• Fri. Dec 12th, 2025

24×7 Live News

Apdin News

രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിരാശ

Byadmin

Dec 12, 2025



ചണ്ഡിഗഡ്: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 51 റണ്‍സ് തോല്‍വി. ഇതോടെ അഞ്ച് മത്സര പരമ്പര 1-1 എന്ന നിലയിലായി. 214 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 19.1 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്തായി.

62 റണ്‍സ് നേടിയ തിലക് വര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പോരാടിയത്.വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ 17 പന്തില്‍ 27 റണ്‍സ് നേടി രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറര്‍ ആയി.

ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. നായകന്‍ സൂര്യകുമാര്‍ യാദവ് അഞ്ച് റണ്‍സിനും ഓപ്പണര്‍ അഭിഷേക് ശര്‍മ 17 റണ്‍സിനും പുറത്തായി. ഹര്‍ദിക് പാണ്ഡ്യ 20 റണ്‍സും അക്ഷര്‍ പട്ടേല്‍ 21 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയ്‌ക്കായി ഒറ്റ്നല്‍ ബാര്‍ട്മാന്‍ നാല് വിക്കറ്റ് വീഴ്‌ത്തി. ലുങ്കി എന്‍ഗിഡി, ലുതോ സിപാംബ്ല, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക്46 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും ഉള്‍പ്പടെ 90 റണ്‍സ് നേടി. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ഡി കോക്കിനാണ്.
ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 12 പന്തില്‍ 20 റണ്‍സുമായും ഡൊണോവന്‍ ഫെരേര 16 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറില്‍ 49 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഇന്ത്യയ്‌ക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി.

 

By admin