നെയായിരുന്നു. എനിക്ക് ആവശ്യങ്ങളും കുറവ്. പഥ്യമൊന്നുമല്ല. ആകെ വെജിറ്റേറിയൻ ഭക്ഷണം ആകണമെന്നേയുള്ളൂ. അതും പ്രശ്നമല്ലല്ലോ. നോൺ കഴിക്കേണ്ടന്ന് തീരുമാനിച്ചാൽ പോരെ. വേണ്ട എന്ന് പറഞ്ഞാൽ മതില്ലോ. പ്രത്യേകം തയാറാക്കണ്ടല്ലോ. സ്വയംസേവകരുടെ വീടുകൾ അധികവും നോൺ വെജിറ്റേറിയനാണ് കേരളത്തിൽ.
ആർഎസ്എസിന്റെ വിദേശ രാജ്യങ്ങളിലെ എച്ച്എസ്എസ് (ഹിന്ദു സ്വയംസേവക സംഘം) പ്രവർത്തനം വലുതാണ്. അഖണ്ഡഭാരതം, ഭൂപടത്തിലും ഭൂമിയതിർത്തിയിലും ഒതുങ്ങാതെ വിശ്വരൂപമായി ദർശിക്കാൻ വിദേശ രാജ്യങ്ങളിലും നടക്കുന്ന പ്രവർത്തനങ്ങൾ അറിയണം. ബാലിയും ബർമയും പോലുള്ള കൊച്ചു രാജ്യങ്ങൾ മുതൽ അഞ്ച് വിശാല ഭൂഖണ്ഡങ്ങളിൽവരെ ആർഎസ്എസ് പ്രചാരകനായി ആശയ പ്രചാരണത്തിന് ഹരിയേട്ടൻ പോയിട്ടുണ്ട്. വിദേശ യാത്രകൾ വിനോദ സഞ്ചാരത്തിനുള്ള സൂത്രവഴികളല്ല ആർഎസ്എസ് പ്രവർത്തനത്തിൽ. ഒരു രാജ്യത്തെ പഠിക്കുക, സംസ്‌കാരം അറിയുക, അത് ഭാരതത്തിന്റെ ആത്മാവുമായി തുലനം ചെയ്ത് നോക്കുക, പഠിക്കേണ്ടത് പഠിക്കുക, ഭാരതത്തിനാണ് തൂക്കമെന്ന് അറിയുക, അറിയിക്കുക, എവിടെയുമുള്ള പ്രവർത്തകർക്ക് ആവേശവും പ്രേരണയും കൂട്ടുന്നതാണിത്. വിദേശങ്ങളിലൂടെ നൂറു ശതമാനം സ്വദേശിയായ ഹരിയേട്ടൻ…
വിദേശത്ത്
1991-ൽ അഖിലേന്ത്യാ തലത്തിൽ ഭാരവാഹിയായതു മുതലാണ് യാത്ര തുടങ്ങിയത്. 2002-ലാണ് ശസ്ത്രക്രിയ. അതുവരെ തുടർയാത്രകളായിരുന്നു. അതിനാൽ എത്രവട്ടം ഭാരതത്തിലെമ്പാടും യാത്ര ചെയ്തിട്ടുണ്ട് എന്നറിയില്ല. ലക്ഷദ്വീപിലും ആന്തമാനിലും ഒഴികെ ബാക്കി എല്ലായിടത്തും പലതവണ പോയിട്ടുണ്ട്. അവിടങ്ങളിൽ ആർഎസ്എസ് അല്ല എച്ച്എസ്എസ് ആണ്- ഹിന്ദു സ്വയംസേവക സംഘ്. വിദേശത്ത് അഞ്ച് ഭൂഖണ്ഡത്തിലും പോയിട്ടുണ്ട്. ഇംഗ്ലണ്ടിൽ അവിടത്തെ ഒ ടി സിയിൽ 20 ദിവസം താമസിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് കോളജിലെ ഡോ. ബാലകൃഷ്ണ നായരായിരുന്നു ക്യാമ്പ് അധികാരി. അവർ നിശ്ചയിച്ച ഏഴെട്ട് പട്ടണങ്ങളിൽ പോയിട്ടുണ്ട്. യൂറോപ്പിൽ മൂന്നിടത്ത്, നെതർലാൻഡ്സ്, ലിത്വാനിയ, ഇംഗ്ലണ്ട്. ആഫ്രിക്കയിൽ മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയയിൽ മെയിൻ സിറ്റികളിൽ എല്ലാം പോയി. പിന്നെ നേപ്പാൾ, ബർമ, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസിലൻഡ്, ഫിജി എന്നിവിടങ്ങളിൽ പോയിട്ടുണ്ട്. അമേരിക്കയിൽ 26 സ്റ്റേറ്റ്സിൽ പോയി. ഗൾഫ് രാജ്യങ്ങളിലും പോയിട്ടുണ്ട്.
ഇന്തോനേഷ്യയിലെ ബാലിയിൽ പോയിട്ടുണ്ട്. അമേരിക്കയിലും ഇംഗ്ലണ്ടിലും ഒഴികെ ബാക്കി മിക്ക സ്ഥലങ്ങളിലും ഹിന്ദിയാണ് സംസാരിക്കേണ്ടിവന്നത്.
