
പാറ്റ്ന: ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. ഉച്ച വരെ 47 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 112 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത്. 3 കോടി 70 ലക്ഷത്തിലധികം വോട്ടർമാർ 15 മന്ത്രിമാർ അടക്കം 1302 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന 7 മണ്ഡലങ്ങൾ ഒഴികെ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. സുഗമമായ പോളിംഗ് നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാറിൽ മുന്നണികൾക്ക് പ്രതീക്ഷ നൽകുന്ന തരത്തിലാണ് പോളിങ് കണക്കുകൾ. ആദ്യ മണിക്കൂറുകളിൽ ആദ്യമണിക്കൂറുകളിൽ മികച്ച പോളിങാണ് റിപ്പോട്ട് ചെയ്തിരിക്കുന്നത്. ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഒൻപത് മണി വരെ 14 .55 % പോളിങ് രേഖപ്പെടുത്തി.
ബീഹാറിലെ വോട്ടർമാർ പൂർണ്ണ ആവേശത്തോടെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്ന സംസ്ഥാനത്തെ എല്ലാ യുവ വോട്ടർമാരോടും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിച്ചു. ആദ്യ ഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 6 ന് നടന്നിരുന്നു. വോട്ടെണ്ണൽ ഈ മാസം 14 ന് നടക്കും.
ജമ്മു കശ്മീരിലെ ബുഡ്ഗാം, നഗ്രോട്ട, രാജസ്ഥാനിലെ ആന്റ, ജാർഖണ്ഡിലെ ഘട്ശില, തെലങ്കാനയിലെ ജൂബിലി ഹിൽസ്, പഞ്ചാബിലെ തരൺ തരൺ, മിസോറാമിലെ ഡാമ്പ, ഒഡീഷയിലെ നുവാപദ എന്നീ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പും പുരോഗമിക്കുകയാണ്.