തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്‌ക്ക് മറുപടിയായി 7 ചോദ്യങ്ങൾ അടങ്ങിയ കത്ത് അയച്ച് കൃഷി വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. പരാതിക്കാരില്ലാതെ ചാർജ് മെമ്മോ നൽകിയത് എന്തിനാണെന്നും സസ്പെൻഷൻ നടപടിക്ക് മുമ്പായി തന്റെ ഭാഗം എന്തുകൊണ്ട് കേട്ടില്ലെന്ന് എൻ. പ്രശാന്ത് ചോദിക്കുന്നു.
ഏഴ് ചോദ്യങ്ങൾക്കും മറുപടി ലഭിച്ചാൽ മാത്രമേ ചാർജ് മെമ്മോയ്‌ക്ക് മറുപടി നൽകൂവെന്നാണ് പ്രശാന്തിന്റെ നിലപാട്. അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ വകുപ്പ് ഡയറക്റ്റർ കെ. ഗോപാലകൃഷ്ണൻ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനു പിന്നാലെയാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിച്ചതിലൂടെ പ്രശാന്ത് ഭരണ സംവിധാനത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് സസ്പെൻഷൻ ഓർഡർ. .
പിന്നാലെ ഡിസംബർ 9ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ മെമ്മോയും ലഭിച്ചു. 30 ദിവസത്തിനുള്ളിൽ ചാർജ് മെമ്മോയ്‌ക്ക് മറുപടി നൽകണമെന്നാണ് നിയമം. എന്നാൽ മറുപടിക്കു പകരമായാണ് 7 ചോദ്യങ്ങൾ പ്രശാന്ത് അയച്ചിരിക്കുന്നത്.
പരാതിക്കാരനില്ലാതെ സ്വന്തം നിലയ്‌ക്ക് എന്തിന് മെമ്മോ നൽകി, തനിക്കെതിരേയുള്ള തെളിവുകൾ ആരാണ് കൈമാറിയിരിക്കുന്നത്, സസ്പെൻഡ് ചെയ്യുന്നതിനു മുൻപ് എന്തു കൊണ്ടാണ് തന്റെ ഭാഗം കേൾക്കാതിരുന്നത്, ഏത് ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് തനിക്കെതിരേയുള്ള തെളിവുകൾ ശേഖരിച്ചത്, ഈ അക്കൗണ്ടിന്റെ ആധികാരികത അന്വേഷിച്ചിരുന്നോ തുടങ്ങിയ 7 ചോദ്യങ്ങളാണ് കത്തിൽ ഉള്ളത്.