നെതർലൻഡിൽ, സുദിനാമിൽനിന്ന് പലായനം ചെയ്ത് എത്തിയ ഹിന്ദുക്കളായിരുന്നു. അന്ന് ഡച്ച് ഗയാന. സ്വാതന്ത്ര്യം കിട്ടിയപ്പോൾ പുറമേ നിന്നുള്ളവരെയൊന്നും വേണ്ടെന്ന് പറഞ്ഞു. അപ്പോൾ ഡച്ച് പാസ്പോർട്ട് ഉള്ളവരെല്ലാം ഡച്ചിൽ പോയി. ഹിന്ദുക്കൾക്ക് ഹോളണ്ട് ഭാഷ മാത്രമേ അറിയാമായിരുന്നുള്ളൂ. അവർ ഹോളണ്ടിൽ പോയി. അവർക്കിടയിൽ നമ്മുടെ പ്രവർത്തനം നടക്കുന്നു. ഇംഗ്ലീഷ് അറിയില്ല. ബൗദ്ധിക്കിൽ ഭോജ്പുരി കലർന്ന ഹിന്ദിയിൽ സംസാരിച്ചു. ഇംഗ്ലീഷ് കൊണ്ട് ഫലമില്ല. ഹിന്ദു സ്വയംസേവക സംഘുകാർക്ക് മൊറീഷ്യസിൽ ഫ്രഞ്ചും ഭോജ്പുരിയും ചേർന്ന ഭാഷയാണ്. ദക്ഷിണാഫ്രിക്കയിൽ ഇംഗ്ലീഷ് ഭാഷയാണ് പൊതുവായി.
ബാലിയിൽ ഞാൻ പോയ സമയം സംഘപ്രവർത്തനമില്ല. പോകുന്ന ആദ്യ ആർഎസ്എസ് പ്രചാരകനാണ്. ഭാഷയൊന്നുമറിയില്ല. ഹോട്ടലിൽ താമസിക്കേണ്ടിവന്നു. ഞാൻ കുളിയൊക്കെ കഴിഞ്ഞ്, ചന്ദനപ്പൊട്ടൊക്കെ തൊട്ട്, ഹോട്ടൽമുറി പൂട്ടി താക്കോൽ റിസപ്ഷനിൽ കൊടുത്തപ്പോൾ അവർ പറഞ്ഞു, ‘ഞങ്ങൾ മുറി പൂട്ടാറില്ല, ഇവിടെ മോഷണം നടക്കാറില്ല. അതിനാൽ പൂട്ടാതെ താക്കോൽ തന്നാൽ സ്വീകരിക്കാം’ എന്ന്. പിന്നെ ഞാൻ പോയി മുറി തുറന്നിട്ട് വാതിൽ അടച്ച് താക്കോൽ കൊടുത്തു. രസകരമായി ആ സംഭവം. അവർക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല. അത്യാവശ്യം ‘യു, ഐ’ ഒക്കെ പറയാനാകും. ഒരാൾ എന്നെ കണ്ട് ചോദിച്ചു- ‘യു ഹിന്ദു?’ ഞാൻ ‘യെസ്’ പറഞ്ഞു. അയാൾ ‘ഐ ഹിന്ദു’ പറഞ്ഞു. ഞാൻ നമസ്തേ പറഞ്ഞു. പിന്നീട് ഒരു വിദ്യാർത്ഥിയെ കൂട്ടിന് കിട്ടി. അയാൾക്ക് ഇംഗ്ലീഷ് ഒപ്പിക്കാം. അയാൾ പറഞ്ഞു, ഇവിടെ നമസ്തേ ഇല്ല, ‘സ്വസ്ത്യസ്തു’ എന്ന് പറയണം, തിരികെ ‘ശാന്തിഃ ശാന്തിഃ’ എന്ന് മറുപടി കിട്ടും. പെട്ടെന്ന് ഞാനത് മനസിലാക്കി. എന്നെ കണ്ട് സംസാരിക്കാൻ ശ്രമിക്കുന്നവരോട് ഞാൻ ‘സ്വസ്ത്യസ്തു’ പറഞ്ഞു, അവർ ‘ശാന്തിഃ ശാന്തിഃ’യും. ഞാനങ്ങനെ വിദഗ്‌ദ്ധനായി, ശ്രദ്ധിക്കപ്പെട്ടു.
ഹോട്ടലിൽ സസ്യാഹാരമൊന്നുമില്ല. ഒരു വസ്തുവും. പിന്നെ രണ്ടുദിവസം ബ്രഡും പാലും മാത്രം കഴിച്ചു കഴിഞ്ഞു. എയർ ഹോസ്റ്റസുമാർ എന്നെ കണ്ടപ്പോൾ നെറ്റിയിലെ പൊട്ട് കണ്ട് ‘ഹിന്ദു?’ എന്ന് ചോദിച്ച് ‘വീ ഹിന്ദു’ പറയുമായിരുന്നു. ഞാനവരോടൊക്കെ ‘സ്വസ്ത്യസ്തു’ പറഞ്ഞു, അവർ ശാന്തിയും.
അവിടത്തെ ഹിന്ദുക്കൾ മറ്റെങ്ങും നിന്ന് വന്നതല്ല. അവിടത്തുകാർ തന്നെ. അവിടെ എല്ലാ വീട്ടിലും കൊച്ചുകൊച്ച് അമ്പലങ്ങളുണ്ട്. അതെല്ലാം പൂർവിക സ്മാരകങ്ങളാണ്. വലിയ അമ്പലമുണ്ട്. അവിടെ ശിവനും വിഷ്ണുവുമൊക്കെയുണ്ട്. അമ്പലത്തിൽ, പൂജാദ്രവ്യങ്ങൾ ആളുകൾ നിക്ഷേപിക്കും. അതെല്ലാംഒന്നിച്ചിട്ട് പാചകം ചെയ്ത് പ്രസാദമാക്കും. അതിൽ കോഴിമുട്ടയൊക്കെ കണ്ടിരുന്നു, പക്ഷേ രണ്ടുദിവസമേ എനിക്ക് അവിടെ നിൽക്കാനായുള്ളൂ. ഞാൻ ഭാരതത്തിൽ വന്ന് സംഘത്തിന് റിപ്പോർട്ട് ചെയ്തു. ഭാരതത്തിലെ ഹിന്ദുവിസം കാലാനുസൃതമായി പരിഷ്‌കൃതമാണ്. വിവേകാനന്ദനും ശങ്കരനും മാധ്വനും രംഗനാഥാനന്ദയും നിവേദിതയും മറ്റും മറ്റും കാരണമാണത് സംഭവിച്ചത്. പക്ഷേ, ബാലിയിൽ അങ്ങനെയല്ല. അവിടത്തെ ഹിന്ദുത്വം കാലികമാക്കണമെന്ന് ഞാൻ റിപ്പോർട്ടിൽ എഴുതി.
