• Mon. Jan 5th, 2026

24×7 Live News

Apdin News

രമണമഹര്‍ഷി എന്ന സ്ഥിതഃപ്രജ്ഞന്‍; ഭഗവാന്‍ ശ്രീ രമണമഹര്‍ഷിയുടെ ജന്മതിഥി ഇന്ന്

Byadmin

Jan 4, 2026



യ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് രചിക്കപ്പെട്ട ഭഗവദ്ഗീതയില്‍ സ്ഥിതഃപ്രജ്ഞനായ ഒരു ഋഷിയുടെ ചര്യ എപ്രകാരമാണെന്ന അര്‍ജ്ജുനന്റെ ചോദ്യത്തിന് ഭഗവാന്‍ കൃഷ്ണന്‍ വിശദീകരണം കൊടുക്കുന്നുണ്ട്. എല്ലാ ചരാചരങ്ങളിലും ആത്മൈക്യഭാവന ദര്‍ശിക്കുന്നവനാണ് സ്ഥിതഃപ്രജ്ഞന്‍. അദ്വൈതതത്ത്വം സാക്ഷാല്‍ക്കരിച്ച് ജീവിതത്തില്‍ പകര്‍ത്തിയവനാണ് സ്ഥിതഃപ്രജ്ഞന്‍. ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും നിന്ദാസ്തുതികളിലും ഇളക്കമില്ലാതെ സ്വന്തം ആത്മാവില്‍ത്തന്നെ സ്ഥിരപ്രതിഷ്ഠനേടിയവനാണ് സ്ഥിതഃപ്രജ്ഞന്‍. ആരോടും ദ്വേഷമോ രാഗമോ സ്ഥിതഃപ്രജ്ഞനില്ല. പണ്ഡിതനോടും പാമരനോടും ധനികനോടും ദരിദ്രനോടും ഒരു ഭേദചിന്തയുമില്ലാതെ പെരുമാറുന്നവനാണ് സ്ഥിതഃപ്രജ്ഞന്‍. പക്ഷിമൃഗാദികളിലും ആത്മചൈതന്യത്തെ ദര്‍ശിച്ച് സമഭാവനയോടെ മൈത്രിയും കരുണയും സ്ഥിതഃപ്രജ്ഞന്‍ സദാ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഒന്നിനോടും പ്രത്യേക പ്രതിപത്തിയില്ലാതെ യദ്യച്ഛാലാഭസന്തുഷ്ടനായി അദ്ദേഹം വര്‍ത്തിക്കുന്നു. എളിമയുടെ പ്രതീകമായി സാധാരണക്കാരില്‍ സാധാരണനായി ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുമ്പോഴും തന്റെ ആത്മനിഷ്ഠകൈവിടാതെ വര്‍ത്തിക്കാന്‍ സ്ഥിതഃപ്രജ്ഞനുകഴിയും.

ഇത്തരത്തിലുള്ളൊരു സ്ഥിതഃപ്രജ്ഞനെ ആധുനിക യുഗത്തില്‍ കാണാന്‍ കഴിയുമോ?
ഭഗവദ്ഗീതയില്‍ പരാമര്‍ശിക്കുന്ന സ്ഥിതഃപ്രജ്ഞനെക്കുറിച്ച് മദിരാശി സര്‍വ്വകലാശാലയിലെ ഫിലോസഫി പ്രൊഫസറായിരുന്ന ടി.എം.പി. മഹാദേവന്‍ ഇംഗ്ലണ്ടിലെ ജിജ്ഞാസുക്കള്‍ക്ക് ക്ലാസെടുത്തുകൊണ്ടിരുന്നപ്പോള്‍ ചോദിച്ചതാണ് ഈ ചോദ്യം. ‘തെക്കെ ഇന്ത്യയിലെ തിരുവണ്ണാമലയില്‍ ചെന്നാല്‍ മജ്ജയും മാംസവുമൊക്കെയുള്ള ജീവനോടുകൂടിയ ഒരു സ്ഥിതഃപ്രജ്ഞനെ നിങ്ങള്‍ക്ക് നേരില്‍ കാണാം,’ ഇതാണ് അദ്ദേഹം അവര്‍ക്കു കൊടുത്ത മറുപടി. അന്ന് അദ്ദേഹം പരാമര്‍ശിച്ചത് രമണമഹര്‍ഷിയെ ആയിരുന്നു. രമണമഹര്‍ഷിയെ നേരില്‍ കണ്ട ശ്രീനാരായണഗുരു സ്ഥിതഃപ്രജ്ഞനായ മഹര്‍ഷിയുടെ ചര്യകളെക്കുറിച്ച് ‘നിര്‍വൃതി പഞ്ചകം’ എന്നും ‘മുനിചര്യാ പഞ്ചകം’ എന്നും രണ്ടു കൃതികള്‍ രചിച്ചിട്ടുണ്ട്.

