• Wed. Sep 3rd, 2025

24×7 Live News

Apdin News

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ വിവാദം: ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാട് മാറ്റി

Byadmin

Sep 2, 2025



തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാര്‍ ഡോ. കെ. എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മുന്‍ നിലപാട് മാറ്റി യാഥാര്‍ത്ഥ്യം അംഗീകരിച്ചതായി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി. ജി. നായരും പി. എസ്. ഗോപകുമാറും അറിയിച്ചു.

അടിയന്തിരാവസ്ഥയുടെ 50-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 25-ന് സെനറ്റ് ഹാളില്‍ നടന്ന ഭാരതാംബ വിവാദത്തെ തുടര്‍ന്ന് ഡോ. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ, ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പിന്തുണയോടെ രജിസ്ട്രാറുടെ പദവിയില്‍ തുടരുകയായിരുന്നു. ഇതുമൂലം കഴിഞ്ഞ രണ്ട് മാസമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡോ. മിനി ഡിജോ കാപ്പന് രജിസ്ട്രാര്‍ ചുമതല നല്‍കിക്കൊണ്ടിരുന്നെങ്കിലും പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ഭീഷണിപ്പെടുത്തി പിന്മാറ്റാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി പ്രസ്താവനയില്‍ പറയുന്നു.

ജൂലൈ 6-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന നിലപാട് എടുത്തിരുന്ന ഇടത് അംഗങ്ങള്‍, ഇന്നത്തെ യോഗത്തില്‍ പൂര്‍ണമായും നിലപാട് മാറി സസ്‌പെന്‍ഷന്‍ അംഗീകരിക്കുകയും രജിസ്ട്രാര്‍ ചുമതല ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിന് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ആയ ഡോ. മിനി ഡിജോ കാപ്പന്റെ രാജി അപേക്ഷ (ജൂലൈ 19 മുതല്‍ പ്രാബല്യത്തില്‍) അംഗീകരിക്കുമെന്നും, സെപ്റ്റംബര്‍ 2 ഉച്ചയ്‌ക്ക് ശേഷം ചുമതല ഒഴിയാന്‍ അനുവദിക്കുമെന്നും അറിയിച്ചു. തുടര്‍ന്ന് കാര്യവട്ടം ക്യാമ്പസിലെ ജോയിന്റ് രജിസ്ട്രാര്‍ക്ക് രജിസ്ട്രാറുടെ ചുമതല ഏല്‍പ്പിക്കാനാണ് തീരുമാനം.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു: ”മുന്‍ രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ സസ്‌പെന്‍ഷനെ ചൊല്ലിയുണ്ടായ അനാവശ്യ പിടിവാശി മൂലം ബുദ്ധിമുട്ട് നേരിട്ട അക്കാദമിക് സമൂഹത്തോട് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മാപ്പ് പറയേണ്ടതാണ്.

 

By admin