നമ്മുടെ ഹിന്ദു സംന്യാസിമാർ ഇംഗ്ലണ്ടിലും അമേരിക്കയിലും യൂറോപ്പിലും ഒക്കെ പോകുന്നു. പ്രസംഗിക്കുന്നു, പ്രവർത്തിക്കുന്നു. പക്ഷേ, ബാലിപോലെയുള്ള സ്ഥലങ്ങളിൽ ആരും പോകുന്നില്ല. അവിടങ്ങളിൽ പോയി പ്രവർത്തിക്കണം. ഇപ്പോൾ അവിടെ മൂന്നു നാലിടങ്ങളിൽ സംഘശാഖയൊക്കെ തുടങ്ങിയിട്ടുണ്ട്.
സിഡ്നിയിൽ ഒരു ബൈഠക്കിൽ ട്രവൽ എന്നൊരു സായ്വ് വന്നിരുന്നു. അദ്ദേഹം പലതും ചോദിച്ചു. ഏതൊക്കെ സംന്യാസിമാർ വന്നിട്ടുണ്ട് എന്ന് എന്ന് ഞാൻ ചോദിച്ചു. രംഗനാഥ സ്വാമി മാത്രമാണ് ചെന്നത്. ട്രവൽ പറഞ്ഞു, നിർഭാഗ്യത്താൽ ഞങ്ങൾ ലോകത്തിന്റെ ഒരു മൂലയിലാണ് എന്ന്. വാസ്തവത്തിൽ എല്ലാവരും ചിന്തിക്കേണ്ട വിഷയമാണത്. സിലോണും ബർമയും മാത്രമാണ് പാരമ്പര്യ ഹിന്ദുത്വം നിലനിൽക്കുന്ന വിദേശ രാജ്യങ്ങൾ. അവിടെ ആര് പോയിട്ടുണ്ട് പ്രചാരണത്തിന്? പോകേണ്ടതല്ലേ?
ആസ്ട്രേലിയയിൽ ആഷ് ഫീൽഡ് എന്ന ഒരിടത്ത് ശാരദാമഠം തുടങ്ങിയിട്ടുണ്ട്. അത് രംഗനാഥാനന്ദ സ്വാമി തുടങ്ങിയതാണ്. തൃശൂർ ശാരദാമഠത്തിൽ നിന്ന് ഒരു സംന്യാസിനിയെ അവിടെ അയച്ചാണ് തുടങ്ങിയത്. അജയപ്രാണയാണ് ആ സംന്യാസിനി. ഞാൻ കണ്ടുസംസാരിച്ചു. എറണാകുളത്ത് ചിറ്റൂരുകാരിയാണ്. ഇപ്പോൾ മടങ്ങി, തിരുവനന്തപുരത്തുണ്ട്. ബ്രഹ്‌മകുമാരീസ് ഗ്രൂപ്പിനും ഒരു ആശ്രമമുണ്ട്. ഹിന്ദു സ്വയംസേവക സംഘും.
ആസ്ട്രേലിയയിൽ വോലാംഗ് കോങ് എന്ന് ഒരു സ്ഥലമുണ്ട്. ഭാരത്തതിലെ വിനായക ചതുർഥി കഴിഞ്ഞുവരുന്ന ഞായറാഴ്ച, അവിടെ ഹിന്ദുക്കളെല്ലാം ഒരുമിച്ച് ചേർന്ന് ഗണേശ ചതുർഥിയാഘോഷിക്കും. ആറായിരം പേരുണ്ടാവും. അന്ന് മുഴുവൻ അവിടെ കൂടും. വൈകിട്ട് വിഗ്രഹം നിമജ്ജനം ചെയ്ത് പിരിയും. വലിയ ക്ഷേത്രമാണ്. എല്ലാ ദേവീദേവന്മാരുമുണ്ട്. ദൈവങ്ങളുടെ ‘സാംഘി’ക്കാണ്. അയ്യപ്പൻ മാത്രം ഇല്ലെന്ന് തോന്നുന്നു. സാധിക്കും. മലയാളികൾ ധാരാളം ഉണ്ട്.
ഭൂപത്ഷായായിരുന്നു എന്റെ ഇൻചാർജ്. അവിടെ പോയി സംസാരിച്ച സമയത്ത്, പാർലമെന്ററി ഡലിഗേഷന്റെ ഭാഗമായി അവിടെ എത്തിയപ്പോൾ അടൽജി (അടൽബിഹാരി വാജ്പേയി) ഗണേശ ചതുർത്ഥിയിൽ പങ്കെടുത്തു, എന്ന് അവർ പറഞ്ഞു. എനിക്ക് അഭിമാനം തോന്നി.