1879 ഡിസംബര്‍ 30-ാം തീയതി മധുരയ്‌ക്കടുത്തുള്ള തിരുച്ചൂഴി എന്ന ശാന്തസുന്ദരമായ ഗ്രാമത്തില്‍ സുന്ദരഅയ്യരുടെയും അഴകമ്മാളുടെയും പുത്രനായാണ് മഹര്‍ഷി ജനിച്ചത്. വെങ്കടരാമന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ നാമധേയം. എടുത്തുപറയത്തക്ക വൈശിഷ്ട്യമൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബം. വെങ്കടരാമനും ബാല്യത്തില്‍ അദ്ധ്യാത്മികമായ പ്രത്യേകതകള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു ശരാശരി വിദ്യാര്‍ത്ഥി. നീന്തല്‍, ഗുസ്തി തുടങ്ങിയ വിനോദങ്ങളോടായിരുന്നു കുട്ടിക്കാലത്ത് കൂടുതല്‍ താല്പര്യം. ആ കുട്ടിക്കുണ്ടായ ഒരു അസാധാരണത്വം ഗാഢമായ നിദ്രയാണ്. ആര് വന്ന് കുലുക്കി വിളിച്ചാലും അറിയാത്ത ഉറക്കം.

ഒരു ദിവസം വീട്ടിലേക്കുവന്ന ഒരു ബന്ധുവിനോട് അങ്ങ് എവിടെ നിന്നു വരുന്നു? എന്ന് വെങ്കടരാമന്‍ ആരാഞ്ഞപ്പോള്‍ ‘അരുണാചല’ത്തില്‍ നിന്നെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘അരുണാചലം’ എന്ന വാക്ക് ഒരു വൈദ്യുതിതരംഗം പോലെ ആ ബാലനില്‍ അനിര്‍വ്വചനീയമായ ഒരു അനുഭൂതിയെ ഉണര്‍ത്തി. അതിനുശേഷം വെങ്കടരാമന്‍ തമിഴകത്തെ ജ്ഞാനികളും സിദ്ധന്മാരുമായ അറുപത്തിമൂന്ന് നായനാന്മാരുടെ ചരിത്രത്തെ പ്രതിപാദിക്കുന്ന പെരിയപുരാണം വായിക്കാനിടയായി. അവരെപ്പോലെ തനിക്കും ആകണം എന്ന അഭിവാഞ്ഛ അതോടെ ആ ബാലനുണ്ടായി.

പിതാവിന്റെ മരണശേഷം മധുരയിലുള്ള ഇളയച്ഛന്റെ ഗൃഹത്തില്‍ താമസിച്ച് അവിടത്തെ അമേരിക്കന്‍ സ്‌കൂളിലായിരുന്നു വെങ്കടരാമന്റെ തുടര്‍ വിദ്യാഭ്യാസം.

ഒരു ദിവസം വീട്ടില്‍ വെങ്കടരാമന്‍ ഒറ്റയ്‌ക്കായിരുന്നു. ഒരു സുഖമോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്ത അരോഗദൃഢഗാത്രനായ ആ കുട്ടിയ്‌ക്ക് പെട്ടെന്നൊരു മരണഭയമുണ്ടായി. താന്‍ മരിക്കാന്‍ പോവുകയാണെന്ന തോന്നല്‍ ഉത്കടമായി. കരയാനോ ബഹളം വയ്‌ക്കാനോ മിനക്കെടാതെ മരണമെന്താണെന്ന് നേരിട്ടറിയാനാണ് കുട്ടി ശ്രമിച്ചത്. മരണത്തിന്റെ എല്ലാ ലക്ഷണങ്ങളും തന്നില്‍ വരുന്നതായി കുട്ടി അറിയുന്നുണ്ടായിരുന്നു. ശരീരം മരിച്ചാലും മരണമില്ലാത്ത ഒരു ബോധം തന്നിലുണ്ടെന്ന് കുട്ടിക്ക് അനുഭവവേദ്യമായി. ഇരുപതുമിനിറ്റോളം ആ ശരീരം നിശ്ചേതനമായി കിടന്നതിനുശേഷം പ്രാ
ണശക്തിയുടെ സ്പന്ദനം വീണ്ടും ആ ശരീരത്തിലുണ്ടായി. വെങ്കടരാമന്‍ പൂര്‍വ്വസ്ഥിതിലായി. ശരീരത്തിനപ്പുറത്തുള്ള മരണമില്ലാത്ത ആത്മാവാണ് താന്‍ എന്ന് കേവലം പതിനേഴു വയസുള്ള ആ ബാലന്‍ തിരിച്ചറിഞ്ഞു. ഈ അനുഭൂതിക്കുശേഷം വെങ്കടരാമന്‍ പഠിത്തത്തിലും കളികളിലും ഭക്ഷണത്തിലും താല്പര്യമില്ലാതെയായി.

