
തെലുങ്ക് സൂപ്പർതാരം രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. രവി തേജയുടെ 77-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന് നൽകിയിരിക്കുന്നത് “ഇരുമുടി” എന്ന ശക്തമായ പേരാണ്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. രവി തേജയുടെ ജന്മദിനത്തോടനുബന്ധിച്ച് ആണ് ഇന്ന് ചിത്രത്തിന്റെ പേരും അതിന്റെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്.
ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചിരുന്ന രീതിയിലാണ് ചിത്രത്തിന് “ഇരുമുടി” എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ഒരു ഭക്തന്റെ വിശുദ്ധമായ വഴിപാടിനെയും അയ്യപ്പ സ്വാമിയോടുള്ള സമർപ്പണത്തെയും പ്രതീകപ്പെടുത്തുന്ന രീതിയിലാണ് ഈ പേര് ചിത്രത്തിന് നൽകിയിരിക്കുന്നത്. പരമ്പരാഗത അയ്യപ്പന്മാരുടെ വസ്ത്രം ധരിച്ച, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിക്കുന്നത്. ഭക്തരും സമ്പന്നമായ സാംസ്കാരിക വിശദാംശങ്ങളും നിറഞ്ഞ ഒരു ഘോഷയാത്രയിൽ ആവേശഭരിതനായ മാനസികാവസ്ഥയിൽ കാണപ്പെടുന്ന തരത്തിലാണ് രവി തേജയെ പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്.
ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നു എന്നും, അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നു എന്നും രവി തേജ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെ എന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കൊപ്പം ‘ഇരുമുടി’ എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്തിയുടെ ആഴം, വൈകാരിക ഭാരം, മാസ്സ് അപ്പീൽ എന്നിവ തുല്യ അളവിൽ സംയോജിപ്പിക്കുന്ന ശക്തമായ ഒരു തിരക്കഥ സംവിധായകൻ ശിവ നിർവാണ ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നു. മുമ്പ് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രത്തെ രവി തേജയ്‌ക്ക് വാഗ്ദാനം ചെയ്യുന്ന ചിത്രം, ശക്തമായ അച്ഛൻ-മകൾ ബന്ധം കാതൽ ആക്കിയാണ് ഒരുക്കുന്നത്. ഇത്തരത്തിലുള്ള വേഷം ആദ്യമായി അവതരിപ്പിക്കുന്നതിനു പുറമെ, ഇതിലൂടെ ഒരു വലിയ മാറ്റത്തിനും കൂടി വിധേയനാവുകയാണ് രവി തേജ എന്ന നടനും താരവും.
പ്രിയാ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ശിവ നിർവാണ, നിർമ്മാതാക്കൾ – നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ – മൈത്രി മൂവി മേക്കേഴ്സ്, സംഗീതം – ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം – വിഷ്ണു ശർമ്മ, പ്രൊഡക്ഷൻ ഡിസൈനർ – സാഹി സുരേഷ്, എഡിറ്റിംഗ് – പ്രവീൺ പുഡി, സ്ക്രിപ്റ്റ് കോ-ഓർഡിനേറ്റർ – നരേഷ് ബാബു പി, കോ-ഡയറക്ടർ – സുരേഷ്, മേക്കപ്പ് – ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം – രാജേഷ്, പോസ്റ്റർ ഡിസൈനർ – യെല്ലോ ടൂത്ത്സ്,
മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ- ശബരി