നെറ്റിയിൽ ചന്ദനപ്പൊട്ടിട്ട്, വെളുപ്പുടുത്ത്, ചിട്ടയിൽ കാര്യങ്ങൾ ചെയ്ത്, സംസ്‌കൃതത്തിന്റേയും പൈതൃകത്തിന്റേയും മഹത്വം പറഞ്ഞു നടക്കുന്ന പഴഞ്ചന്മാരെന്നാണ് ചിലർ ആർഎസ്എസിനേയും പ്രവർത്തകരേയും ആക്ഷേപിക്കുന്നത്. വിദേശികൾ നാളുകൾ മുമ്പുപേക്ഷിച്ച പരിഷ്‌കാരമാണ് അത്തരക്കാർക്ക് പഥ്യം. ഹിന്ദുത്വം അവർക്ക് അസംബന്ധം. ഇന്ത്യത്വം അസഹിഷ്ണുതയും. ജാതിക്കും മതത്തിനും അപ്പുറം ഹിന്ദുത്വം കാണാനും സാധിക്കാനും പ്രവർത്തിക്കുന്ന സംഘടനയുടെ ചുമലിൽ, ചിലെടങ്ങളിൽ ഉണ്ടാകുന്ന അനിഷ്ട സംഘവങ്ങളുടെ ഉത്തരവാദിത്വം ഏറ്റിക്കൊടുക്കാൻ അക്കൂട്ടർ മത്സരിക്കും. പക്ഷേ, ഹരിയേട്ടനേപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ അവർ തമസ്‌കരിക്കും. അവസരം കിട്ടിയാൽ കുപ്രചാരണം നടത്തും. ഹിന്ദു നേതാവായ ഹരിയേട്ടന്റെ ചില ‘ജാതി ചിന്തകൾ’ ഇങ്ങനെ:
ജാതിരഹിത ഹിന്ദു
ജാതിരഹിത ഹിന്ദുമതം ആദ്യം കാണുന്നത് മൊറീഷ്യസിലും ദക്ഷിണാഫ്രിക്കയിലുമാണ് എന്റെ അറിവിൽ. ബ്രിട്ടീഷ് സർക്കാർ അടിമത്തം മാറ്റിയപ്പോൾ, പതിനെട്ടാം നൂറ്റാണ്ടിലോ മറ്റോ ആണ് അഞ്ചുതലമുറ മുമ്പ് ആദ്യ ഇന്ത്യക്കാർ അവിടെയെത്തിയത്. ഇന്നത്തെ ആളുകൾക്ക് അവരുടെ പൂർവികർ ആരാണെന്നും എവിടുത്തുകാരാണെന്നും ഒന്നും അറിയില്ല. ആനന്ദ് എന്ന ഒരു സ്വയംസേവകൻ പറഞ്ഞു, അവർ ബീഹാറിൽനിന്നാണ് എന്ന് കേട്ടിട്ടുണ്ടെന്ന് അയാളുടെ ഭാര്യ പറഞ്ഞു വില്ലുപുരത്തുനിന്നാണെന്ന്. പക്ഷേ, അവർക്കാർക്കും അവരുടെ ജാതി ഏതെന്നറിയില്ല. ഇന്ത്യയിൽ നിന്ന്, അല്ലെങ്കിൽ യുപിയിൽനിന്ന്, ബീഹാറിൽനിന്ന് എന്ന് മാത്രമറിയാം. എല്ലാ വീടുകൾക്കു മുന്നിലും ഹനുമാന്റെ പ്രതിമ വച്ചിട്ടുണ്ട്. ഒരു കാവിക്കൊടിയും. ഫ്രഞ്ചിന്റെയും ഭോജ്പുരിയുടെയും സങ്കരമായ ‘ക്രിയോൾ’ ആണ് ഭാഷ. ഹിന്ദി എല്ലാവർക്കും അറിയാം. 21 ദിവസം അവിടെ താമസിച്ചു. ഹിന്ദി അക്കാദമിയുണ്ട്. അവർക്ക് മതം ഹിന്ദു എന്നറിയാം, ജാതി അറിയില്ല.
ഇതുപോലെയാണ് ദക്ഷിണാഫ്രിക്കയിൽ, ദർബാൻ, ജോഹനാസ്ബർഗ് എന്നിവിടങ്ങളിലും. അപ്പോൾ ജാതിരഹിത ഹിന്ദു സമൂഹം സാധ്യമോ എന്ന് ചോദിച്ചാൽ സാധിക്കും മൊറീഷ്യസിൽ പോകൂ കാണാം എന്നാണ് മറുപടി. ഫിജിയിൽ ഗുജറാത്തികളും ആഗ്രയിൽനിന്നുള്ള ഡോക്ടർമാരും. അവിടെ ആര്യസമാജക്കാർ നല്ലതുപോലെയുണ്ട്.
ഭാരതത്തിന്റെ തുടർച്ചയാണ് നേപ്പാൾ. നേപ്പാളിനെക്കുറിച്ച് മനസിലാക്കാൻ എളുപ്പമാണ്.
കേരളം നീളത്തിലാണല്ലോ. 700-750 കിലോമീറ്റർ നീളം, 60-70 ശരാശരി വീതി. ഈ കേരളം എടുത്ത് സമാന്തരമായി വയ്‌ക്കുക. ഏതാണ്ട് നേപ്പാളായി. ഇവിടെ ഏറ്റവും കിഴക്ക് ഹൈറേഞ്ച്, അതിന് താഴെ മിഡിൽ റേഞ്ച്, അതിന് താഴെ തീരപ്രദേശം. നേപ്പാളിൽ ഹിമാൽ, പഹാഡി, ടെറായി; ഇവിടത്തെ ഏലം, റബ്ബർ, തെങ്ങ് വളരുന്ന പ്രദേശംപോലെ. അവർക്ക് വ്യത്യസ്ത ആരാധനയാണ്. എല്ലാവരും ഹിന്ദുക്കളാണ്. ബ്രാഹ്‌മണരെല്ലാം മാംസാഹാരികളാണ്. കൂടുതൽ ഞാൻ പഠിച്ചിട്ടില്ല.
നേപ്പാളിലെ എച്ച്എസ്എസ് പ്രചാരകൻ കൊച്ചിയിലുള്ള കാര്യവും അദ്ദേഹത്തോട് സംസാരിച്ച് നേപ്പാളിനെക്കുറിച്ചും സംഘടനാ പ്രവർത്തനത്തെക്കുറിച്ചും ജന്മഭൂമിയിൽ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന്റെ ഗുണത്തേക്കുറിച്ചും ഹരിയേട്ടൻ പറഞ്ഞു.