മിക്കപ്പോഴും ധ്യാനത്തില്‍ മുഴുകിയിരിക്കാന്‍ വെങ്കടരാമന്‍ താല്പര്യപ്പെട്ടു. മരണാനുഭവം വെങ്കടരാമന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. ഇത് ബ്രഹ്‌മാനുഭൂതിയാണെന്ന തിരിച്ചറിവൊന്നും ആ യുവാവിനുണ്ടായില്ല. ഗുരു ഉപദേശമോ ശാസ്ത്രപഠനമോ ഒന്നുമില്ലാതെയാണ് പൊടുന്നനെ ശരീരമനസ്സുകള്‍ക്കപ്പുറത്തുള്ള നാശമില്ലാത്ത അന്തരാത്മാവാണ് യഥാര്‍ത്ഥ ഞാന്‍ എന്ന് ആ യുവാവിന് അനുഭവവേദ്യമായി.

അങ്ങനെ തന്റെ ആസ്ഥാനം തിരുവണ്ണാമലയാണെന്ന് മനസ്സിലാക്കിയ വെങ്കടരാമന്‍ ട്രെയിന്‍ മാര്‍ഗം അവിടെയെത്തി. കൈയിലുണ്ടായിരുന്ന ഏതാനും നാണയത്തുട്ടുകളും പൂണൂലും കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അരുണാചലേശ്വരന്റെ സവിധത്തിലെത്തി. തല മുണ്ഡനം ചെയ്ത് കൗപീനവസ്ത്രധാരിയായി ഏകാന്ത ധ്യാനത്തില്‍ മുഴുകി. ആദ്യം ‘പാതാളലിംഗം’ ഗുഹയിലും പിന്നീട് അരുണഗിരിയുടെ മുകളിലുള്ള ‘വിരൂപാക്ഷഗുഹ, സ്‌കന്ദാശ്രമം’ എന്നിവിടങ്ങളിലും ധ്യാനം തുടര്‍ന്നു. ഒന്നും ഉരിയാടാതിരുന്നതിനാല്‍ ഭക്തര്‍ ‘മൗനിസ്വാമി’ എന്ന് വിളിച്ചു. വീട്ടുകാര്‍ അന്വേഷിച്ചെത്തിയെങ്കിലും ആ യുവയോഗി തിരിച്ചുപോയില്ല. ഏറെക്കാലത്തിന് ശേഷമാണ് മൗനം ഭഞ്ജിച്ച് ഈ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തുതുടങ്ങിയത്. അങ്ങനെ ശിവപ്രകാശപിള്ളയെന്ന ഭക്തന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ‘ ഞാന്‍ ആര്?’ എന്ന പുസ്തകമായി പിന്നീട് പ്രസിദ്ധീകൃതമായത്. പാലക്കാട്ടുകാരനായ പളനിസ്വാമി അദ്ദേഹത്തെ സേവിക്കാനായെത്തി ഒരുമിച്ച് താമസം തുടങ്ങി. കൈവല്യ നവനീതം, യോഗവാസിഷ്ഠം എന്നീ കൃതികളില്‍ പറയുന്ന അവസ്ഥ തന്റേതാണെന്ന് മനസ്സിലായി. എഴുത്തച്ഛന്റെ രാമായണം പളനിസ്വാമിയിലൂടെ മനസിലാക്കി. പില്‍ക്കാലത്ത് അമ്മയും അനുജനും പാലക്കാട്ടുകാരായ രാമകൃഷ്ണസ്വാമിയും കുഞ്ചുസ്വാമിയും അദ്ദേഹത്തിനൊപ്പമെത്തി. എല്ലാവരുടെയും സംശയനിവൃത്തി വരുത്തുവാനും ശാന്തി അനുഭവിക്കുവാനും ആ സന്നിധിയിലൂടെ സാധ്യമായി. പക്ഷിമൃഗാദികളും ഒരു വ്യത്യാസമില്ലാതെ യുവയോഗിയോടൊപ്പം കഴിഞ്ഞു. അതിനു തെളിവാണ് ലക്ഷ്മി എന്ന പശുവിന്റെയും വള്ളിയെന്ന മാനിന്റെയും സമാധികള്‍. രമണാശ്രമം സന്ദര്‍ശിക്കുന്നവര്‍ക്കിത് കാണാം.

