• Wed. Nov 5th, 2025

24×7 Live News

Apdin News

രജത ജൂബിലി നിറവില്‍ കിഫ്ബി : ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Byadmin

Nov 5, 2025



തിരുവനന്തപുരം: രജത ജൂബിലി നിറവിലെത്തിയ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.. കിഫ്ബിയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിള്‍ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പദ്ധതി നിര്‍വഹണ ഏജന്‍സികള്‍, കരാറുകാര്‍, മത്സര വിജയികള്‍ തുടങ്ങിയവര്‍ക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കിഫ്ബി അഡീഷണല്‍ സി.ഇ.ഒ. മിനി ആന്റണി സ്വാഗതം ആശംസിച്ചു. സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം ‘നവകേരള ദര്‍ശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിച്ചു. കിഫ്ബി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി പുരുഷോത്തമന്‍ നന്ദി പറഞ്ഞു.ഇതിന് മുന്നോടിയായി കനകക്കുന്ന് കൊട്ടാരത്തില്‍ സെമിനാര്‍ സെഷന്‍ ഉണ്ടായിരന്നു.

സുപ്രധാനമായ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ധനകാര്യ വകുപ്പിന് കീഴില്‍ സ്ഥാപിതമായ കേന്ദ്രീകൃത ഏജന്‍സിയാണ് കിഫ്ബി. 1999-ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമ പ്രകാരം 1999 നവംബര്‍ 11-നാണ് കിഫ്ബി നിലവില്‍ വന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കാലങ്ങളായി നിലനിന്നിരുന്ന വിടവ് നികത്തുക, സാമ്പത്തിക മേഖലയില്‍ നിലനിന്നിരുന്ന മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി 2016 ലെ നിയമ ഭേദഗതിയിലൂടെ കിഫ്ബിയെ കൂടുതല്‍ ശാക്തീകരിച്ചു. സംസ്ഥാനത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, വ്യവസായം, ഗതാഗതം തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും കൈയ്യൊപ്പു ചാര്‍ത്തുവാന്‍ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്.

ഭാവി വരുമാനത്തെ സുരക്ഷിതമാക്കിക്കൊണ്ട്, ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം കാത്തു നില്‍ക്കാതെ ആവശ്യമായ പശ്ചാത്തല സൗകര്യം ഉടന്‍ തന്നെ സൃഷ്ടിക്കുക എന്ന തത്ത്വമാണ് കിഫ്ബിയിലൂടെ നടപ്പിലാക്കി വരുന്നത്. സംസ്ഥാന വരുമാനത്തിന്റെ ചെറിയൊരു പങ്ക് വര്‍ഷം തോറും കിഫ്ബിക്ക് സര്‍ക്കാര്‍ വിഹിതമായി ലഭ്യമാക്കിക്കൊണ്ടും, അതോടൊപ്പം റിസര്‍വ്വ് ബാങ്കും സെബിയും അംഗീകരിച്ച നൂതന ധനസമാഹരണ മാര്‍ഗ്ഗങ്ങളിലൂടെ കിഫ്ബി നടത്തുന്ന തനതായ വിഭവസമാഹരണത്തിലൂടെയുമാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്.

By admin