
ഇസ്ലാമാബാദ് : ഇസ്ലാമിക രാഷ്‌ട്രമായ പാകിസ്ഥാൻ പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ലോകത്തിന് മദ്യം വിൽക്കാൻ ഒരുങ്ങുന്നു. 50 വർഷത്തിലേറെ നീണ്ട നിരോധനമാണ് നീക്കിയത് . പാകിസ്ഥാനിലെ മദ്യ കമ്പനിയായ മാരി ബ്രൂവറിക്ക് വിദേശത്തേക്ക് മദ്യം കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ചു. പാകിസ്ഥാനിൽ മദ്യം വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിലവിൽ നിരവധി നിയന്ത്രണങ്ങളുണ്ട്.
റാവൽപിണ്ടി ഫാക്ടറിയിൽ മദ്യ ഉൽപാദനം ആരംഭിച്ചുവെന്നും ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു . 1860 ൽ ബ്രിട്ടീഷ് ഇന്ത്യയിൽ സൈനികരെ സേവിക്കുന്നതിനായാണ് മുരി ബ്രൂവറി സ്ഥാപിച്ചത് . പാകിസ്ഥാൻ ഒരു പ്രത്യേക രാജ്യമായതിനുശേഷം, സുൽഫിക്കർ ഭൂട്ടോയുടെ ഭരണകാലത്ത് കർശനമായ മദ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കി. എങ്കിലും ഈ കർശനമായ നിയന്ത്രണങ്ങൾക്കിടയിലും, കമ്പനി പാകിസ്ഥാനിൽ പ്രവർത്തനം തുടരുന്നുണ്ടായിരുന്നു.
കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട ഇസ്ഫന്യാർ ഭണ്ഡാരയാണ് മാരി ബ്രൂവറിയുടെ ഉടമ. മുൻ പാകിസ്ഥാൻ എംപിയായ ഇസ്ഫന്യാർ പാഴ്‌സി സമൂഹത്തിൽ നിന്നുള്ളയാളാണ്. പാകിസ്ഥാൻ രാഷ്‌ട്രീയത്തിലും ബിസിനസിലും അദ്ദേഹത്തിന്റെ കുടുംബത്തിന് കാര്യമായ സ്വാധീനമുണ്ട്. കയറ്റുമതി അനുമതി ലഭിക്കുന്നത് കമ്പനിക്ക് വലിയ സന്തോഷമാണെന്ന് അദ്ദേഹം പറയുന്നു. “എന്റെ മുത്തച്ഛനും അച്ഛനും കയറ്റുമതി ലൈസൻസിനായി ശ്രമിച്ചു, പക്ഷേ അത് ലഭിച്ചില്ല. വർഷങ്ങളോളം ലോബിയിംഗിനും കയറ്റുമതി നിരോധനം നീക്കാനുള്ള ശ്രമങ്ങൾക്കും ശേഷം, ഇപ്പോൾ വിജയിച്ചു.” അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ആർമി ചീഫ് അസിം മുനീറിന്റെ വീടിനടുത്താണ് മാരി ബ്രൂവറി ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പുതിയ വിപണികൾ കണ്ടെത്തി ആഗോളതലത്തിൽ സ്വയം സ്ഥാപിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് ഭണ്ഡാര പറയുന്നു.പാകിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ മദ്യ കമ്പനിയാണിത്. ബിയർ, വിസ്കി, വോഡ്ക, ജ്യൂസ് എന്നിവയുൾപ്പെടെ വിവിധതരം പാനീയങ്ങൾ കമ്പനി ഉത്പാദിപ്പിക്കുന്നു.