സംവരണത്തെപ്പറ്റി
ജാതിരഹിത ഹിന്ദുത്വം വലിയ ഒരു വിഷയമാണ്. സംവരണം തുടങ്ങിയല്ലോ. അത് നിലനിൽക്കാൻ ജാതി വേണം. സംവരണം വഴി പോലീസ് തലപ്പത്തോ ജഡ്ജി പദവിയിലോ ഒരാൾ എത്തിയെന്ന് വിചാരിക്കുക. ജാതികൊണ്ടാണ് എനിക്കത് കിട്ടിയത്, എന്റെ അച്ഛന് കിട്ടിയത് എന്ന് തോന്നും. അപ്പോൾ ജാതി പോകാതിരിക്കാനാണ് സംവരണം എന്ന മനഃശാസ്ത്രം. ഇന്ത്യയിലെമ്പാടും, ‘വിവാഹപരസ്യത്തിൽ ജാതിയും മതവും പറയില്ല, ഞങ്ങൾ മതേതര രാജ്യമാണ്’ എന്ന് പറയാൻ ആര് തയാറാകും. ‘ജന്മഭൂമി’ പോലും ആ നിലപാടിനെ എതിർക്കും. ‘കേസരി’ ആ പരസ്യം തുടങ്ങിയാൽ അവരും ജാതിപറച്ചിൽ തുടരും. സമൂഹത്തിന് ആദർശബോധം വരണ്ടേ, കൊടുക്കണ്ടേ?
ഞാൻ മുഴുവൻ വിവാഹപരസ്യവും നോക്കും. മലയാള മനോരമ ആദ്യം ക്രിസ്റ്റ്യൻസിന്റെ കൊടുക്കും. അതിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ ആദ്യം, പിന്നെ അവാന്തര വിഭാഗത്തിന്റെ. ഹിന്ദുക്കളുടെ കൊടുക്കുമ്പോൾ നമ്പൂതിരി, നായർ, ഈഴവ, വിശ്വകർമ- അതിൽ തട്ടാൻ, കൊല്ലൻ എന്നെല്ലാം. വിവാഹമോചനം നേടിയവരാണെങ്കിൽ മതവും ജാതിയും ഒരു വിലക്കുമില്ല എന്നെഴുതും. അവർക്ക് പെണ്ണ് അല്ലെങ്കിൽ ആണ് കിട്ടിയാൽ മതി. മുസ്ലിമിന്റെയായാൽ ദത്തുമാവാം എന്ന് എഴുതും. എന്താണതെന്നോ. വിവാഹ മോചിതരാണെങ്കിൽ ചിലപ്പോൾ സ്ത്രീയ്‌ക്ക് കുട്ടിയുണ്ടാകാം. അപ്പോൾ കുട്ടിയേയും സംരക്ഷിക്കാമെന്നാണതിനർത്ഥം. നമ്പൂതിരിമാരുടെ പരസ്യത്തിൽ, ‘ശുദ്ധജാതകം’ എന്ന പ്രശ്നമുണ്ട്. അവരുടെ പരസ്യത്തിൽ ‘ശാന്തിക്കാരനുമാകാം’ എന്ന് കാണും. ഞാനതെക്കുറിച്ച് ഏറെ അന്വേഷിച്ചു. അതായത്, വിദ്യാസമ്പന്നരായ പെൺകുട്ടികൾക്ക് ശാന്തിക്കാരൻ വേണ്ട. ശാന്തിക്കാരനാണ് ഭർത്താവെങ്കിൽ ഭാര്യയ്‌ക്ക് ഒന്നിനും ഒപ്പം കിട്ടില്ല. ദാമ്പത്യജീവിതം ശരിയായി പോകില്ല.
ഇതൊരു സാമൂഹ്യപ്രശ്നമാണ്. നിവൃത്തിയില്ലാതെ വരുമ്പോൾ ശാന്തിക്കാരനുമാവാം, ദത്താവാം, ജാതിയും മതവും വേണ്ട. മറ്റ് സംസ്ഥാനങ്ങളിൽ പോയാലും സാമൂഹ്യക്രമം മനസിലാക്കാൻ ഞാൻ അത് ഭാഷകളിൽ ഈ കല്യാണ പരസ്യം നോക്കും.
താഴ്ന്ന ജാതിക്കാരന്റെ മകൾ ഉയർന്ന ജാതിക്കാരന്റെ മകനെ വിവാഹം കഴിച്ചാൽ വലിയൊരു കാര്യമായി പറയും. മറിച്ചാണെങ്കിൽ രഹസ്യമായി വയ്‌ക്കും. അങ്ങനെ നോക്കുമ്പോൾ ജാതിരഹിത സമൂഹം നമ്മുടെ ചക്രവാളത്തിൽ കാണുന്നില്ല. മരണത്തിലും ഇതാണ്. ശവം സംസ്‌കരിക്കാൻ സമ്മതിക്കുന്നില്ല. യേശുക്രിസ്തു, ബൈബിൾ വിശ്വാസം ഒക്കെ ഒന്നാണ്. പക്ഷേ, ശവം സംസ്‌കരിക്കാൻ സമ്മതിക്കുന്നില്ല.
ചുമതലകളിൽ
1951-ൽ പറവൂരിൽ പ്രചാരകായി.
52-ൽ ആലുവ. പക്ഷേ, കേന്ദ്രം മാത്രമായിരുന്നു അവിടെ.
53-ൽ തൃശൂരിൽ ആയി. അപ്പോഴും പറവൂരിലും ആലുവയിലും പോകണം.
55-ൽ പാലക്കാട് കേന്ദ്രമാക്കി. അപ്പോഴാണ് കേരളത്തിൽ ജില്ലയുണ്ടായത്. അങ്ങനെ ജില്ലാ പ്രചാരകായി. ഭാസ്‌കർ റാവു ജില്ലാ പ്രചാരകായി കോട്ടയത്തു പോയത്. അന്നും കേരളമല്ലായിരുന്നു. മദ്രാസായിരുന്നു പ്രാന്തം. ദത്താജി ഡിഡോൽക്കർ പ്രാന്തപ്രചാരക്. പരമേശ്വർജി കോഴിക്കോട് ജില്ല. മാധവ്ജി കൊല്ലം, തിരുവനന്തപുരം പ്രചാരക്. പിന്നീട് ജില്ലകൾ കൂടി. ഏഴുവർഷം ഞാൻ പാലക്കാട്ടായിരുന്നു.