ഇക്കാലത്താണ് സര്‍വ്വശാസ്ത്രപാരംഗതനായ കാവ്യകണ്ഠഗണപതി സംശയങ്ങളുമായി ഇദ്ദേഹത്തിന്റെ സവിധത്തിലെത്തിയത്. അങ്ങനെ അദ്ദേഹമാണ് വെങ്കടരാമനെ ‘ഭഗവാന്‍ ശ്രീ രമണമഹര്‍ഷി’യെന്ന് വിളംബരം ചെയ്തത്.

അമ്മയുടെ മരണാനന്തരം സമാധിക്കരികില്‍ താമസം ആരംഭിച്ചപ്പോള്‍ ഭക്തന്മാര്‍ കെട്ടിയ ചെറിയ പര്‍ണശാലയാണ് ഇന്നത്തെ രമണാശ്രമമായി മാറിയത്.

ശ്രീനാരായണ ഗുരു, സ്വാമി തപോവനം, പരമഹംസയോഗാനന്ദ, കാഞ്ചി ശങ്കരാചാര്യന്‍. സ്വാമി ചിന്മയാനന്ദ തുടങ്ങിയ മഹത്തുക്കളും രമണാശ്രത്തിലെത്തിയിട്ടുണ്ട്. കൂടാതെ നിരവധി പാശ്ചാത്യരും. ഇവരിലൂടെയാണ് വിദേശികള്‍ മഹര്‍ഷിയെക്കുറിച്ച് അറിഞ്ഞത്.

അവസാനകാലത്ത് അദ്ദേഹം രക്താര്‍ബുദത്താല്‍ പീഡിതനായപ്പോഴും ആത്മസംസ്ഥിതിയില്‍ നിന്ന് അണുപോലും വ്യതിചലിച്ചില്ല. ‘ശരീരം തന്നെ ഒരു രോഗമാണ്. അതിനെന്തിനാണ് ചികിത്സ’ എന്നായിരുന്നു ഡോക്ടര്‍മാരോട് ചോദിച്ചത്. ശരീരത്തിന്റെ രോഗപീഡ തന്നെ ബാധിക്കാതിരിക്കാന്‍ ആത്മനിഷ്ഠനായ ആസ്ഥിതഃപ്രജ്ഞന് കഴിഞ്ഞിരുന്നു.

1950 ഏപ്രില്‍ 14നാണ് മഹര്‍ഷി ശരീരം വെടിഞ്ഞത്. അമ്പതിലധികം കൊല്ലം തിരുവണ്ണാമലയില്‍ നിന്നും മറ്റൊരിടത്തേക്കും പോകാതെ സ്ഥിതഃപ്രജ്ഞനായി സഹജനിര്‍വികല്പ സമാധിയില്‍ അദ്ദേഹം വര്‍ത്തിച്ചു.

അക്ഷരമണമാല, നവമണിമാല, അരുണാചലപഞ്ചരത്നം, അരുണാചലപതികം, ഉപദേശസാരം, ഗീതാസാരം, രമണഗീത, സദ്ദര്‍ശനം എന്നീ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. മഹര്‍ഷിയുടെ ജീവചരിത്രവും ഉപദേശങ്ങളും എല്ലാ ഭാഷകളിലും ലഭ്യമാണ്.

പാലക്കാട് വിജ്ഞാനരമണീയാശ്രമം രമണസ്മാരകമായി സുരേശാനന്ദ സ്വാമിയാല്‍ 1947ലാണ് സ്ഥാപിക്കപ്പെട്ടത്.

By admin