• Sat. Oct 4th, 2025

24×7 Live News

Apdin News

രമേശ് ചെന്നിത്തല – Chandrika Daily

Byadmin

Oct 3, 2025


തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സമഗ്രാന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നത് കള്ളനെ തന്നെ അന്വേഷണം ഏല്‍പിക്കുന്ന പോലെയാണ്. ശബരിമല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിഗൂഢസംഘത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പുറത്തു കൊണ്ടു വരണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും മൗനം ആശങ്കാജനകമാണ്.

സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മാനുവലിന്റെ നഗ്‌നമായ ലംഘനമാണ് ശബരിമലയില്‍ നടന്നത്. ദേവസ്വം വക സ്വര്‍ണ്ണാഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ശബരിമലയില്‍ നിന്ന് കൊണ്ടുപോകാന്‍ പാടില്ല എന്ന് ദേവസ്വം മാനുവലില്‍ വ്യക്തമായി പറയുന്നുണ്ട് . അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍ അവിടെവെച്ച് തന്നെ ആകണം. അതിന് തന്ത്രിയുടെ അനുവാദം വേണം. ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ അനുവാദം വാങ്ങണം. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. അപ്പോള്‍ ആരുടെ നിര്‍ദേശപ്രകാരമാണ് 42 കിലോ വരുന്ന സ്വര്‍ണപ്പാളി ചെന്നൈയില്‍ അറ്റകുറ്റപ്പണികള്‍ക്ക് കൊടുത്തുവിട്ടത്. തിരിച്ചു കിട്ടിയത് 38 കിലോ മാത്രം. തിരുവാഭരണത്തിന് കമ്മിഷണറുണ്ട്. ആരുടെ നിര്‍ദേശപ്രകാരമാണ് കൊടുത്തുവിട്ടത് എന്ന് കമ്മിഷണര്‍ പറയണം. സര്‍ക്കാരിന് ഈ വിഷയത്തില്‍ സംഭവിച്ചിരിക്കുന്നത് ഗുരുതരവീഴ്ചയാണ്.

രണ്ട് ടേമിലെ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരും 2019 മുതലുള്ള മന്ത്രിമാരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും ഭരണകൂടവും ദേവസ്വം തിരുവാഭരണം കമ്മീഷണര്‍ അടക്കമുള്ള ആളുകള്‍ മറുപടി പറയേണ്ട ഗുരുതരമായ ഒരു കേസാണ് ഇത്. ഭക്തജനങ്ങള്‍ ആകെ ആശങ്കയിലാണ്. കോടാനുകോടി ഭക്തജനങ്ങളാണ് ശബരിമലയില്‍ വരുന്നത്. ആ ഭക്തജനങ്ങള്‍ അവിടെ അര്‍പ്പിക്കുന്ന കാണിക്കയാണെങ്കിലും സ്വര്‍ണ്ണാഭരണങ്ങളാണെങ്കിലും മറ്റ് സ്ഥാപന ജംഗമ വസ്തുക്കളാണെങ്കിലും അതിനൊന്നും യാതൊരു സുരക്ഷിതത്വമില്ല എന്ന് പറഞ്ഞാല്‍ എന്താണ് അവസ്ഥ? എന്തുകൊണ്ട് മുഖ്യമന്ത്രി ഇത്രയും ദിവസമായി ഈ കാര്യത്തില്‍ പ്രതികരിക്കുന്നില്ല? ദേവസ്വം ബോര്‍ഡ് മന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?

ദേവസ്വം വിജിലന്‍സ് അല്ല ആ കേസ് അന്വേഷിക്കേണ്ടത്. ഇത് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സമഗ്ര അന്വേഷണം ഈ ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ടാകണം. ആരാണ് ഈ ഉണ്ണികൃഷ്ണന്‍പോറ്റി. ഈ പോറ്റി ആരുടെ ബിനാമിയാണ്? എന്തെല്ലാമാണ് ആ നിഗൂഢസംഘം ചെയ്തത്?

പ്രശസ്ത സിനിമാതാരം ജയറാമിനെ കബളിപ്പിച്ചു അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി അവിടെ പൂജ നടത്തിയെന്നു വാര്‍ത്ത വരുന്നു. ഇതിന്റെ പിന്നില്‍ കോടാനുകോടി രൂപയുടെ തട്ടിപ്പുണ്ട്. കോടാനുകോടി ഭക്തജനങ്ങള്‍ വരുന്ന കലിയുഗവരതനായ അയ്യപ്പസന്നിധിയില്‍ ഇത്രയും വെട്ടിപ്പ് നടത്തിയിട്ട് രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അറിഞ്ഞില്ല എന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണ്? ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് അന്വേഷണം കൊണ്ട് ഇതൊന്നും പുറത്തുവരാന്‍ പോകുന്നില്ല.

നമ്മളെല്ലാവരും നേരത്തേ കേട്ടത് വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണ്ണവും പൂശിയതാണ് എന്നാണ്. ഇപ്പോള്‍ പറയുന്നു മല്യ പൂശിയത് ചെമ്പാണെന്ന്. അവിടെ ഭക്തജനങ്ങള്‍ എന്തെല്ലാം തരത്തിലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ കൊടുക്കുന്നുണ്ട്. അതൊക്കെ അവിടെ ഉണ്ടോ? എല്ലാം അടിച്ചുമാറ്റുകയാണോ.. ആര് മറുപടി പറയും? ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് ഇപ്പോള്‍ ഗവണ്‍മെന്റിന്റെയും ബോര്‍ഡിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

ഇന്ന് ഇന്ത്യയില്‍ ഒട്ടാകെ അയ്യപ്പ ഭക്തരായവരെ കബളിപ്പിക്കാന്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് മനസിലാകുന്നത്. സമഗ്രാന്വേഷണം വേണം. ഹൈക്കോടതി ബെഞ്ച് ഇതിന് മേല്‍നോട്ടം വഹിക്കണം. ഭക്തജനങ്ങളെ കബളിപ്പിക്കല്‍ അംഗീകരിക്കാന്‍ സാധ്യമല്ല. ഇതിനെതിരായ ശക്തമായ മുന്നേറ്റം ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും – ചെന്നിത്തല പറഞ്ഞു.



By admin