1962-ൽ മൂന്നു നാലു ജില്ലകൾ ചേർത്ത് വിഭാഗുകൾ വന്നു. കേരളത്തെ ഉത്തര കേരളം ദക്ഷിണ കേരളം എന്ന് രണ്ടാക്കി. ഉത്തരകേരളത്തിലെ പ്രചാരക് മാധവ്ജി, ദക്ഷിണ കേരളത്തിന്റേത് ഞാൻ. വിഭാഗ് പ്രചാരക് എന്ന നിലയിൽ സെന്റർ കോട്ടയം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ. വിഭാഗ് പ്രചാരകായി 1974 വരെ. 12 വർഷം.
വിഭാഗുകളുടെ എണ്ണം കൂടി, അടിയന്തരാവസ്ഥ വരുമ്പോൾ ഞാൻ (1975 ൽ) കോഴിക്കോട് പ്രചാരക്. 1979-ൽ പ്രാന്ത ബൗദ്ധിക് പ്രമുഖ്. അതിനു മുമ്പ് മാധവ്ജി ആയിരുന്നു. എനിക്കും മാധവ്ജിക്കും അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ പ്രാന്ത ചുമതലയായി. എം.എ. സാർ കേസരി, വേണുവേട്ടൻ ബിഎംഎസ്, പരമേശ്വർജി ജനസംഘം.
മാധവ്ജി പിന്നീട് പ്രാന്തീയ സമ്പർക്കത്തിലായി. ഞാൻ ബൗദ്ധിക് പ്രമുഖായി. രണ്ടു മൂന്നു വർഷം. 1980-ൽ സഹപ്രാന്ത പ്രചാരകായി. 1983-ൽ പ്രാന്തപ്രചാരക്, 94 വരെ; 11 വർഷം. 94 വരെ ബൗദ്ധിക് പ്രമുഖുമാണ്. 1994-ൽ എന്നെ പ്രാന്ത പ്രചാരക് സ്ഥാനത്തുനിന്ന് ഒഴിവാക്കി. ആസ്ഥാനം സേതുവേട്ടനായി. ഞാൻ പ്രാന്ത പ്രചാരകയായിരിക്കുമ്പോഴും ആ സ്ഥാനത്ത് കാര്യങ്ങൾ നോക്കിയത് സേതുവേട്ടനായിരുന്നു. 1992 ഒക്കെയാകുമ്പോൾ ഞാൻ കേന്ദ്രം മുംബൈയുമാക്കി.
1990-ൽ അഖിലഭാരത സഹബൗദ്ധിക് പ്രമുഖ് ഒപ്പം പ്രാന്തപ്രചാരകും. 1991 മുതൽ 94 വരെ പ്രാന്തപ്രചാരക് ആണ്, അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും. 1995-96 വർഷം കഴിഞ്ഞപ്പോൾ അഖിലേന്ത്യാ തലത്തിലുള്ള ആളുകൾക്ക് ഓരോരോ മേഖലയുടെ ചുമതല കൊടുത്തു. മോഹൻജി ഭാഗവത് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്നുവെങ്കിലും യൂറോപ്പ്, ഇംഗ്ലണ്ട് ചുമതലയായിരുന്നു. മദൻജിക്ക് അമേരിക്കൻ ചുമതല. എനിക്ക് ഏഷ്യ, ആസ്ട്രേലിയ ഭൂഖണ്ഡ ചുമതല. ആഫ്രിക്കയും മോഹൻജിക്കായിരുന്നു. മാരാർജി മരിച്ച ദിവസം ഞാൻ മലേഷ്യയിലായിരുന്നു.
എളമക്കരയിൽ പ്രാന്തകാര്യാലയമാകുന്നത് 1975 ലാണ്. അന്നും കാര്യാലയം ടിഡി റോഡിലായിരുന്നു. ഗൃഹപ്രവേശം നടത്തി എന്നേ ഉള്ളൂ. താഴത്തേത് മാത്രമേ താമസയോഗ്യമായിരുന്നുള്ളൂ. അപ്പോഴാണ് അടിന്തരാവസ്ഥ. അതുകഴിയുംവരെ പൂട്ടിയിട്ടിരുന്നു. ടിഡി റോഡിലെ കെട്ടിടത്തിന്റെ ഉടമസ്ഥനെക്കൊണ്ട്, വാടകക്കാരായിരുന്ന ആർഎസ്എസുകാർ മാറി, അതുകൊണ്ട് കെട്ടിടം റീപൊസസ് ചെയ്യാൻ വേണ്ടി അനുമതി നൽകണമെന്ന് അധികാരികൾക്ക് അപേക്ഷ കൊടുപ്പിച്ചു. അതുകൊണ്ട് അടിയന്തരാവസ്ഥ കഴിയുംവരെ കെട്ടിടം നമ്മുടെ കൈയിലായിരുന്നു. ഞാനും സി.കെ. ശ്രീനിവാസനും (ഇപ്പോൾ കണ്ണൂർ വിഭാഗ് സഹ സംഘചാലക്) ഇടയ്‌ക്ക് അവിടെ ഉറങ്ങുമായിരുന്നു.
രാ. വേണുഗോപാൽ
വേണുവേട്ടന്റെ അമ്മയുടെ മാല, വീട്ടിലെ വീതംവയ്‌പ്പൊക്കെ നടത്തിയപ്പോൾ വേണുവേട്ടന് കൊടുത്തു. അത് പുതിയ കാര്യാലയത്തിലായിപ്പോയി. പോലീസ് സീൽ വച്ചു. പുറത്ത് കാവലും. അത് എടുക്കണമെന്ന് സ്വയംസേവകർ തീരുമാനിച്ചു. കച്ചവടക്കാരനായ മറ്റൊരു വേണു, രാത്രി പിന്നിൽ കൂടി ചെന്ന് കയറി, കാര്യാലയത്തിന് അകത്തുകടന്ന് വേണുവേട്ടന്റെ സ്യൂട്ട്കേസ് ഒക്കെ തുറന്ന്, മാലയെടുത്ത് വേണുവേട്ടന് കൊടുത്തു; പോലീസുകാർ പുറത്ത് കാവൽ കിടക്കുമ്പോൾ; അതി സാഹസികമായി. അടിയന്തരാവസ്ഥ കഴിഞ്ഞ് ബാളാ സാഹേബ് ദേവറസ് സന്ദർശിക്കുന്നു എന്നറിഞ്ഞപ്പോൾ വേഗം കെട്ടിടം പണി തീർത്തു. പ്രവർത്തനസജ്ജമാക്കിയത് 1977 മുതലാണ്.
കേരളം രൂപീകരിച്ചശേഷം ആദ്യ ഒ ടി സി കാലടിയിലായിരുന്നു, 1965-ൽ. കേരളപ്രാന്തം 1964-ൽ പ്രഖ്യാപിച്ചു. അന്ന് ഭാസ്‌കർ റാവുവാണ് പ്രാന്തപ്രചാരക്. രണ്ട് സംസ്ഥാനങ്ങളുടെയും ഒ ടി സി 1964 മേയ് മാസം കോയമ്പത്തൂരിൽ നടക്കുകയായിരുന്നു. ജവഹർലാൽ നെഹ്റു മരിച്ചത് ആ വർഷമാണ്. ആദ്യ കേരള ഒ ടി സിയിൽ 167 അല്ലെങ്കിൽ 168 പേരായിരുന്നു. പി.പി. മുകുന്ദൻ ആദ്യ ബാച്ചിലാണ്. റൂട്ട് മാർച്ചിൽ മുകുന്ദനാണ് ധ്വജം വഹിച്ചിരുന്നത്. എം.പി. ബാലൻ, എം. ഗോപിനാഥൻ ഒക്കെ ഉണ്ടാക്കിയിരുന്നു.
അഞ്ച് സർ സംഘചാലകന്മാർക്കൊപ്പം- ഗുരുജി, ബാലാഹേബ് ദേവറസ്ജി, രജ്ജുഭയ്യാജി, സുദർശൻജി, മോഹൻജി- എന്നിവർക്കൊപ്പമുള്ള പ്രവർത്തനാനുഭവങ്ങൾ എഴുതിയാൽത്തന്നെ എത്രയുണ്ടാകും; ചെറുതല്ലല്ലോ! പ്രധാനമല്ലേ.
യോജക് വർഗ് എന്ന പേരിൽ ഒ ടി സിപോലെ ഒന്ന് സംഘത്തിൽ നടക്കുന്നുണ്ട്. ഇത് അഞ്ചാം വർഷമാണ്. ഇപ്പോൾ പ്രവർത്തനത്തിന്റെ മാനം വർധിച്ചു. 25 കൊല്ലം മുമ്പത്തെ പ്രവർത്തനമല്ല. അപ്പോൾ ഇതൊക്കെ ആസൂത്രണം ചെയ്യുന്നവർക്ക് പരിശീലനവും ദിശാബോധവും പ്രവർത്തനം പുതുക്കലും വേണം. ഇവർ യോജകരാണ്, പ്ലാനേഴ്സ്. മുഴുവൻ ഭാരതത്തിലേയും ക്ഷേത്രീയ-പ്രാന്തീയ പ്രവർത്തകർക്കും പരിശീലനം കൊടുക്കണം എന്ന് തീരുമാനിച്ച് നടത്തുന്നതാണ് യോജക് പ്രവർത്തനം. നാലുവർഷംകൊണ്ട് മുഴുവൻ പേർക്കും; പ്രാന്തീയ പ്രവർത്തകർ ആയിരം, മറ്റുള്ളവർ 200. അങ്ങനെ ഒരു ടീമിൽ 300 പേർ വീതം ഒരുവർഷത്തെ ക്ലാസിൽ. ആ യോജക് വർഗിൽ അഞ്ച് ദിവസം സംസാരിക്കണം. 2015-ൽ ഈ സംവിധാനം തുടങ്ങി. ഇത് നാലാമതത്തേത്. (അഭിമുഖം തയാറാക്കിയത് 2019 ൽ) ആദ്യത്തേതിലും നാലാമത്തേതിലും അഞ്ച് വിഷയങ്ങളിൽ സംസാരിക്കാൻ എന്നെ ഏൽപ്പിച്ചു. ‘പഥിക്, പാഥേയ്’ എന്ന പേരിൽ സംഘം അത് ഹിന്ദിയിൽ പുസ്തകമാക്കി. അതിന് അവതാരിക എഴുതിയിരിക്കുന്നത് പൂജനീയ മോഹൻജി തന്നെയാണ്. മറ്റ് എല്ലാ ഭാഷകളിലും അത് വിവർത്തനം ചെയ്തു. ജ്ഞാനം, സ്ഥിരമനസ്, കർത്തവ്യബോധം, സ്നേഹം, ഭക്തി, കർമം, സമർപ്പണം എന്നിങ്ങനെയായിരുന്നു പത്ത്വിഷയങ്ങൾ. അതാണെന്റെ ഏറ്റവും പുതിയ പുസ്തകം.
നമ്മുടെ നല്ല ഒരു പ്രവർത്തകൻ എല്ലാം അറിഞ്ഞിരിക്കണം. ഭരണഘടന, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങൾ അറിയണം. സ്വയംസേവകരായിരിക്കാം, ചിലർ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ, തൊഴിലാളി സംഘടനാ പ്രവർത്തനത്തിൽക്കൂടിയൊക്കെ വന്നവരുമാകാം. നേരിട്ട് സംഘപ്രവർത്തനത്തിലൂടെ അല്ലാതെ വരുന്നവർ ചില അവസരത്തിൽ പെട്ടെന്ന് ‘കേടായി’പ്പോകാൻ സാഹചര്യങ്ങളുണ്ട്. കൃത്രിമങ്ങൾക്കും അഴിമതിക്കും ഒക്കെ ഇരയായേക്കാം. ബങ്കാരു ലക്ഷ്മണനെപ്പോലെയുള്ളവർ നാണക്കേടല്ലേ സംഘടനയ്‌ക്ക്. ഇത്തരത്തിൽ രാഷ്‌ട്രീയ അപചയം ഉണ്ടാകില്ലെന്ന് പറയാനാവില്ലല്ലോ. കർണാടകത്തിൽ പാർട്ടി വിട്ടുവന്നവരെ അയോഗ്യരാക്കിയതിനാൽ പ്രശ്നമല്ല. അല്ലെങ്കിൽ, പാർട്ടി മാറിയ അവർ ബിജെപിയിൽ വരികയായിരുന്നെങ്കിൽ സ്ഥാനം കൊടുക്കേണ്ടിവരില്ലായിരുന്നോ.
ആർഎസ്എസ് കാര്യാലയത്തിലിരുന്ന് അതു പാടില്ല, ഇതു വേണ്ട എന്നൊക്കെ പറയാം. പക്ഷേ, രാഷ്‌ട്രീയക്കളത്തിലിങ്ങുമ്പോഴേ അവിടത്തെ കാര്യങ്ങൾ അറിയൂ. റിസ്‌ക് എടുത്ത് ചെയ്യുന്നു എന്ന് കരുതൂ. പിന്നെ ആ വിദ്വാൻ പാർട്ടി മാറിയാലോ. അപ്പോൾ ബിജെപിയും വ്യത്യസ്തമല്ല എന്ന് വരും. ഇത് സംഭവിക്കില്ല എന്ന് പറയാനാവില്ല. സംഭവിക്കും. അപ്പോൾ ആ തരത്തിൽ സാധാരണ സ്വയംസേവകരും അധഃപതിക്കും. ആദ്യം ബിജെപിയൊക്കെ രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി ചെയ്യുന്നതിനെ ന്യായീകരിക്കേണ്ടിവരും. പയ്യെപ്പയ്യെ ചിലപ്പോൾ ചെയ്യേണ്ടിയും വരും. ഗാന്ധിയുടെ കാലം മുതൽ നെഹ്റു കാലത്തിലും കോൺഗ്രസിനും ഇത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകണം. ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു.
കൽഹണൻ ‘രാജതരംഗിണി’യിൽ ഇത് എഴുതിയിട്ടുണ്ട്. 83-ാം ശ്ലോകത്തിൽ, എഡി 1000-1011 വരെ ഭരിക്കുന്ന രാജാവിനെക്കുറിച്ച് കൽഹണൻ ഇങ്ങനെ എഴുതുന്നു: ”ചങ്ങാത്തം പ്രത്യേക ഉദ്ദേശ്യത്തോടെയാകരുത്, ശക്തി മേൽക്കോയ്‌മയ്‌ക്കാകരുത്, സ്ത്രീയുടെ മാന്യത പരദൂഷണത്തിനിടയാകാതിരിക്കണം, വർത്തമാനം എല്ലാവരേയും തൃപ്തിപ്പെടുത്തുന്നതാകണം, യുവത്വം നിശ്ചദാർഢ്യമില്ലാത്തതാകരുത്, രാജത്വം കളങ്കമല്ലാത്തതാവണം. പക്ഷേ, ഇതെല്ലാം ഇപ്പോൾ വിപരീതമായാണല്ലോ നടക്കുന്നത് എന്ന് കവി എഴുതുന്നു.” ഈ പുസ്തകത്തിന്റെ നോട്ട് തയാറാക്കിയപ്പോൾ ഞാനതിന് എഴുതിയ കമന്റ് ഇത്രമാത്രം: – ”ഈ എഴുത്ത് നമ്മുടെ കാലത്തെക്കുറിച്ചാണോ. അതോ അക്കാലത്തെ സ്ഥിതിയായിരുന്നോ, ഇന്നിനേക്കുറിച്ചുള്ള അന്നത്തെ പ്രവചനമായിരുന്നോ.”
കലണ്ടറിൽ വട്ടമിട്ട് അടയാളപ്പെടുത്തിയ ദിവസങ്ങളൊഴിച്ചാൽ ഹരിയേട്ടൻ ‘ഫ്രീ’യാണ്. സംഭാഷണം എപ്പോൾ വേണമെങ്കിലും തുടരാമെന്ന് പറഞ്ഞ് നിർത്തുമ്പോൾ തൃശർ പുറനാട്ടുകരശ്രീരാമകൃഷ്ണാശ്രമത്തിൽനിന്ന് പ്രബുദ്ധ കേരളത്തിന്റെ എഡിറ്റർകൂടിയായ നന്ദാത്മജാനന്ദ സ്വാമിയുടെ ഫോൺ വിളി. ബ്രാഹ്‌മണ്യത്തെക്കുറിച്ച് ലേഖനം വേണം. ബ്രാഹ്‌മണ്യത്തിന്റെ ക്വാളിറ്റിയെക്കുറിച്ചല്ലേ എന്ന് മറുചോദ്യം. എന്ന് വേണം, എത്ര നീളത്തിൽ എന്നെല്ലാം അന്വേഷണം. പക്ഷേ, സംഘ ഗുരുദക്ഷിണ, ശ്രാവണപൗർണമി ആഘോഷ പരിപാടികൾ ഒക്കെ ആയതിനാൽ തിരക്കാണെന്ന് സമാധാനം. സ്വാമിജിക്ക് എത്തിച്ച, ഹരിയേട്ടന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച ‘കർണൻ’ പുസ്തകം വായിച്ചോ എന്ന് അന്വേഷണം. ‘ദ്രൗപതി’യെക്കുറിച്ച് എഴുതിയത് പ്രസിദ്ധീകരണത്തിനൊരുങ്ങുന്നുവെന്നും അറിയിച്ച് ഫോൺ വച്ചു.
സംഭാഷണത്തിനൊടുവിൽ ഹരിയേട്ടൻ പറഞ്ഞതാണ് ശരി, ”നോക്കൂ നമ്മൾ ഇങ്ങനെ ഇരുന്നാൽ ഇതിനവസാനമുണ്ടാകില്ല.” ”അവസാനിക്കാതിരിക്കട്ടെ” എന്ന് വാസ്തവത്തിൽ കൊതിച്ചുപോയി.